16 April Friday

നന്ദിയുണ്ട്‌ ഈ കരുതലിന്‌, 
മനസ്സ്‌ തുറന്ന്‌ ഉദ്യോഗാർഥികൾ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 2, 2021


കൊച്ചി
വൈക്കം സ്വദേശികളായ എൻ അരുണും ചിപ്പി ബിജുവും കോട്ടയം സ്വദേശി പ്രീതിയും കൂട്ടുകാരും തിങ്കളാഴ്‌ച എറണാകുളം നഗരത്തിലെത്തിയത്‌ ജനമനസ്സറിയുന്ന എൽഡിഎഫ്‌ സർക്കാരിനോട്‌ സ്‌നേഹം അറിയിക്കാനാണ്‌. ലാസ്‌റ്റ്‌ ഗ്രേഡ്‌ റാങ്ക്‌ ഹോൾഡർമാരുടെ സമരം ഒത്തുതീർപ്പാക്കിയ ജനകീയ സർക്കാരിനോടുള്ള നന്ദി അവർ മറച്ചുവച്ചില്ല. സിഐടിയു–ഡിവൈഎഫ്‌ഐ–-എസ്‌എഫ്‌ഐ സംയുക്ത സംസ്ഥാന കൺവൻഷൻ വേദിയായ ടൗൺഹാളാണ്‌ സ്‌നേഹവും നന്ദിയും അറിയിക്കാനുള്ള വേദിയായി ഇവർ തെരഞ്ഞെടുത്തത്‌. കോട്ടയം, എറണാകുളം ജില്ലകളിലെ ലാസ്‌റ്റ്‌ ഗ്രേഡ്‌ റാങ്ക്‌ ലിസ്‌റ്റിൽ ഉൾപ്പെട്ട ഇരുപത്തഞ്ചോളം  ഉദ്യോഗാർഥികളാണ്‌ ഇവർക്കൊപ്പം സർക്കാരിനും വിഷയത്തിൽ ക്രിയാത്മകമായി ഇടപ്പെട്ട ഡിവൈഎഫ്‌ഐ പ്രതിനിധികൾക്കും നന്ദി പറയാൻ എത്തിയത്‌.

അനുകൂല നിലപാടാണ്‌ സർക്കാർ സ്വീകരിച്ചതെന്ന്‌ ചിപ്പി ബിജു പറഞ്ഞു. റാങ്ക്‌ ലിസ്റ്റ്‌ നടപ്പാക്കുന്നതു സംബന്ധിച്ച മറ്റ്‌ ആശങ്കകളും പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവരുമെന്ന്‌ പ്രതീക്ഷിക്കുന്നതായും ചിപ്പി പറയുന്നു.

പരമാവധി ഉദ്യോഗാർഥികൾക്ക്‌ ഈ റാങ്ക്‌ ലിസ്‌റ്റിൽനിന്ന്‌ നിയമനം നടത്താൻ ഡിവൈഎഫ്‌ഐ ഇടപെടുമെന്ന്‌ സംസ്ഥാന സെക്രട്ടറി എ എ റഹീം ഉദ്യോഗാർഥികളോട്‌ പറഞ്ഞു. വളരെ ജനാധിപത്യപരമായാണ്‌ ഉദ്യോഗാർഥികൾ സമരം ചെയ്‌തത്‌. സർക്കാർ ഉത്തരവ്‌ വേഗത്തിൽ നടപ്പാക്കാനുള്ള ഇടപെടൽ ഡിവൈഎഫ്‌ഐ ഏറ്റെടുക്കുകയാണ്‌. ചുവപ്പുനാടകളിൽ കുടുങ്ങാതെ നടപടികൾ വേഗത്തിലാക്കാൻ ഡിവൈഎഫ്‌ഐ ഇടപെടും. ഇതിനായി  സർക്കാർ സർവീസിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനകളുടെയും റാങ്ക്‌ ഹോൾഡർമാരുടെയും യോഗം നാലിന്‌ തിരുവനന്തപുരത്ത്‌ ചേരും.

നേരത്തെതന്നെ പരിഹരിക്കാവുന്ന പ്രശ്‌നമാണെന്ന പ്രതിപക്ഷ ആരോപണം അവരുടെ ദുഷ്ടമനസ്സാണ്‌ കാണിക്കുന്നത്‌. ഈ പ്രശ്‌നം തെരഞ്ഞെടുപ്പുവരെ നീട്ടിക്കൊണ്ടു പോകാമെന്നാണ്‌ പ്രതിപക്ഷം കരുതിയിരുന്നതെന്നും എ എ റഹീം പറഞ്ഞു.
ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ എസ്‌ സതീഷ്‌, കേന്ദ്രകമ്മിറ്റി അംഗം എം വിജിൻ, ജില്ലാ പ്രസിഡന്റ്‌ പ്രിൻസി കുര്യാക്കോസ്‌, സെക്രട്ടറി എ എ അൻഷാദ്‌ എന്നിവരും ഒപ്പമുണ്ടായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top