15 May Saturday
ചെന്നിത്തലക്കെതിരെ‌ അന്വേഷണം വേണമെന്ന്‌ സ്ഥാനമൊഴിഞ്ഞ മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ

വോട്ടർപട്ടിക ചോർത്തലിൽ ചെന്നിത്തല കുടുങ്ങും; നഷ്‌ടപരിഹാരത്തിന്‌ കോടതിയെ സമീപിക്കാം

സ്വന്തം ലേഖകൻUpdated: Thursday Apr 15, 2021

തിരുവനന്തപുരം > വോട്ടർമാരുടെ വ്യക്തിവിവരങ്ങൾ വിദേശത്ത്‌ സെർവറുള്ള കമ്പനിക്ക്‌ കൈമാറിയ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ നടപടിയെക്കുറിച്ച്‌ അന്വേഷണം വേണമെന്ന്‌ സ്ഥാനമൊഴിഞ്ഞ മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ സുനിൽ അറോറ. സ്വകാര്യത ഹനിക്കപ്പെട്ട വോട്ടർമാർക്ക്‌ നഷ്ടപരിഹാരത്തിന്‌ കോടതിയെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു. ദ ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിന്‌ നൽകിയ അഭിമുഖത്തിലാണ്‌ ചെന്നിത്തലയുടെ നടപടി ഗുരുതര കുറ്റമാണെന്ന്‌ സുനിൽ അറോറ സൂചന നൽകിയത്‌.

വിദേശത്ത്  ഐപി അഡ്രസുള്ള വെബ്സൈറ്റിൽ വോട്ടർപട്ടിക പ്രദർശിപ്പിച്ചതിലും വോട്ടർമാരുടെ വിവരങ്ങൾ കൈമാറിയതിലും‌ അന്വേഷണം ആവശ്യമാണ്‌. തെരഞ്ഞെടുപ്പ്‌ കമീഷന്റെ കംപ്യൂട്ടർ സ്രോതസ്സിൽനിന്നുള്ള വിവരങ്ങളാണ്‌ പ്രതിപക്ഷനേതാവ്‌ ചോർത്തിയതെങ്കിൽ ഐടി നിയമം സെക്‌ഷൻ 43, ഇന്ത്യൻ ശിക്ഷാ നിയമം  സെക്‌ഷൻ 378 എന്നിവ പ്രകാരം നടപടി നേരിടേണ്ടിവരും. രാഷ്‌ട്രീയകക്ഷികൾക്ക്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ സ്വമേധയാ നൽകുന്ന വോട്ടർപട്ടികയിലെ വിവരങ്ങളാണ്‌ പ്രതിപക്ഷനേതാവ്‌ ഉപയോഗിച്ചതെങ്കിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 405 (ക്രിമിനൽ വിശ്വാസവഞ്ചന), 505 (പൊതുകുഴപ്പങ്ങൾക്ക് കാരണമാകുന്ന പ്രസ്താവന) എന്നിവയനുസരിച്ച്‌ ശിക്ഷാർഹമാണ്‌‌. സ്വകാര്യതയ്‌ക്കുള്ള അവകാശം പൗരന്റെ മൗലികാവകാശമാണെന്ന്‌ പുട്ടസ്വാമി കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്‌. ബന്ധപ്പെട്ട വ്യക്തികൾക്ക്‌ നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിക്കാം– സുനിൽ അറോറ പറഞ്ഞു.

സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആരെങ്കിലും വോട്ടർപട്ടികയിൽ ക്രമക്കേട്‌ കാട്ടാൻ ശ്രമിച്ചതായി ഒരു വിവരവും തങ്ങൾക്ക്‌ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതീവ സൂക്ഷ്‌മതയോടെയാണ്‌ കമീഷൻ വോട്ടർപട്ടിക തയ്യാറാക്കുന്നത്‌. തുടർച്ചയായി പുതുക്കപ്പെടുന്ന പട്ടികയാണ് ഇത്‌. വോട്ടർമാരെ ഉൾപ്പെടുത്താനും ഒഴിവാക്കാനുമെല്ലാം കൃത്യമായ നടപടിക്രമമുണ്ട്‌. അർഹതപ്പെട്ട വോട്ടവകാശം നിഷേധിക്കപ്പെടുമെന്നതിനാൽ ഒഴിവാക്കൽ അതീവ ശ്രദ്ധയോടെയാണ്‌ ചെയ്യുക. പലപ്പോഴും മേൽവിലാസം മാറിപ്പോകുന്നവരുടെ വോട്ട്‌ ഇരട്ടിച്ച്‌ വരുന്നത്‌ അതുകൊണ്ടാണെന്നും സുനിൽ അറോറ പറഞ്ഞു.

ഇരട്ടവോട്ട്‌ ക്ലറിക്കൽ പിഴവ്‌

വോട്ടർപട്ടിക പുതുക്കുമ്പോൾ സംഭവിച്ച ക്ലറിക്കൽ പിഴവാണ്‌ വോട്ട്‌ ഇരട്ടിപ്പിന്‌ കാരണം. പുതിയ താമസസ്ഥലത്ത്‌ വോട്ട്‌ ചേർക്കാൻ അപേക്ഷ നൽകുന്ന പലരും പഴയ വിലാസത്തിലെ വോട്ട്‌ നീക്കംചെയ്യാൻ അപേക്ഷിക്കാറില്ല. ജനസംഖ്യാപരമായി സമാനമായ രേഖപ്പെടുത്തൽ (ഡിഎസ്‌ഇ) എന്നാണ്‌ ഇത്തരം വോട്ടുകൾ അറിയപ്പെടുന്നത്‌. സ്ഥലത്തില്ലാത്തവർ, സ്ഥലംമാറിപ്പോയവർ, മരിച്ചവർ/ ഇരട്ടിച്ചവർ എന്നിങ്ങനെയുള്ള വിഭാഗങ്ങളിലെ (എഎസ്‌ഡി) 38,586 വോട്ടർമാരുടെ പട്ടിക വിശദമായ പരിശോധനയിലാണ്‌ തയ്യാറാക്കിയത്‌. ഇത്‌ പ്രിസൈഡിങ്‌ ഓഫീസർമാർക്ക്‌ മാത്രമല്ല, രാഷ്‌ട്രീയ പാർടികൾക്കും ഹൈക്കോടതിവിധിയുടെ അടിസ്ഥാനത്തിൽ നൽകിയിട്ടുണ്ടെന്നും സുനിൽ അറോറ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top