20 August Tuesday

രമ്യയ്ക്ക് കാര്‍ വാങ്ങണമെങ്കില്‍ ലോണ്‍ കിട്ടുമെന്ന്‌ മുല്ലപ്പള്ളി; എംപിയുടെ ശമ്പളം കാർ വാങ്ങാൻ തികയില്ലെന്ന്‌ അനിൽ അക്കര

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2019

തിരുവനന്തപുരം > ആലത്തൂരിലെ എംപി രമ്യ ഹരിദാസിന് കാര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ തമ്മിലടി. എംപിക്ക്‌ കാർ വാങ്ങാനായി യൂത്ത് കോണ്‍ഗ്രസ് പിരിവെടുക്കുന്നത് ശരിയല്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. രമ്യയ്ക്ക് കാര്‍ വാങ്ങണമെങ്കില്‍ ലോണ്‍ കിട്ടുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. കാര്‍ വാങ്ങാനുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് അനില്‍ അക്കരെ എംഎല്‍എയും രംഗത്തുവന്നിരുന്നു. തീരുമാനം വിവാദമായതോടെയാണ് മുല്ലപ്പള്ളിയുടെ ഇടപെടല്‍.

എന്നാൽ എംപിയുടെ ശമ്പളം കാർ വാങ്ങാൻ തികയില്ലെന്ന്‌ പറഞ്ഞ്‌ അനിൽ അക്കര എംഎൽഎ മുല്ലപ്പള്ളിയെ തിരുത്തി രംഗത്തെത്തി.ബാങ്കിൽനിന്ന്‌ ലോൺ ലഭിക്കാൻ സാധ്യതയില്ലാത്തതുകൊണ്ടാണ്‌ തങ്ങൾ പിരിവ്‌ നടത്താൻ തീരുമാനിച്ചതെന്നാണ്‌ വിശദീകരണം.
 

ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലം കമ്മറ്റിയാണ് രമ്യയ്ക്ക് കാര്‍ വാങ്ങുന്നതിനായി പണം സ്വരൂപിക്കാന്‍ തീരുമാനിച്ചത്. ആലത്തൂര്‍ പാര്‍ലമെന്റ് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയാണ് ഇതിനായി സംഭാവന കൂപ്പണ്‍ ഇറക്കിയത്. ആയിരം രൂപയാണ് ഒരു സംഭാവന രസീതിന്റെ ചാര്‍ജ്. ബൂത്ത് കമ്മിറ്റികളിലൂടെ പ്രധാന യൂത്ത് കോൺഗ്രസ് നേതാക്കന്മാർക്കിടയിലാണ് പിരിവ് സംഘടിപ്പിക്കുന്നത്. തീരുമാനം വിവാദമായതോടെ പ്രതികരണവുമായി രമ്യ രംഗത്തെത്തിയിരുന്നു. 'യൂത്ത് കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസുകാരിയായ തങ്ങളുടെ എംപിക്കാണ് വാഹനം വാങ്ങി നല്‍കുന്നത്. അതില്‍ യാതൊരു തെറ്റുമില്ല. അഭിമാനം കൊള്ളുകയാണ് താന്‍ ചെയ്യുന്നതെന്നും രമ്യ പറഞ്ഞു.

‘ആലത്തൂർ എംപി കുമാരി രമ്യ ഹരിദാസിന‌് വാഹനം വാങ്ങാനുള്ള സംഭാവന രശീതി’ എന്ന‌് അച്ചടിച്ച കൂപ്പണിൽ യൂത്ത‌് കോൺഗ്രസ‌് പാർലമെന്റ‌് മണ്ഡലം പ്രസിഡന്റ‌് പാളയം പ്രദീപാണ‌് ഒപ്പിട്ടിരിക്കുന്നത‌്. എംപിയെന്ന നിലയിൽ പ്രതിമാസം 1.90 ലക്ഷംരൂപ ശമ്പളവും അലവൻസും ലഭിക്കുമ്പോൾ പണം പിരിച്ച‌് വാഹനം വാങ്ങുന്നതിനെയാണ് പ്രവർത്തകർ ചോദ്യം ചെയ്യുന്നത്.

എംപിയെന്ന നിലയില്‍ സെക്രട്ടറി, സ‌്റ്റാഫ‌്, ഓഫീസ‌് അലവൻസ‌് എന്നിവ വേറെയുമുണ്ട‌്. വിമാന, ട്രെയിൻയാത്ര സൗജന്യമാണ‌്. പാർലമെന്റ‌് കൂടുമ്പോൾ ബത്തയും ലഭിക്കും. എംപിക്ക‌് അപേക്ഷിച്ചാലുടൻ ഈടില്ലാതെ ദേശസാൽക്കൃത ബാങ്കുകൾ വാഹനവായ‌്പ നൽകാന്‍ നിര്‍ദേശമുണ്ട്. ഈ സൗകര്യമുണ്ടായിട്ടും നാട്ടുകാരിൽനിന്ന‌് പണം പിരിച്ച‌് വാഹനം വാങ്ങുന്നതിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നിട്ടുള്ളത്.

നേതാക്കൾക്ക‌് അഴിമതി നടത്താനുള്ള ഉപാധിയാണ‌് വാഹനക്കൂപ്പണെന്നും എത്ര കൂപ്പൺ അച്ചടിച്ചുവെന്നത് മറച്ചുവച്ചിട്ടുണ്ടെന്നും പരക്കെ ആക്ഷേപമുണ്ട്.
മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top