22 March Friday

രണ്ടാമൂഴം തിരക്കഥ ഉപയോഗിക്കുന്നതിന് സംവിധായകന് കോടതി വിലക്ക്; നിര്‍മാണ കമ്പനിക്ക് നോട്ടീസ് അയക്കും

വെബ് ഡെസ്‌ക്‌Updated: Thursday Oct 11, 2018

കോഴിക്കോട് > വിഖ്യാത നോവലായ 'രണ്ടാമൂഴം' അടിസ്ഥാനമാക്കി എം ടി വാസുദേവന്‍ നായര്‍ രചിച്ച തിരക്കഥ ഉപയോഗിക്കുന്നതില്‍ നിന്ന് സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോനെ കോടതി താല്‍കാലികമായി വിലക്കി. എം ടി വാസുദേവന്‍ നായര്‍ നല്‍കിയ പരാതി പരിഗണിച്ച് കോഴിക്കോട് മുന്‍സിഫ് കോടതിയുടേതാണ് ഉത്തരവ്. ശ്രീകുമാര്‍ മേനോനും നിര്‍മാണ കമ്പനിക്കും നോട്ടീസ് അയക്കാനും ഉത്തരവായി. ഒക്ടോബര്‍ 25ന് കേസ് വീണ്ടും പരിഗണിക്കും.

സിനിമയുടെ ചിത്രീകരണം അനന്തമായി നീണ്ടതിനാല്‍ തിരക്കഥാകൃത്തുകൂടിയായ എം ടി സിനിമാ പ്രോജക്‌ടില്‍ നിന്നും പിന്‍വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോനുമായുള്ള കരാര്‍ അവസാനിച്ചെന്നും കൈമാറിയ തിരക്കഥ തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് എം ടി കോടതിയെ സമീപിച്ചത്. തിരക്കഥ കൈമാറുന്ന മുറയ്‌‌‌ക്ക് മുന്‍കൂറായി കൈപ്പറ്റിയ പണം തിരിച്ചു നല്‍കാമെന്നും  കോടതിയില്‍ നല്‍കിയ ഹര്‍ജിയിലുണ്ട്.

മഹാഭാരതത്തിലെ ഭീമന്റെ മാനസികവ്യഥകള്‍  സൂക്ഷ്മമായി പകര്‍ത്തിയ 'രണ്ടാമൂഴം' മലയാളത്തിലെ ക്ലാസിക്കുകളിലൊന്നാണ്. ഈ നോവലിന്റെ ചലച്ചിത്രാവിഷ്‌കാരത്തെ വന്‍ പ്രതീക്ഷയോടെയാണ് ചലച്ചിത്രലോകവും പ്രേക്ഷകരും കാത്തിരുന്നത്. പരസ്യചിത്ര സംവിധായകനായ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ച ചിത്രത്തില്‍ ഭീമന്റെ റോളില്‍ മോഹന്‍ലാലിനെ  പ്രഖ്യാപിച്ചിരുന്നു. 1000 കോടി രൂപ ചെലവിട്ട് നിര്‍മിക്കുന്ന സിനിമ ഇന്ത്യയിലെതന്നെ ഏറ്റവും ചെലവേറിയതാകുമെന്നാണ് കരുതിയിരുന്നത്. പ്രമുഖ പ്രവാസി വ്യവസായി ബി ആര്‍ ഷെട്ടിയായിരുന്നു നിര്‍മാതാവ്. 

വര്‍ഷങ്ങള്‍ നീണ്ട പഠനത്തിനും ഗവേഷണത്തിനും ശേഷമാണ് എം ടി തിരക്കഥ തയ്യാറാക്കിയത്. എന്നാല്‍ അദ്ദേഹം കാണിച്ച ആവേശവും ആത്മാര്‍ഥതയും അണിയറ പ്രവര്‍ത്തകരില്‍നിന്നും ലഭിച്ചില്ലെന്ന തോന്നല്‍ എം ടിയെ വേദനിപ്പിച്ചു. പിന്മാറ്റത്തിന് അത് പ്രധാന കാരണമായി. എം ടി  നാലുവര്‍ഷം മുമ്പാണ് ശ്രീകുമാര്‍ മേനോനുമായി കരാര്‍ ഉണ്ടാക്കിയത്. അതിന്റെ ഭാഗമായി മലയാളം, ഇംഗ്ലീഷ് തിരക്കഥകള്‍ പൂര്‍ത്തിയാക്കി ഏല്‍പ്പിച്ചു. അതുപ്രകാരം മൂന്നുവര്‍ഷത്തിനുള്ളില്‍ ചിത്രീകരണം തുടങ്ങണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ മോഹന്‍ലാല്‍ ചിത്രമായ 'ഒടിയന്‍' സംവിധാനം ചെയ്യുന്ന ശ്രീകുമാര്‍ മേനോന് പറഞ്ഞ സമയത്ത് ചിത്രീകരണം തുടങ്ങാനായില്ല. ഒരുവര്‍ഷംകൂടി സമയം വേണമെന്നാവശ്യപ്പെട്ടപ്പോള്‍ അതും അനുവദിച്ചു. 

എന്നാല്‍, അതിനുശേഷവും സിനിമ തുടങ്ങാനുള്ള ഒരു പ്രവര്‍ത്തനവും ഇല്ലാതിരുന്നത് എം ടിയെ നിരാശനാക്കി. ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്കൊപ്പം എം ടിയും ഈ സിനിമയെ സ്വപ്‌ന പദ്ധതിയായാണ് കണ്ടിരുന്നത്. അണിയറ പ്രവര്‍ത്തകരുടെ മെല്ലെപ്പോക്കില്‍ മനംമടുത്ത് അദ്ദേഹം പിന്മാറാന്‍ തീരുമാനിക്കുകയായിരുന്നു.

എം ടിയുടെ വിഖ്യാത നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം 'മഹാഭാരത്' എന്ന പേരില്‍ രണ്ട് ഭാഗങ്ങളായി ഇറക്കുമെന്നായിരുന്നു പ്രഖ്യാപനം. ആദ്യഭാഗം ഇറങ്ങി നാലുമാസത്തിനുശേഷം രണ്ടാം ഭാഗവും ഇറക്കാനായിരുന്നു തീരുമാനം. മലയാളത്തിനുപുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ലക്ഷ്യമിട്ടായിരുന്നു സിനിമ. മോഹന്‍ലാലിനൊപ്പം ഹോളിവുഡിലെയും ബോളിവുഡിലെയും സൂപ്പര്‍താരങ്ങളെയും പ്രതീക്ഷിച്ചു.

ജാക്കിച്ചാനും അജയ്‌ദേവ്ഗനും നാഗാര്‍ജുനയും പ്രധാന വേഷങ്ങളില്‍ പറഞ്ഞുകേട്ട പേരുകളാണ്. ഓസ്‌കര്‍ ജേതാക്കളായ സാങ്കേതിക വിദഗ്ധരുടെ സാന്നിധ്യവും ഉറപ്പിച്ചിരുന്നു. യുദ്ധരംഗങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രശസ്‌ത ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ റിച്ചാര്‍ഡ് റയോണ്‍ എത്തുമെന്നായിരുന്നു പ്രഖ്യാപനം.

100 ഏക്കര്‍ സ്ഥലത്താണ് ചിത്രീകരണം ആസൂത്രണം ചെയ്‌ത‌ത്. എറണാകുളത്തും കോയമ്പത്തൂരും അതിനായി സ്ഥലം കണ്ടെത്തിയിരുന്നു. ഷൂട്ടിങ്ങിനുശേഷം 'മഹാഭാരത സിറ്റി' എന്ന പേരില്‍  മ്യൂസിയമാക്കാനും ആലോചനയുണ്ടായിരുന്നു.


പ്രധാന വാർത്തകൾ
 Top