14 November Thursday

രമ്യാ ഹരിദാസിന‌് വാഹനം വാങ്ങാൻ പണപ്പിരിവ‌്; പാലക്കാട‌് യൂത്ത‌് കോൺഗ്രസിൽ കലാപം

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019

പാലക്കാട‌്> രമ്യ ഹരിദാസ് എംപിക്ക് വാഹനം വാങ്ങാൻ പണപ്പിരിവ‌് നടത്തുന്നതിനെതിരെ യൂത്ത‌് കോൺഗ്രസിൽ കലാപം. ആയിരംരൂപയുടെ കൂപ്പൺ അച്ചടിച്ച‌് യൂത്ത് കോണ്‍​​ഗ്രസ് മണ്ഡലം കമ്മിറ്റികൾ മുഖേനയാണ് പണപ്പിരിവ‌്. 25നകം പണം നൽകാനാണ‌് നിർദേശം. ഓരോ മണ്ഡലം കമ്മിറ്റിക്കും രണ്ട‌് ലക്ഷംരൂപ വീതമാണ‌് ക്വാട്ട.

‘ആലത്തൂർ എംപി കുമാരി രമ്യ ഹരിദാസിന‌് വാഹനം വാങ്ങാനുള്ള സംഭാവന രശീതി’ എന്ന‌് അച്ചടിച്ച കൂപ്പണിൽ യൂത്ത‌് കോൺഗ്രസ‌് പാർലമെന്റ‌് മണ്ഡലം പ്രസിഡന്റ‌് പാളയം പ്രദീപാണ‌് ഒപ്പിട്ടിരിക്കുന്നത‌്. എംപിയെന്ന നിലയിൽ പ്രതിമാസം 1.90 ലക്ഷംരൂപ ശമ്പളവും അലവൻസും ലഭിക്കുമ്പോൾ പണം പിരിച്ച‌് വാഹനം വാങ്ങുന്നതിനെയാണ് പ്രവർത്തകർ ചോദ്യം ചെയ്യുന്നത്.

എംപിയെന്ന നിലയില്‍ സെക്രട്ടറി, സ‌്റ്റാഫ‌്, ഓഫീസ‌് അലവൻസ‌് എന്നിവ വേറെയുമുണ്ട‌്. വിമാന, ട്രെയിൻയാത്ര സൗജന്യമാണ‌്. പാർലമെന്റ‌് കൂടുമ്പോൾ ബത്തയും ലഭിക്കും. എംപിക്ക‌് അപേക്ഷിച്ചാലുടൻ ഈടില്ലാതെ ദേശസാൽക്കൃത ബാങ്കുകൾ വാഹനവായ‌്പ നൽകാന്‍ നിര്‍ദേശമുണ്ട്. ഈ സൗകര്യമുണ്ടായിട്ടും നാട്ടുകാരിൽനിന്ന‌് പണം പിരിച്ച‌് വാഹനം വാങ്ങുന്നതിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നിട്ടുള്ളത്.

നേതാക്കൾക്ക‌് അഴിമതി നടത്താനുള്ള ഉപാധിയാണ‌് വാഹനക്കൂപ്പണെന്നും എത്ര കൂപ്പൺ അച്ചടിച്ചുവെന്നത് മറച്ചുവച്ചിട്ടുണ്ടെന്നും പരക്കെ ആക്ഷേപമുണ്ട്.


പ്രധാന വാർത്തകൾ
 Top