07 July Tuesday

ജനങ്ങൾ അണിനിരന്നാൽ ജനവിരുദ്ധനയങ്ങളെ ചെറുക്കാനാകും; ആർസിഇപി കരാർ നൽകുന്ന പാഠം അതാണ്‌: തോമസ്‌ ഐസക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2019

ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരന്നാൽ ജനവിരുദ്ധനയങ്ങളെ ചെറുക്കാനാകുമെന്ന പാഠമാണ് ആർസിഇപി കരാർ നൽകുന്നതെന്ന്‌ മന്ത്രി ഡോ. തോമസ്‌ ഐസക്‌. 2012 നവംബറിലാണ് കോൺഗ്രസ് സർക്കാർ കമ്പോഡിയയിലെ ആസിയാൻ ഉച്ചകോടിയിൽ വച്ച് കരാറിനുള്ള ചർച്ചകൾ ആരംഭിച്ചത്. 2015 സെപ്തംബറിൽ ബിജെപി സർക്കാർ ചൈനയിൽ നിന്നുള്ള 42.5 ശതമാനം ചരക്കുകളുടെ മേലുള്ള ചുങ്കം പിൻവലിക്കാമെന്നു സമ്മതിച്ചു. 2017-18ൽ ആസിയാൻ രാജ്യങ്ങളിൽ നിന്നുള്ള 90 ശതമാനം ചരക്കുകളുടെമേലും ചൈനയിൽ നിന്നുള്ള 74 ശതമാനം ചരക്കുകളുടെ മേലുള്ള ചുങ്കം പിൻവലിക്കാമെന്നു സമ്മതിച്ചു. ഈ നിലപാടിൽ നിന്നാണ് ഇന്ന് ഇപ്പോൾ ഇന്ത്യ പിൻവാങ്ങിയിരിക്കുന്നത്. ഈ ഘട്ടത്തിൽ കരാറിൽ ഒപ്പിടാനില്ലെന്ന് പ്രധാനമന്ത്രി ഉച്ചകോടിയിൽവെച്ച് വ്യക്തമാക്കി. എന്താണ് ഈ മാറ്റത്തിനു പ്രേരിപ്പിച്ചത്?. തോമസ്‌ ഐസക്‌ ഫേസ്‌ബുക്ക്‌ പോസ്‌റ്റിൽ ചോദിച്ചു.

ഈ നിലപാടു മാറ്റം ഇന്ത്യയിലെ കോടിക്കണക്കിന് കർഷകർക്കും ചെറുകിട വ്യവസായികൾക്കും ആശ്വാസം നൽകുന്നതാണ്. പക്ഷെ, ഖിന്നരായ കുറച്ചു പേരെങ്കിലും നമ്മുടെ രാജ്യത്തുണ്ട്. ഇന്നത്തെ ബിസിനസ് സ്റ്റാൻഡേർഡ് പത്രത്തിന്റെ എഡിറ്റോറിയൽ കരാർ വാദികളുടെ പരിവേദനമാണ്, അവസാന വാചകം ഇതാണ്: “ആർസിഇപി കരാറിനെ നാട്ടിൽ മത്സരശേഷി ഉയർത്തുന്നതിനുള്ള പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനുള്ള അവസരമായിട്ടാണു കാണേണ്ടത്. ഇതിനുപകരം ഇന്ത്യൻ രാഷ്ട്രീയ വർഗ്ഗം ഉൾവലിയാനാണ് തീരുമാനിച്ചിരിക്കുന്നത്. ഭാവി തലമുറ ഈ നീക്കത്തെ ഓർത്തു ദുഖിക്കാതിരിക്കില്ല”.

ഈ പ്രസ്താവന ഉദ്ധരിച്ചത് ആർസിഇപി കരാറിനുവേണ്ടി വാദിക്കാൻ ചില വ്യവസായ സംഘടനകളും വിദഗ്ധരും ഇപ്പോഴുമുണ്ട് എന്നത് അടിവരയിടാനാണ്. സേവന മേഖലയിൽ വലിയ നേട്ടമുണ്ടാക്കുമെന്നാണ് പലരുടെയും കണക്കു കൂട്ടൽ. വ്യവസായത്തിലും മറ്റും ഉടനെ കുറച്ച് തിരിച്ചടി വന്നാലും ദീർഘനാളിൽ ഗുണം ചെയ്യുമെന്നാണ് ദേശീയ സംരംഭക സംഘടനകൾ വാദിച്ചു വന്നത്. ഉദാരവൽക്കരണത്തിന്റെ ഫലമായി അന്തർദേശീയ വ്യാപാരത്തിൽ അഭൂതപൂർവ്വമായ വളർച്ചയുണ്ടാകുമെന്നും അതിൽ നമുക്കും പങ്കാളികളാകാൻ കഴിയുമെന്നുമാണ് അവരുടെ പ്രതീക്ഷ.

സി.ഐ.ഐ, ഫിക്കി, അസോച്ചാം തുടങ്ങിയ സംഘടനകൾ പൊതുവിൽ കരാറിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. എന്നാൽ സ്റ്റീൽ, ടെക്സ്റ്റയിൽ, യന്ത്രവ്യവസായം തുടങ്ങി ഓരോ മേഖലകളിലെ സംഘടനകളെ പ്രത്യേകം എടുത്താൽ അവർ എതിർത്തുകൊണ്ടുള്ള നിവേദനങ്ങൾ സമർപ്പിച്ചിരുന്നു. ഇന്ത്യയിൽ അറിയപ്പെടുന്ന ഒരു വൻകിട കുത്തക കുടുംബവും കരാറിനെതിരായി വന്നില്ല. തങ്ങളുടെ കമ്പോളം വിദേശരാജ്യങ്ങളുമായി പങ്കുവയ്ക്കേണ്ടി വന്നാലും ഇന്ത്യയിലെ നിയോലിബറൽ ചട്ടക്കൂടാണ് തങ്ങളുടെ വളർച്ചയുടെ അടിസ്ഥാനമെന്ന തിരിച്ചറിവ് അവർക്ക് ഉണ്ടായിരുന്നു. പിന്നെ, കമ്പോളത്തിൽ കുറച്ച് നഷ്ടം വന്നാലും ഇന്ത്യൻ പൊതുമേഖലയാകെ അവർക്ക് തീറെഴുതിക്കൊണ്ട് ആ നഷ്ടം നികത്താൻ ഭരണകൂടവും തയ്യാറായിരുന്നൂവല്ലോ. അവസാനം പ്രത്യേക മന്ത്രാലയങ്ങൾ എതിർപ്പുമായി 2018ൽ പ്രധാനമന്ത്രിയെ സമീപിച്ചപ്പോഴും വാണിജ്യ മന്ത്രാലയമോ ദേശീയ പൊതു സംഘടനകളോ നിലപാട് മാറ്റാൻ തയ്യാറായില്ല. അവർക്കു പറഞ്ഞു നിൽക്കാൻ ചില ന്യായങ്ങൾ ഉണ്ടായിരുന്നുവെന്നു ചുരുക്കം.

എന്നാൽ ഇത്തരമൊരു ന്യായവും കാർഷിക മേഖലയിൽ കരാർ സൃഷ്ടിക്കാൻ പോകുന്ന പ്രത്യാഘാതം സംബന്ധിച്ച് ഒരാളുപോലും മുന്നോട്ടു വച്ചതായി എനിക്ക് അറിയില്ല. കാർഷിക മേഖല പ്രത്യേകിച്ച് ക്ഷീര മേഖല സമ്പൂർണ്ണമായി തുറന്നു കൊടുക്കുത്താലുള്ള പ്രത്യാഘാതം ദൂരവ്യാപകമായിരിക്കും. ആസ്ട്രേലിയയിലും ന്യൂസിലാന്റിലും ആകെയുള്ള ക്ഷീരകർഷകരുടെ എണ്ണം 20,000ൽ താഴെയാണ്. ഇന്ത്യയിൽ 15 കോടിയും. അവിടുത്തെ ക്ഷീരോൽപ്പാദനം 3.7 കോടി ടണ്ണേ ഉള്ളൂവെങ്കിലും 60-70 ശതമാനം കയറ്റുമതി ചെയ്യപ്പെടുന്നു. ഇന്ത്യയിലെ ഉൽപ്പാദനം 15 കോടി ടൺ ഉണ്ടെങ്കിലും പൂർണ്ണമായും നാട്ടിൽ തന്നെയാണ് ഉപയോഗിക്കുന്നത്. ഇന്ത്യയിൽ പാലിന്റെ വിലയുടെ 71 ശതമാനം കൃഷിക്കാർക്ക് ലഭിക്കുന്നു. അവിടെയാകട്ടെ 25-30 ശതമാനമാണ്. ഇറക്കുമതി ചുങ്കം ഇല്ലാതാകുന്നതോടെ നമ്മുടെ നാട്ടിൽ പാലിന്റെ വില കുത്തനെ ഇടിയുകയും ക്ഷീരകർഷകന്റെ തകർച്ചയ്ക്കു വഴി തെളിയിക്കുകയും ചെയ്യും. വിശുദ്ധ പശുവിന്റെ പേരിൽ വർഗ്ഗീയ ലഹള സൃഷ്ടിച്ച് അധികാര രാഷ്ട്രീയം കയ്യാളുന്ന ബിജെപിക്ക് ഇതിനേക്കാൾ അപമാനകരമായ സ്ഥിതി വിശേഷം ഉണ്ടാകുമോ? സ്വദേശി ജാഗരൺമഞ്ചു പോലും എതിർപ്പുമായി രംഗത്തു വരേണ്ടിവന്ന സാഹചര്യം ഇതായിരുന്നു.

ലോകവ്യാപാര കരാറിനു മുമ്പുള്ള ഗാട്ട് കരാറുകളിൽ കാർഷിക മേഖലയെ ഒഴിവാക്കിയിരുന്നു. ഇതിനു കാരണം ലളിതമാണ്. കോടിക്കണക്കിന് കർഷകരുടെ ഉപജീവനമാർഗ്ഗമാണ് കൃഷി. ഇത് വിസ്മരിച്ചുകൊണ്ട് സ്വതന്ത്രവ്യാപാരത്തിന് അവരെ എറിഞ്ഞുകൊടുത്താൽ കൊളോണയിൽ കാലഘട്ടത്തേക്കാൾ വലിയ ദുരന്തമാണ് സംഭവിക്കുക. ആസിയാൻ കരാർ കേരളത്തിലെ വാണീജ്യവിള കൃഷിക്കാരെ തകർത്തു. രാജ്യം ഇത് അവഗണിച്ചു. പക്ഷെ, പുതിയ കരാർ ഗോതമ്പു കൃഷിക്കാർക്കും രാജ്യത്തെമ്പാടുമുള്ള ക്ഷീര കർഷകർക്കും ഭീഷണി ഉയർത്തുന്നു.

സ്വാഭാവികമായും കൃഷിക്കാരുടെ വമ്പിച്ച പ്രതിഷേധമാണ് രാജ്യത്തെ എല്ലാ കോണുകളിൽ നിന്നും ഉയർന്നു വന്നത്. ഇടതുപക്ഷ സംഘടനകളായിരുന്നു മുന്നിൽ. 250 കർഷക സംഘടനകൾ യോജിച്ച് ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റിയെന്ന പൊതുവേദി രൂപീകരിച്ചത് ഒരു നിർണ്ണായക സംഭവമായിരുന്നു.

ആർസിഇപി കരാർ ചർച്ചയുടെ തുടക്കംക്കുറിച്ച് കോൺഗ്രസിനു പോലും രാഷ്ട്രീയ എതിർപ്പുമായി രംഗപ്രവേശനം ചെയ്യേണ്ടിവന്നു. ഈ പ്രതിഷേധ ആരവം രാജ്യത്ത് ഉയർത്തുന്നതിൽ കേരളം ഒരു പ്രധാന പങ്ക് നിർവ്വഹിക്കുകയുണ്ടായി. ഇടതുപക്ഷ ജനാധിപത്യ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പ്രധാനമന്ത്രി, കൃഷി മന്ത്രി, വാണിജ്യ മന്ത്രിമാർക്ക് കത്തുകളും നിവേദനവും നൽകുകയും പരസ്യ എതിർപ്പ് ഉയർത്തുകയും ചെയ്തു. നിയമസഭ യോജിച്ചു പാസ്സാക്കിയ പ്രമേയം ദേശീയ ശ്രദ്ധപിടിച്ചുപറ്റി.

ആർസിഇപി കരാറിനു വേണ്ടി വാദിച്ചവർക്കുപോലും അംഗീകരിക്കേണ്ട ഒരു യാഥാർത്ഥ്യമായിരുന്നു ഹ്രസ്വനാളിൽ അത് സൃഷ്ടിക്കാൻ പോകുന്ന ദേശീയ ദുരന്തം. ഇതിനെ താങ്ങാൻ പാർലമെന്റിലെ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിനുപോലും കഴിയില്ല എന്നതും വ്യക്തമായിരുന്നു. കാരണം രാജ്യം ഏറ്റവും രൂക്ഷമായ ഒരു സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് വഴുതി വീണുകൊണ്ടിരിക്കുകയാണ്. എന്നാണ് ഇതിൽ നിന്നു കരകയറുകയെന്ന് ആർക്കും പറയാനാകില്ല. ആഗോള മാന്ദ്യത്തിന്റെ കേളികൊട്ടും തുടങ്ങിയിട്ടുണ്ട്. ഇതിനോടൊപ്പം ആർസിഇപി സൃഷ്ടിക്കുമെന്ന് എല്ലാവരും അംഗീകരിക്കുന്ന തകർച്ചകൂടി ചേർന്നാൽ സ്ഥിതി അതീവഗൌരവമാകും. പ്രധാനമന്ത്രി ഇതെല്ലാം കണക്കിലെടുത്തിട്ടാകാം അവസാനം കരാറിൽ നിന്ന് പിൻവാങ്ങാൻ തീരുമാനിച്ചത്. പക്ഷെ, മറക്കണ്ട. രാജ്യത്ത് ഉയർന്ന പ്രതിഷേധം തന്നെയാണ് ഒരു വീണ്ടു വിചാരത്തിന് പ്രധാനമന്ത്രിയെപ്പോലും പ്രേരിപ്പിച്ചത്. അതെ ചെറുത്തു നിൽപ്പ് സാധ്യമാണ് ‐ തോമസ്‌ ഐസക്‌ ഫേസ്‌ബുക്ക്‌ പോസ്‌റ്റിൽ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top