20 September Friday

റേഷൻ പഞ്ചസാര നിഷേധിച്ചത് കേന്ദ്രസർക്കാർ: ചെന്നിത്തല ഒരക്ഷരം പോലും കേന്ദ്രത്തിനെതിരെ പറയുന്നില്ല: ഭക്ഷ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2019

തിരുവനന്തപുരം > റേഷൻ പഞ്ചസാരയുടെ പേരിൽ മുതലക്കണ്ണീർ ഒഴുക്കുന്ന പ്രതിപക്ഷ നേതാവ് സംസ്ഥാനങ്ങൾക്കുള്ള റേഷൻ പഞ്ചസാര വിഹിതം നിർത്തിവെച്ച കേന്ദ്ര സർക്കാരിനെതിരെ ഒരു വാക്ക് പോലും ഉരിയാടാത്തത് ലജ്ജാവഹമാണെന്ന്‌ ഭക്ഷ്യമന്ത്രി പി തിലോത്തമൻ പറഞ്ഞു.

2013 ൽ കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന ദേശീയ ഭക്ഷ്യ ഭദ്രത നിയമത്തിൽ പഞ്ചസാരയെ ഭക്ഷ്യ സാധനവിഭാഗത്തിൽ നിന്നും ഒഴിവാക്കിയ നടപടിയാണ് ഇതിന് കാരണം. കോൺഗ്രസ് നേതൃത്വം നൽകിയ കേന്ദ്ര സർക്കാരിന്റെ നയങ്ങൾ കാരണമാണ് സ്റ്റാറ്റ്യൂട്ടറിപഞ്ചസാര വിഹിതം സംസ്ഥാനങ്ങൾക്ക്‌ ലഭിക്കാതായത്‌. ദേശീയ ഭക്ഷ്യ ഭദ്രത നിയമം പ്രാബല്യത്തിൽ വന്നശേഷമാണ് കേന്ദ്ര സർക്കാർ അന്ത്യോദയ വിഭാഗങ്ങൾക്ക് മാത്രമായി റേഷൻ പഞ്ചസാര പരിമിതപ്പെടുത്തിയത്. മണ്ണെണ്ണയുടെയും പഞ്ചസാരയുടെയും റേഷൻ വിഹിതം ഘട്ടംഘട്ടമായി കുറയ്‌ക്കുകയും പിന്നീട് പൊതുവിതരണ സമ്പ്രദായത്തിൽ നിന്നും അവയെ പാടെ ഒഴിവാക്കുകയും ചെയ്യുക എന്ന നയമാണ് ഇപ്പോഴത്തെ കേന്ദ്ര സർക്കാരും തുടരുന്നത്.

കേന്ദ്രത്തിലെ വിഹിതം ഇല്ലാതായശേഷവും കഴിഞ്ഞ രണ്ടു വർഷം സംസ്ഥാന ഖജനാവിൽനിന്നും പ്രത്യേക പണം കണ്ടെത്തി റേഷൻ കടകൾ വഴി പഞ്ചസാര വിതരണംചെയ്തിരുന്നു. മാവേലി സ്റ്റോറുകൾ വഴി വിതരണം ചെയ്യുന്ന പഞ്ചസാരക്ക് പുറമേ ആയിരുന്നു റേഷൻ കടകളിലെ സ്പെഷ്യൽ പഞ്ചസാര വിതരണം. എന്നാൽ റേഷൻ കാർഡുകൾ സപ്ലൈകോ ഡേറ്റാ ബേസുമായി ലിങ്ക് ചെയ്തതിനാൽ എല്ലാ കാർഡുടമകൾക്കും മാവേലി സ്റ്റോറുകൾ വഴി സബ്സിഡി പഞ്ചസാര ലഭിക്കുന്ന സാഹചര്യം നിലവിൽ സാധ്യമാണ്.

പ്രളയബാധിത പ്രദേശങ്ങളിലെ 49 ലക്ഷം കാർഡുടമകൾ ക്ക് ഈ ഓണക്കാലത്ത് സൗജന്യമായി റേഷൻ നൽകി. ഇതിനായി ഖജനാവിൽ നിന്നും 25 കോടി രൂപ പ്രത്യേകമായി കണ്ടെത്തി.
കേന്ദ്ര സർക്കാരിൽ നിന്നും പ്രളയ ബാധിതർക്ക് സൗജന്യ അരി ലഭ്യമാകാത്തതിനാലാണ് സംസ്ഥാനത്തിന്റെ ഖജനാവിൽനിന്നും പ്രത്യേകം പണം ഇതിനായി ചെലവഴിക്കേണ്ടിവന്നത്. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നടപടിക്കെതിരെ ഒരു ചെറുവിരൽ പോലും അനക്കാതെ  പ്രതിപക്ഷ നേതാവ് റേഷൻ വിഷയത്തിൽ സംസ്ഥാ നത്തെ കുറ്റപ്പെടുത്തുന്നത്‌ ജനങ്ങൾ തള്ളുമെന്നും മന്ത്രി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top