19 February Tuesday

ഓഖിയിലും അടിതെറ്റി ചെന്നിത്തല ; ശരിക്കുമുന്നിൽ ഉത്തരംമുട്ടി

എം കെ പത്മകുമാർUpdated: Thursday Aug 30, 2018ഒടുവിൽ ഓഖിഫണ്ട‌് ആരോപണവും പ്രതിപക്ഷനേതാവ‌് രമേശ‌് ചെന്നിത്തലയെ തിരിഞ്ഞുകുത്തി. പ്രളയദുരിതം അനുഭവിക്കുന്ന കേരളീയസമൂഹത്തെ അപമാനിക്കാനെന്നവണ്ണം തുടർച്ചയായി അടിസ്ഥാനരഹിത ആരോപണങ്ങളുന്നയിച്ച‌് ചെന്നിത്തല സ്വയം അപഹാസ്യനാകുകയാണ‌്.

രാഷ്ട്രീയം പറയാനില്ലെന്ന‌് കോൺഗ്രസ‌് പ്രസിഡന്റ‌് രാഹുൽ ഗാന്ധിയും ഒറ്റക്കെട്ടായി മുന്നേറാമെന്ന‌് പ്രവർത്തകസമിതി അംഗം എ കെ ആന്റണിയും പറഞ്ഞതൊന്നും ചെന്നിത്തല കേട്ടമട്ടില്ല. ബിജെപിക്കൊപ്പം ചേർന്ന‌് സംസ്ഥാന സർക്കാരിനെ ആക്രമിക്കുന്ന തിരക്കിലാണ‌് ഇപ്പോൾ അദ്ദേഹം. ഓഖി ദുരിതാശ്വാസ നിധിയിലേക്ക‌് ലഭിച്ച പണം വേണ്ടത്ര ചെലവഴിച്ചില്ലെന്നായിരുന്നു ചെന്നിത്തല ഉന്നയിച്ച പ്രധാന ആരോപണം. ഇതാകട്ടെ അഞ്ചുമാസം മുമ്പത്തെ വിവരാവകാശരേഖയുടെ ബലത്തിലും.

ശരിക്കുമുന്നിൽ ഉത്തരംമുട്ടി
മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ ഫണ്ട‌് ചെലവഴിച്ചതിന്റെ വിശദാംശം പുറത്തുവിട്ടതോടെ ചെന്നിത്തലയ‌്ക്ക‌് വീണ്ടും ഉത്തരംമുട്ടി. കൃത്യമായ വരവും ഇനംതിരിച്ചുള്ള ചെലവുമാണ‌് മുഖ്യമന്ത്രി പുറത്തുവിട്ടത‌്. ദുരിതാശ്വാസനിധിയിലേക്ക‌് 104.24 കോടി കിട്ടിയതിൽ വെറും 25.11 കോടി മാത്രമാണ‌് ചെലവഴിച്ചതെന്നായിരുന്നു മറ്റൊരു ആരോപണം.  യഥാർഥത്തിൽ ലഭിച്ചത‌് 107 കോടിയും ചെലവഴിച്ചത‌് 66.68 കോടിയുമാണ‌്. ഇതിനുപുറമെ, ഇപ്പോൾ നടപടി സ്വീകരിച്ചുവരുന്നതും ഉത്തരവ് പുറപ്പെടുവിക്കാനുമായുള്ള കാര്യത്തിന് 84.90 കോടി  ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. മത്സ്യത്തൊഴിലാളി മേഖലയിൽ ഇനിയും പദ്ധതികൾ നടപ്പാക്കുന്നതോടെ കൂടുതൽ തുക വേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പേറ്റന്റ‌് സംഘപരിവാറിന‌് ഓഖി കേരളത്തെ കശക്കി എറിഞ്ഞതിനുശേഷം നാലുമാസം മാത്രം കഴിഞ്ഞപ്പോൾ സമർപ്പിച്ച വിവരാവകാശരേഖയായിരുന്നു ചെന്നിത്തലയുടെ പിടിവള്ളി. ഇതാകട്ടെ ദുരിതാശ്വാസനിധിയിലേക്ക‌ുള്ള ഫണ്ട‌് വരവ‌് പൂർണമാകുന്നതിനും പദ്ധതികൾ പൂർത്തിയാകുന്നതിനുംമുമ്പ‌് സമർപ്പിച്ച അപേക്ഷയുടെ ബലത്തിൽ ആരോപണം ഉന്നയിച്ചത‌് സർക്കാർ നടപടികളെക്കുറിച്ച‌് ഒരുപിടിയുമില്ലാത്തതുകൊണ്ടല്ല. മന്ത്രിയായും മറ്റും പ്രവർത്തിച്ചയാൾ സംഘപരിവാറുകാരുടെ സമൂഹമാധ്യമ വിഡ‌്ഢിത്തങ്ങൾ ഏറ്റെടുത്തതായിരുന്നു.രക്ഷാപ്രവർത്തനത്തിന്റെ പൂർണ ചുമതല  സൈന്യത്തിന‌് നൽകണം, പ്രളയത്തിന‌് കാരണം ഡാമുകൾ തുറന്നത‌് എന്നൊക്കെയുള്ള വെളിപാടുകളുടെ പേറ്റന്റ‌് സംഘപരിവാറിനുള്ളതാണ‌്. ഓഖിയുടെ കാര്യവും തഥൈവ. ‘മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക‌് സംഭാവന അരുത‌്’ എന്ന ബിജെപി അജൻഡ നടപ്പാക്കുകയെന്ന ലക്ഷ്യംകൂടി ഒാഖി ആരോപണത്തിനു പിന്നിലുണ്ട‌്. ‘സമ്പാദ്യക്കുടുക്ക പൊട്ടിച്ച‌് ദുരിതാശ്വാസനിധിയിലേക്ക‌് സംഭാവന നൽകാൻ വരുന്ന കൊച്ചു കുട്ടികളോടുപോലും ചെന്നിത്തല അയ്യോ കൊടുക്കരുതേ’’ എന്ന‌് പറയുകയാണെന്നാണ‌് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞത‌്. ദുരിതാശ്വാസ നിധിയിലേക്ക‌് കോൺഗ്രസ‌് സംഭാവന നൽകാത്തതും ഇതേ അജൻഡ നടപ്പാക്കുന്നതിന്റെ ഭാഗമായിത്തന്നെ. അതേസമയം, യുഡിഎഫ‌് ഘടകകക്ഷിയായ മുസ്ലിംലീഗും  മാണി കോൺഗ്രസും മുഖ്യമന്ത്രിയുടെ നിധിയിലേക്ക‌് സംഭാവന ചെയ‌്തിട്ടുണ്ട‌്.

ഒന്നിനൊന്നോട‌് സാദൃശ്യം
ചെന്നിത്തലയെയും കേരളത്തിലെ ബിജെപി നേതാക്കളെയും പരസ‌്പരം തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ. ഉന്നയിക്കുന്നത‌്   ഒരേ ആരോപണം, വിളമ്പുന്നത‌് ഒരേ വിഡ‌്ഢിത്തം. യാദൃശ‌്ചികമെന്നു പറഞ്ഞ‌് ഇതിനെ തള്ളിക്കളയാനാകില്ല. ഓഖി ഫണ്ട‌് ആരോപണങ്ങൾ ഉന്നയിച്ചതിന്റെ പിറ്റേന്ന‌് ഇറങ്ങിയ ജന്മഭൂമി കണ്ടാൽ അറിയാം ചെന്നിത്തല‐സംഘപരിവാർ സഖ്യത്തിന്റെ വ്യാപ‌്തി. ചെന്നിത്തലയുടെ ആരോപണങ്ങളാണ‌് വള്ളിപുള്ളി തെറ്റാതെ  ‘അന്വേഷണത്തിന‌് സമ്മർദമേറി’ എന്ന ഒന്നാം പേജിലെ മുഖ്യവാർത്തയിൽ ഉൾപ്പെടുത്തിയിട്ടുള്ളത‌്. ‘ഞാൻ കൽപ്പിക്കും, നീ പ്രവൃത്തിക്കും’ എന്ന മട്ടിലാണിപ്പോൾ ബിജെപി‐ ചെന്നിത്തല ബന്ധം.

പ്രധാന വാർത്തകൾ
 Top