07 February Tuesday

പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ 24 മണിക്കൂർ സേവനം; ശബരിമല തീർത്ഥാടകർക്കും പ്രയോജനം

വെബ് ഡെസ്‌ക്‌Updated: Friday Dec 9, 2022

തിരുവനന്തപുരം > പത്തനംതിട്ട റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ 24 മണിക്കൂർ സേവനം ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ശബരിമല തീർത്ഥാടകർക്കും ഇതിലൂടെ ഏറെ പ്രയോജനം ലഭിക്കും. അധിക ഡോക്‌ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ ഉറപ്പ് വരുത്തിയാണ് കിടത്തി ചികിത്സ ഉൾപ്പെടെയുള്ള സേവനം 24 മണിക്കൂറുമാക്കുന്നത്. ഒരു ഡോക്ടർ, ഒരു ലാബ് ടെക്‌നീഷ്യൻ, ഒരു ക്ലിനിംഗ് സ്റ്റാഫ് എന്നിവരെ ബ്ലോക്ക് പഞ്ചായത്ത് അടിയന്തിരമായി നിയമിക്കുന്നതാണ്. ഒരു ഡോക്ടറേയും ആശുപത്രി അറ്റന്റഡറേയും ആരോഗ്യവകുപ്പ് നികത്താനും മന്ത്രി നിർദേശം നൽകി. മന്ത്രിയുടെ ചേമ്പറിൽ മന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് നിർദേശം നൽകിയത്. റാന്നി എം.എൽ.എ. അഡ്വ. പ്രമോദ് നാരായൺ ഈ ആവശ്യം ഉന്നയിച്ചതിനെ തുടർന്നാണ് മന്ത്രി പ്രത്യേക യോഗം വളിച്ച് അടിയന്തര തീരുമാനമെടുത്തത്.

ഫാർമസിസ്റ്റിന്റെ സേവനവും ആശുപത്രിയിൽ ലഭ്യമാക്കുന്നതാണ്. ജീവനക്കാർക്ക് താമസത്തിന് ആവശ്യമായ സ്റ്റാഫ് കോർട്ടേഴ്‌സുകൾ ബ്ലോക്ക് പഞ്ചായത്ത് അടിയന്തരമായി അറ്റകുറ്റപണികൾ ചെയ്ത് നൽകേണ്ടതാണ്. എക്‌സ് സർവീസ്മാനായ ഒരു സെക്യൂരിറ്റിയെ ആശുപത്രി വികസനസമിതി വഴി നിയമിക്കാനും മന്ത്രി നിർദേശം നൽകി.

ശബരിമല തീർത്ഥാടകർ ആശ്രയിക്കുന്ന ആശുപത്രി കൂടിയാണ് റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രം. അതിനാൽ തന്നെ ഈ ആശുപത്രിയുടെ വികസനത്തിന് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പുതിയ ഐപി കെട്ടിട നിർമ്മാണത്തിന് അടുത്തിടെ 2.25 കോടി രൂപ അനുവദിച്ചിരുന്നു. 24 മണിക്കൂർ സേവനം ലഭ്യമാക്കുന്നതിന്റെ ഉദ്ഘാടനം 2023 ജനുവരി മാസം 8-ാം തീയതി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും.

അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ., റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹൻ, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. മീനാക്ഷി, അഡീഷണൽ ഡയറക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, എൻഎച്ച്എം ജില്ലാ പ്രാഗ്രാം മാനേജർ, ആരോഗ്യ വകുപ്പ് മറ്റ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top