തിരുവനന്തപുരം > കാലാവധി തീർന്ന റാങ്ക് പട്ടികയിൽനിന്ന് നിയമനം നടത്തരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ചവരിൽ ഇപ്പോഴത്തെ സിപിഒ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരും. 2017ൽ റദ്ദായ പട്ടികയിലെ അഞ്ച് ഉദ്യോഗാർഥികൾ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. ട്രൈബ്യൂണൽ ആവശ്യം നിരാകരിച്ചത് ചോദ്യം ചെയ്ത് ഇവർ 2019 മെയ് 30ന് ഹൈക്കോടതിയിൽ ഹർജി നൽകി. ഈ കേസിലാണ് ഇപ്പോൾ കാലാവധി നീട്ടണമെന്ന് ആവശ്യമുയർത്തുന്ന റാങ്ക് പട്ടികയിലുള്ളവർ കക്ഷി ചേർന്നത്.
സർക്കാരിനും പിഎസ്സിക്കുമൊപ്പം ഈ ഉദ്യോഗാർഥികളും റാങ്ക് പട്ടിക നീട്ടരുതെന്നാണ് വാദിച്ചത്. ജസ്റ്റിസുമാർ അശോക് മേനോൻ, വി ചിദംബരേഷ് എന്നിവരടങ്ങിയ ബഞ്ച് ഇതംഗീകരിച്ച് പട്ടിക നീട്ടണമെന്ന ഹർജി തള്ളി 2019 ആഗസ്ത് ആറിന് വിധി പറഞ്ഞു. 2019 ജൂലൈ 31ന് പുതിയ സിപിഒ പട്ടിക നിലവിൽവന്നു. ഹൈക്കോടതിയിലെ കേസിൽ കക്ഷി ചേർന്നവരായിരുന്നു പുതിയ പട്ടികയിലെ ആദ്യ റാങ്കുകാരിൽ ചിലർ.
കാലാവധി തീർന്ന റാങ്ക് പട്ടിക നീട്ടരുതെന്ന് സുപ്രീംകോടതി 2007മുതൽ നിരവധി തവണ വിധി പ്രസ്താവിച്ചിട്ടുണ്ട്. മുൻസിഫ് മജിസ്ട്രേട്ടുമാരുടെ റാങ്ക് പട്ടികയുമായി ബന്ധപ്പെട്ട കേസിൽ രണ്ടാഴ്ച മുമ്പും ഇതാവർത്തിച്ച സുപ്രീംകോടതി, വീണ്ടും വിജ്ഞാപനം പുറപ്പെടുവിച്ച് പട്ടിക തയ്യാറാക്കാനും നിർദേശിച്ചു. മറ്റ് റാങ്ക് പട്ടിക നീട്ടിയിട്ടും സിപിഒ പട്ടിക പുനരുജ്ജീവിപ്പിക്കാൻ കഴിയാത്തത് വിധി മൂലമാണ്. പട്ടിക നീട്ടാൻ സർക്കാർ ശുപാർശ ചെയ്താലും പിഎസ്സി തീരുമാനിക്കുന്ന ദിവസം നിലവിലുള്ള പട്ടികയ്ക്ക് മാത്രമേ ഇത് ബാധകമാവുകയുള്ളൂ. വിവാദമായ സിപിഒ പട്ടികയിൽ നിന്ന് 5609 പേർക്ക് നിയമനം നൽകി. 2021 ഡിസംബർ 31വരെയുള്ള 1046 പ്രതീക്ഷിത ഒഴിവുകളിലേക്ക് ഉൾപ്പെടെയാണിത്. മുൻ സർക്കാരിന്റെ കാലത്ത് 4796 പേർക്ക് മാത്രമായിരുന്നു നിയമനം നൽകിയത്ത്. പരിശീലനം ബാധകമായ എല്ലാ യൂണിഫോംഡ് റാങ്ക് പട്ടികകളുടെയും കാലാവധി ഒരു വർഷമായി നിജപ്പെടുത്തിയതും ഉമ്മൻചാണ്ടി സർക്കാരാണ്. 2016 ഏപ്രിൽ 15നാണ് ഇത് സംബന്ധിച്ച ഭേദഗതി ഗസറ്റിൽ പ്രസിദ്ധീകരിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..