09 December Monday

സംസ്ഥാനത്ത് നെല്ല‌് സംഭരണം റെക്കോഡ്‌ നേട്ടത്തിലേക്ക്

സുമേഷ‌് കെ ബാലൻUpdated: Friday Apr 19, 2019

തിരുവനന്തപുരം> പ്രളയക്കെടുതിയുണ്ടായിട്ടും സംസ്ഥാനത്തെ നെല്ല‌് സംഭരണത്തിൽ റെക്കോഡ്‌ നേട്ടം. 2017-18ൽ രണ്ടു സീസണിലായി ആകെ സംഭരിച്ചത് 4.84 ലക്ഷം ടൺ നെല്ലായിരുന്നു. 2018-2019ൽ ഇതുവരെ 5.06 ലക്ഷം ടൺ സംഭരിച്ചു. 19,850 ഹെക്ടറിൽക്കൂടി വിളവെടുപ്പ് പൂർത്തിയാകാനുണ്ട‌്. ഇതുകൂടിയാകുമ്പോൾ ഒരു ലക്ഷം ടൺ നെല്ല‌ുകൂടി സംഭരിക്കാനാകുമെന്നാണ‌് പ്രതീക്ഷ. സംസ്ഥാന സർക്കാർ നെൽക്കൃഷി പ്രോത്സാഹിപ്പിക്കാൻ സ്വീകരിച്ച നടപടികൾ ഫലം കണ്ടതിനാലണ‌് റെക്കോഡ‌് നെല്ല‌് സംഭരിക്കാനായത‌്.

കഴിഞ്ഞവർഷം ബാങ്കുകൾ വഴി തുടങ്ങിയ പിആർഎസ് വായ‌്പാ പദ്ധതി വഴി സംഭരിച്ച നെല്ലിന്റെ വിലയായി 1128 കോടി രൂപ കർഷകർക്ക് കൊടുത്തുതീർത്തു. സംഭരിച്ച നെല്ലിന‌് പണം ലഭിക്കുന്നത‌് വൈകുന്നത‌് തടയാനാണ‌് ബാങ്കുകൾ വഴി പണം നൽകാൻ സംസ്ഥാന സർക്കാർ പദ്ധതി തയ്യാറാക്കിയത‌്. ഇപ്രകാരം ബാങ്കിൽനിന്ന‌് നൽകുന്ന പണവും അതിന്റെ പലിശയും സർക്കാർ ബാങ്കുകൾക്ക‌് തിരികെ നൽകും. സർക്കാർ സംഭരിക്കുന്ന നെല്ല് അരിയാക്കി റേഷൻ കടകൾ വഴി വിതരണം ചെയ്യുന്നുമുണ്ട‌്.

അതേസമയം സംസ്ഥാനത്തെ നെല്ല‌് സംഭരണത്തിൽ അഴിമതിയുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം വസ‌്തുതാ വിരുദ്ധമെന്ന‌്  മന്ത്രി പി തിലോത്തമൻ പറഞ്ഞു. കേന്ദ്ര സർക്കാർ നൽകുന്ന താങ്ങ‌ുവിലയും സംസ്ഥാനം നൽകുന്ന പ്രോത്സാഹന ബോണസും ചേർന്ന തുകയാണ‌് നെല്ല‌് സംഭരണ സംസ‌്കരണപദ്ധതി പ്രകാരം കർഷകർക്ക‌് സംഭരണവിലയായി നൽകുന്നത‌്. സംഭരിക്കുന്ന നെല്ല‌് മില്ലുകളിൽ സംസ‌്കരിച്ചശേഷം 68 ശതമാനം തിരികെ നൽകണമെന്നാണ‌് കേന്ദ്ര നിബന്ധന.

സംസ്ഥാനത്തെ പാടശേഖരത്തിൽനിന്നു സംഭരിച്ച അരി സംസ‌്കരിച്ചശേഷം 68 ശതമാനം തിരികെ  ലഭിക്കില്ലെന്നും 64.5 ശതമാനം അരിയാണ‌് ലഭിക്കുകയെന്നും ഇതുമായി ബന്ധപ്പെട്ട‌് സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ പഠന റിപ്പോർട്ടുണ്ടായിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാനദണ്ഡത്തിൽ ഇളവ‌് വരുത്തണമെന്ന‌് കേന്ദ്രത്തോട‌് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഈ പ്രതിസന്ധിമൂലം കഴിഞ്ഞ സാമ്പത്തികവർഷം സ്വകാര്യ മില്ലുടമകൾ നെല്ല‌് സംഭരണ സംസ‌്കരണ പദ്ധതിയിൽനിന്ന‌് വിട്ടുനിന്നു. ഇതോടെ നെല്ല‌് സംഭരണം അവതാളത്തിലുമായി.

സംസ്ഥാനത്ത‌് പൊതുമേഖലയിൽ മൂന്ന‌് മില്ല‌് മാത്രമേ ഉള്ളൂ. കേന്ദ്രത്തിൽനിന്ന‌് അനുകൂല തീരുമാനമുണ്ടാകുന്നതുവരെ തൽക്കാലം 64.5 ശതമാനം എന്ന നിരക്കിൽ അരി സ‌ംസ‌്കരിച്ച‌് തിരികെ നൽകിയാൽ മതിയെന്ന‌ും ഇതുമൂലം സപ്ലൈക്കോക്ക‌് ഉണ്ടാകുന്ന നഷ്ടം സർക്കാർ വഹിക്കാനും ഒരു വർഷം മുമ്പ‌് ധാരണയായിരുന്നു. അതനുസരിച്ചാണ‌് നടപ്പ‌ുവർഷത്തെ നെല്ല‌് സംഭരണം തുടരുന്നത‌്. 68 ശതമാനം അരിയെന്ന അനുപാതം നിലനിർത്താനായി സ്വകാര്യ മില്ലുടമകൾ സംസ‌്കരിച്ച അരിയുടെ കൂടെ നിലവാരം കുറഞ്ഞ അരി കലർത്തുന്നതായി നേരത്തെ പരാതി ഉണ്ടായിരുന്നു.

ഇപ്പോൾ സംസ‌്കരിക്കുന്ന അരിയുടെ ഗുണനിലവാരം സർക്കാർ ഉറപ്പുവരുത്തുന്നുണ്ട‌്. കേന്ദ്ര വിഹിതമായ 17.50 രൂപയും സംസ്ഥാന വിഹിതമായ 7.80 രൂപയും ഉൾപ്പെടെ 25.30 രൂപയാണ‌് ഒരു കിലോ നെല്ലിന‌് കർഷകർക്ക‌് നൽകുന്നത‌്. അടുത്ത സീസൺ മുതൽ സംസ്ഥാന വിഹിതം ഒരുരൂപ കൂട്ടാനും തീരുമാനിച്ചിട്ടുണ്ടെന്ന‌്  മന്ത്രി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top