27 June Thursday

മികവോടെ ഉയരും നവകേരളം ; കരട‌് രേഖയ്‌ക്ക‌് അംഗീകാരം

പ്രത്യേക ലേഖകൻUpdated: Wednesday May 22, 2019


തിരുവനന്തപുരം
കേരള പുനർനിർമാണ വികസന പരിപാടിയുടെ (റീബിൽഡ് കേരള ഡെവലപ്മെന്റ‌് പ്രോഗ്രാം) കരട് രേഖ മന്ത്രിസഭ അംഗീകരിച്ചു. പ്രളയത്തിൽ തകർന്ന കേരളത്തെ മികച്ചനിലയിൽ പുനർനിർമിക്കാനുള്ള സമഗ്രപദ്ധതിക്കാണ‌് അംഗീകാരം. പ്രളയം ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാൻ ശേഷിയുള്ള നിർമാണമാണ് ലക്ഷ്യം.  പ്രകൃതിക്കിണങ്ങുന്ന അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിടുന്ന രൂപരേഖയിൽ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതികളുമുണ്ട‌്‌.
ദുരന്തങ്ങളിൽ ആൾനാശം  ഇല്ലാതാക്കുക എന്നതിനൊപ്പം സാമ്പത്തികനഷ്ടം പരമാവധി കുറയ്ക്കും. നിലവിലുള്ള പശ്ചാത്തല സംവിധാനങ്ങൾ ദുരന്തങ്ങളെ അതിജീവിക്കാൻശേഷി കുറഞ്ഞതാണെന്ന് രേഖയിൽ പറയുന്നു. ജലവിഭവ മാനേജ്മെന്റിന്റെ ഭാഗമായി നദീതട പരിപാലന അതോറിറ്റി രൂപീകരിക്കും.

ജലസംഭരണികളിലെ വെള്ളത്തിന്റെ നിയന്ത്രണത്തിന് പ്രത്യേക കേന്ദ്രം സ്ഥാപിക്കും. ഡാം സുരക്ഷാ അതോറിറ്റിയെ ശക്തിപ്പെടുത്താനും ജലവിഭവവകുപ്പ് പുനഃസംഘടിപ്പിക്കാനുമുള്ള നിർദേശം കരടിലുണ്ട്.  ജലവിതരണ, ശുചീകരണ സംവിധാനങ്ങളുടെ മെച്ചപ്പെടുത്തൽ, ദുരന്തങ്ങളെ അതിജീവിക്കുന്ന റോഡുകളും പാലങ്ങളും നിർമിക്കൽ, കൃഷിരീതി മെച്ചപ്പെടുത്തൽ, പാവപ്പെട്ടവരുടെ ജീവനോപാധി മെച്ചപ്പെടുത്തൽ, മത്സ്യമേഖലയുടെ അഭിവൃദ്ധി എന്നീ നിർദേശങ്ങളുമുണ്ട‌്.
പുനർനിർമാണത്തിനുള്ള പണം ലഭ്യമാക്കുന്നതിന് വരുമാനം വർധിപ്പിക്കാനുള്ള നിർദേശവും രേഖ മുന്നോട്ടുവയ‌്ക്കുന്നു.  പുനർനിർമാണത്തിനായി യുഎൻ ഏജൻസികൾ നൽകിയ കണക്കനുസരിച്ച‌്  36,706കോടി രൂപ ആവശ്യമായിവരും.

ദേവസ്വംബോർഡിന് സൗജന്യമായി പമ്പയിലെ മണൽ
പ്രളയകാലത്ത് പമ്പ- ത്രിവേണിയിൽ അടിഞ്ഞുകൂടിയ മണലിൽനിന്ന് 20,000 ക്യുബിക് മീറ്റർ മണൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് സൗജന്യമായി നൽകാൻ മന്ത്രിസഭാ യോഗംതീരുമാനിച്ചു. ബോർഡിന്റെ അഭ്യർഥനപ്രകാരമാണിത്. മറ്റ് സ്വകാര്യ ആവശ്യക്കാർക്ക് കേന്ദ്ര പൊതുമരാമത്ത് നിരക്കിൽ മണൽ വിൽക്കുന്നതിന് വനം വകുപ്പിന് അനുമതി നൽകും. സംസ്ഥാനത്തെ ദേവസ്വംബോർഡുകളുടെയും ദേവസ്വം മാനേജ്മെന്റ‌് കമ്മിറ്റികളുടെയും അധീനതയിലുള്ള ഭൂമി കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങൾ വേഗത്തിൽ തീർക്കാൻ റിട്ട. ജില്ലാ ജഡ്ജി അംഗമായി കേരളാ ദേവസ്വം ട്രിബ്യൂണൽ രൂപീകരിക്കുന്നതിനുള്ള ബിൽ കൊണ്ടുവരും. ലൈഫ് മിഷനു കീഴിൽ സർക്കാർ സഹായമില്ലാതെ വ്യക്തികൾ വാങ്ങുന്ന ഭൂമിയുടെ രജിസ്ട്രേഷന് സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കും.


പ്രധാന വാർത്തകൾ
 Top