23 January Thursday
എഡിറ്റർമാരുമായി ചർച്ച നടത്തി

നവകേരള നിർമാണത്തിന് സമവായം വേണം:- മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2019

‘റീബിൽഡ് കേരള' കർമപദ്ധതി വിശദീകരിക്കാൻ വിളിച്ചുചേർത്ത യോഗത്തിെനത്തിയ മാധ്യമ എഡിറ്റർമാരുമായി മുഖ്യമന്ത്രി പിണറായി വിജയൻ സൗഹൃദം പങ്കുവയ്‌ക്കുന്നു


തിരുവനന്തപുരം
നാടിന്റെയാകെ സഹകരണത്തോടെയും പിന്തുണയോടെയും പ്രളയാനന്തര കേരളം പുനഃസൃഷ്ടിക്കാൻ പൊതുസമവായം ഉയർന്നുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നേതൃപരമായ പങ്ക് സർക്കാർ വഹിക്കുമ്പോൾ പൊതുവായ അഭിപ്രായം ഉരുത്തിരിയുന്നതിൽ മാധ്യമങ്ങൾക്ക് വലിയ പങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ‘റീബിൽഡ് കേരള' കർമപദ്ധതി വിശദീകരിക്കാൻ വിളിച്ചുചേർത്ത മാധ്യമ എഡിറ്റർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രളയദുരന്തമുണ്ടായിട്ട‌് ഒരുവർഷമാകുകയാണ്. പുനരധിവാസവുമായി ബന്ധപ്പെട്ട സഹായങ്ങൾ നൽകുന്നുണ്ട‌്. വീടുകളുടെ പുനർനിർമാണവും പുരോഗമിക്കുന്നു. അപകടസാധ്യത കാരണം വീട‌് നിർമിക്കാൻ പറ്റാത്ത സ്വന്തം സ്ഥലത്തുനിന്ന് മാറിത്താമസിക്കാൻ ചിലർ വിമുഖത കാട്ടുന്നുണ്ട്. ഇക്കാര്യം ബോധ്യപ്പെടുത്തി അവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിൽ മാധ്യമങ്ങളും പങ്ക് വഹിക്കണം. സ്ഥിരമായി വെള്ളം കയറുന്ന സ്ഥലം, കടലാക്രമണ ഭീഷണിയുള്ള സ്ഥലം എന്നിവിടങ്ങളിലുള്ളവരെ അവരുടെ ജീവനോപാധിയെ ബാധിക്കാത്തവിധം മാറ്റിപ്പാർപ്പിക്കനാണ‌് ലക്ഷ്യമിടുന്നത‌്. 

പ്രളയാനന്തര സഹായത്തിന‌് 2019 ജനുവരി 31 വരെ 1,35,000 അപ്പീൽ ലഭിച്ചു. ഫ്രെബ്രുവരി, മാർച്ച് മാസങ്ങളിൽ 15,000 അപ്പീലുകളും കിട്ടി. ഇവ തീർപ്പാക്കി. പിന്നീട് കാലാവധി നീട്ടിയപ്പോഴാണ് രണ്ടരലക്ഷത്തോളം അപ്പീലുകൾ വന്നത്. ഇതിൽ അർഹതയുള്ള ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ അവർക്ക് സഹായം ലഭിക്കും വിധം സംരക്ഷിക്കും.

പ്രളയം മൂലമുണ്ടായ ദുരന്തത്തിൽനിന്ന് കരകയറാൻ വളരെ ശാസ്ത്രീയമായ സമീപനമാണ് കൈക്കൊണ്ടത്. ലോക ബാങ്കിന്റേതുൾപ്പെടെയുള്ള ടീമുമായി വിവിധ വകുപ്പുകൾ ഒരുമിച്ച് പ്രവർത്തിച്ചാണ് ‘റീബിൽഡ് കേരള ഡെവലപ്‌മെന്റ‌് പ്രോഗ്രാം' രേഖ തയ്യാറാക്കിയത്. ഇത് സർക്കാർ ഉന്നതാധികാര സമിതിയും ഉപദേശക സമിതിയും പരിശോധിച്ചു. അവരുടെ ശുപാർശകൾ പരിശോധിച്ചാണ് രേഖയ്ക്ക് അംഗീകാരം നൽകിയത്. ഈ രേഖ അന്തിമമല്ല. വിലപ്പെട്ട നിർദേശങ്ങൾകൂടി ചേർക്കണം.

വികസനവിഷയങ്ങളിൽ സമവായമാണ് ആവശ്യം. കേരളത്തിന്റെ പൊതുവായ നന്മയ്ക്കും വികസനകാര്യങ്ങൾക്കും ഒന്നിച്ചുനിൽക്കാനും സമവായത്തോടെ മുന്നോട്ടുപോകാനും കഴിയണം. ഇക്കാര്യങ്ങളിൽ മാധ്യമങ്ങളുടെ സഹകരണം അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. "റീബിൽഡ് കേരള' കർമപദ്ധതിയുടെ ഭാഗമായി ചെയ്തുവരുന്നതും ചെയ്യാൻ ഉദ്ദേശിക്കുന്നതുമായ പദ്ധതികൾ റീബിൽഡ് കേരള ഇനിഷ്യേറ്റീവ് സിഇഒ ഡോ. വി വേണു വിശദീകരിച്ചു.  എഡിറ്റർമാർ പുനർനിർമാണവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും നിർദേശങ്ങളും സംശയങ്ങളും പങ്കുവച്ചു.  അഭിപ്രായങ്ങൾക്ക് മുഖ്യമന്ത്രി മറുപടിയും നൽകി.  പത്ര, ദൃശ്യ മാധ്യമ എഡിറ്റർമാരും മുതിർന്ന മാധ്യമപ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു.
 


പ്രധാന വാർത്തകൾ
 Top