22 June Tuesday

സർവ ആയുധവും 
നഷ്ടപ്പെട്ട്‌ ചെന്നിത്തല ; കള്ളവോട്ട്‌, ഇരട്ടവോട്ട്‌, 
ബൂത്ത്‌ പിടിത്തം ഇത്യാദി 
ആരോപണ കലാപരിപാടികൾ
 ഇക്കുറിയില്ല

റഷീദ്‌ ആനപ്പുറംUpdated: Tuesday May 4, 2021


തിരുവനന്തപുരം
എൽഡിഎഫ്‌ ചരിത്രവിജയത്തെ ഇകഴ്‌ത്താൻ എല്ലാകാലത്തും യുഡിഎഫ്‌ എടുത്തുപയോഗിക്കുന്ന കള്ളവോട്ട്‌, ഇരട്ടവോട്ട്‌, ബൂത്ത്‌ പിടിത്തം ഇത്യാദി കലാപരിപാടികൾ ഇക്കുറിയില്ല. സർക്കാരിനും എൽഡിഎഫിനുമെതിരായ എല്ലാ തിരക്കഥയും എട്ടുനിലയിൽ പൊട്ടിയതോടെ  ഇനിയൊരു തിരക്കഥ രചിക്കാനുള്ള ശേഷി  ചെന്നിത്തലയ്‌ക്കും കൂട്ടർക്കുമില്ല. ഇരട്ടവോട്ടെന്നത്‌ ആദ്യമേ എടുത്തുപയോഗി‍ച്ചതിനാൽ ചെന്നിത്തലയ്‌ക്ക്‌ ഇനി പറയാനും കഴിയില്ല.  സ്വന്തം മുന്നണിയിൽനിന്നും പാർടിയിൽനിന്നും ഉയരുന്ന എതിർപ്പുകൾ നേരിടാൻ പുതിയ ആയുധങ്ങൾ തപ്പേണ്ട ഗതികേടിലാണ്‌.

എൽഡിഎഫ്‌ വിജയിക്കുമ്പോൾ ആ മേന്മയുടെ മാറ്റ്‌ കുറയ്‌ക്കാൻ അവയെ തെരഞ്ഞെടുപ്പ്‌ കൃത്രിമമായാണ്‌ യുഡിഎഫും ബിജെപിയും വിശേഷിപ്പിക്കുക. കള്ളവോട്ട്‌, ബൂത്ത്‌ പിടിത്തം തുടങ്ങിയവയാണ്‌ ഇതിനായി ഉപയോഗിക്കുന്ന പൊയ്‌വെടി. ആദ്യം മാധ്യമങ്ങളെക്കൊണ്ട്‌ വാർത്ത സൃഷ്‌ടിക്കും. പിന്നാലെ വാർത്താ സമ്മേളനം, പ്രസ്‌താവന, പരാതി, ഗവർണറെ കാണൽ... ഇങ്ങനെ പല വേഷങ്ങളിൽ പല നാടകങ്ങൾ. ഇതിനെല്ലാം എരിവ്‌ പകർന്ന്‌ മാധ്യമങ്ങളും എന്നും  ഒപ്പമുണ്ടാകും. കണ്ണൂർ ജില്ലയെയാണ്‌ ഇക്കാര്യത്തിൽ ഏറെ ആക്ഷേപിക്കുക.  ‘പാർടി ഗ്രാമങ്ങളിൽ ’ കള്ളവോട്ടും ബൂത്ത്‌ പിടിത്തവും നടന്നെന്നാകും പറയുക.   എൽഡിഎഫിന്‌ ഭരണത്തുടർച്ച ഉറപ്പാണെന്ന്‌ മനസ്സിലാക്കിയ യുഡിഎഫ്‌ ഇക്കുറി ഈ കഥ ആദ്യമേ എടുത്തിട്ടു. മൂന്നര ലക്ഷം ഇരട്ടവോട്ടുണ്ടെന്നാണ്‌ പ്രതിപക്ഷ നേതാവ്‌ കണ്ടെത്തിയത്‌. സ്വന്തം  വീട്ടിലുള്ളവർക്കും യുഡിഎഫ്‌ സ്ഥാനാർഥികൾക്കും  ബന്ധുക്കൾക്കും നേതാക്കൾക്കും ഇരട്ട വോട്ടുണ്ടെന്നത്‌ തെളിവ്‌ സഹിതം പുറത്തുവന്നപ്പോഴും ചെന്നിത്തല കുലുങ്ങിയില്ല.

അദ്ദേഹം ഇരട്ട വോട്ടർമാരുടെ പട്ടിക പുറത്തുവിട്ടു. കോടതിയെയും സമീപിച്ചു. എന്നാൽ, ഇരട്ടകളുടെ വോട്ടും പേരുകൊണ്ടും ഫോട്ടോകൊണ്ടും സാമ്യമുള്ളവരുടെ വോട്ടും  ചെന്നിത്തലയുടെ പട്ടികയിൽ സ്ഥാനം പിടിച്ചതോടെ ആ കഥയും എട്ടുനിലയിൽ പൊട്ടി. ഏതായാലും ഇരട്ട വോട്ട്‌ ആയുധം ആദ്യമേ ലക്ഷ്യം തെറ്റിയതോടെ തെരഞ്ഞെടുപ്പിനുശേഷം അവ വീണ്ടും തൊടുക്കാൻ  യുഡിഎഫിനായില്ല.ഇരട്ട വോട്ടുള്ളവർ ഒരു വോട്ടുമാത്രമാണ്‌ ചെയ്‌തതെന്ന്‌ ഉറപ്പ്‌ വരുത്താൻ ഹൈക്കോടതിയും തെരഞ്ഞെടുപ്പ്‌ കമീഷനും എല്ലാ നടപടിയും സ്വീകരിച്ചിരുന്നു. തെരഞ്ഞെടുപ്പ്‌ ദിവസമോ പിന്നീടോ അത്തരമൊരു ആരോപണവും യുഡിഎഫിന്‌ ഉന്നയിക്കാനായില്ല. മാത്രമല്ല, കള്ളവോട്ടിന്‌ പിടിക്കപ്പെട്ട ഏതാനും പേരാകട്ടെ യുഡിഎഫ്‌ പ്രവർത്തകരുമായിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top