18 June Friday
ചെന്നിത്തല ഉയർത്തിയ 
കഴമ്പില്ലാത്ത ആരോപണങ്ങൾ തിരിച്ചടിയായെന്ന്‌ 
പ്രവർത്തകർ

ജയിച്ചിട്ടും തോറ്റ്‌ ചെന്നിത്തല ; പ്രതിപക്ഷ നേതാവിന്റെ പദവിക്ക്‌ 
ലീഗ്‌ കനിയണം

വെബ് ഡെസ്‌ക്‌Updated: Sunday May 2, 2021


തിരുവനന്തപുരം
കേരളത്തിൽ യുഡിഎഫ്‌ നിലംപരിശായപ്പോൾ ആഘാതമേറെ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയ്‌ക്ക്‌. പരാജയത്തിന്റെ പൂർണ  ഉത്തരവാദിത്തം ചെന്നിത്തലയുടെ തലയിലാകും. യുഡിഎഫിന്റെ നില ഇത്രയും മോശമാക്കിയത്‌ ചെന്നിത്തല ഉയർത്തിയ കഴമ്പില്ലാത്ത ആരോപണങ്ങളാണെന്ന്‌ കോൺഗ്രസുകാർതന്നെ പരസ്യമായി പറഞ്ഞുതുടങ്ങി. ലീഗിന്റെ കനിവിലേ ഇനി ചെന്നിത്തലയ്‌ക്ക്‌ പ്രതിപക്ഷ നേതാവാകാനാകൂ. ഉമ്മൻചാണ്ടിയോടാണ്‌ ലീഗിന്‌ കൂടുതൽ താൽപ്പര്യമെന്നതിനാൽ ചെന്നിത്തലയ്‌ക്ക്‌ പ്രതിപക്ഷനേതാവിന്റെ സ്ഥാനം തിരികെ കിട്ടുമോയെന്നും കണ്ടറിയണം.

സർക്കാരിന്റെ എല്ലാ പ്രവർത്തനങ്ങളെയും പിന്നിൽനിന്ന്‌ കുത്തിയ ചെന്നിത്തലയുടെ നിലപാട്‌ ജനങ്ങൾക്കിടയിൽ വലിയ അവമതിപ്പുണ്ടാക്കി.  സാലറി ചലഞ്ചിനെതിരായ നിലപാടിലൂടെ പ്രളയകാലത്ത്‌ ചെന്നിത്തല സർക്കാരിന്റെ  അതിജീവനത്തിന്‌ പാരവച്ചു.  കോവിഡ്‌കാലത്തും സർക്കാരിനെ കുറ്റപ്പെടുത്താൻ മുന്നിലുണ്ടായിരുന്ന ചെന്നിത്തല തദ്ദേശഭരണസമയത്ത്‌ ഭക്ഷ്യകിറ്റ്‌ വിതരണം മുടക്കാനും ശ്രമിച്ചു. ഇതോടൊപ്പം അനാവശ്യ ആരോപണങ്ങളിലൂടെ കേരളത്തിന്റെ വികസനം മുടക്കാനും ശ്രമിച്ചു. ബിജെപിയുമായി ചേർന്ന്‌ സ്വർണക്കടത്തുപോലുള്ള സംഭവങ്ങളിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിച്ചതും തിരിച്ചടിയായി. ഇതിന്റെ ക്ഷീണം ഏറെ സംഭവിച്ചത്‌ കോൺഗ്രസിനാണെന്ന്‌  നേതാക്കൾ പറയുന്നു.

പ്രതിപക്ഷ നേതാവെന്ന നിലയിൽ ഉയർത്തിയ എല്ലാ ആരോപണവും തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ജനങ്ങൾ തള്ളിയിട്ടും നിയമസഭാ തെരഞ്ഞെടുപ്പിലും ഇത്‌ ആവർത്തിച്ചു. ഇത്‌ യുഡിഎഫ്‌ ജനങ്ങൾക്കെതിരാണെന്ന പ്രതീതിയുണ്ടാക്കിയെന്ന്‌ ഒരു ഉയർന്ന യുഡിഎഫ്‌ നേതാവ്‌ കുറ്റപ്പെടുത്തി. പരാജയം അംഗീകരിക്കുന്നുവെന്ന്‌ പുറമെയ്‌ക്ക്‌ പറഞ്ഞെങ്കിലും വല്ലാതെ ഒറ്റപ്പെട്ട നിലയിലാണ്‌ ചെന്നിത്തല. സോഷ്യൽ മീഡിയ ട്രോളുകൾ ജനങ്ങളുടെ പ്രതിഷേധം വിളിച്ചോതുന്നതാണ്‌. യുഡിഎഫ്‌ യോഗങ്ങളിൽ ഇതിനെല്ലാം ചെന്നിത്തല മറുപടി പറയേണ്ടിവരും. ഹരിപ്പാട്ട്‌ അദ്ദേഹത്തിന്റെ വിജയംതന്നെ ബിജെപി വോട്ട്‌ വാങ്ങിയാണെന്ന ആരോപണവും ഉയർന്നുകഴിഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top