07 August Friday

നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപേ ചെന്നിത്തലയെ വെട്ടാൻ ഉമ്മൻചാണ്ടി

പ്രത്യേക ലേഖകൻUpdated: Tuesday Jun 23, 2020

തിരുവനന്തപുരം > കേരള കോൺഗ്രസിലെ ഏറ്റുമുട്ടലും മുസ്ലിംലീഗിന്റെ തീവ്രവാദ കൂട്ടുകെട്ടും യുഡിഎഫിൽ‌ നീറിപ്പുകയുന്നതിനിടെ രമേശ്‌ ചെന്നിത്തലയ്‌‌ക്കെതിരെ ഒളിയമ്പുമായി ഉമ്മൻചാണ്ടി. നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടിയാൽ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ്‌ തീരുമാനിക്കുമെന്ന പ്രഖ്യാപനം ചെന്നിത്തലയ്‌‌ക്കെതിരായ ബദൽനീക്കം ശക്തമാക്കിയതിന്റെ സൂചനയാണ്‌.

ഇതിനിടെ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനെ പരസ്യമായി തള്ളിയ ലീഗ്‌, സെക്രട്ടറിയറ്റിനു മുന്നിലെ സമരവേദിയിൽ അദ്ദേഹത്തെ ഒഴിവാക്കി. പ്രതിപക്ഷ ഉപനേതാവ്‌ എം കെ മുനീറിന്റെ നേതൃത്വത്തിലായിരുന്നു സമരം. മുല്ലപ്പള്ളിയെ അവഗണിച്ച്‌ മുന്നോട്ടുപോകാനാണ്‌ ലീഗ്‌ നേതൃത്വത്തിൽ ധാരണ. ചെന്നിത്തലയ്‌ക്കെതിരായ ഉമ്മൻചാണ്ടിയുടെ അപ്രതീക്ഷിത നീക്കം ഐ ഗ്രൂപ്പ്‌ കേന്ദ്രങ്ങളെ ഞെട്ടിച്ചു. ഒരു വർഷം കഴിഞ്ഞ്‌ വരുന്ന  നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയാൽ മുഖ്യമന്ത്രിസ്ഥാനത്തേക്ക്‌ അവകാശവാദം ഉന്നയിക്കുമെന്ന സൂചനയാണിത്‌.

അതിനിടെ വെൽഫെയർ പാർടി സഹകരണത്തിൽ ലീഗിനെ ന്യായീകരിച്ചും‌ ഉമ്മൻചാണ്ടി രംഗത്ത്‌ വന്നു. ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ തെരഞ്ഞെടുപ്പിൽ എസ്‌ഡിപിഐ പിന്തുണയോടെ കോൺഗ്രസ്‌ വിജയിച്ചതിനു പിന്നാലെയാണ്‌ ലീഗ്‌–-വെൽഫെയർ പാർടി സഖ്യത്തെ ഉമ്മൻചാണ്ടി ന്യായീകരിച്ചത്‌. കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ മൗനാനുവാദത്തോടെയാണ്‌ ലീഗ്‌ നീക്കമെന്ന്‌ ഇതോടെ വ്യക്തമായി. കേരള കോൺഗ്രസിലെ തർക്കം രൂക്ഷമായതിനിടെ കോട്ടയം  ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനം സംബന്ധിച്ച്‌ മുന്നണി തീരുമാനം നടപ്പാക്കാൻ യുഡിഎഫ്‌ ആർജവം കാട്ടണമെന്ന്‌ പി ജെ ജോസഫ്‌ ആവശ്യപ്പെട്ടു. രാജിക്ക്‌ തയ്യാറല്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്‌ ജോസ്‌ കെ മാണി പക്ഷം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top