30 July Friday

വീണ്ടും നെഗറ്റീവ്‌ രാഷ്ട്രീയമിറക്കി ചെന്നിത്തലയും മുല്ലപ്പള്ളിയും

റഷീദ്‌ ആനപ്പുറംUpdated: Monday Apr 26, 2021

തിരുവനന്തപുരം
വാക്‌സിൻ ചലഞ്ചിനെതിരെ  രമേശ്‌ ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും സ്വീകരിച്ച നിലപാട്‌ അവരുടെ തനിനിറം വെളിപ്പെടുത്തുന്നത്‌. എല്ലാവരും ഒരുമിച്ച്‌ നിൽക്കേണ്ട സമയത്ത്‌ രാഷ്‌ട്രീയം കലർത്തി ജനങ്ങളുടെ ഒരുമയ്‌ക്ക്‌ വിലങ്ങിടാനാണ്‌ ഇവരുടെ നീക്കം. ഇതിൽ യുഡിഎഫിലെ ചില സംഘടനകൾക്കും അതൃപ്‌തിയുണ്ട്‌.  വാക്‌സിൻ ചലഞ്ചുമായി സഹകരിക്കുമെന്ന  ലീഗ്‌ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ പരസ്യമായ ആഹ്വാനം ഇതിന്റെ ഭാഗമാണ്‌. വരുദിവസങ്ങളിൽ സമാന നിലപാട്‌ യുഡിഎഫിലെ മറ്റ്‌ കക്ഷികളും സ്വീകരിക്കും.
 
വാക്‌സിൻ ചലഞ്ച്‌ യുഡിഎഫ്‌ ഏറ്റെടുക്കില്ലെന്നും  ചലഞ്ച്‌ ആവശ്യമില്ലെന്നുമാണ്‌  പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞത്‌. വാക്‌സിൻ ചലഞ്ചിലൂടെ ധനസമാഹരണം നടത്തുന്നത്‌ അംഗീകരിക്കാനാകില്ലെന്നാണ്‌ കെപിസിസി പ്രസിഡന്റ്‌  മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞത്‌.  യുഡിഎഫ്‌ ശനിയാഴ്‌ച ഓൺലൈൻ യോഗം ചേർന്നിരുന്നു. എല്ലാ നിലയ്‌ക്കും  സർക്കാരുമായി സഹകരിക്കാനാണ്‌ തീരുമാനിച്ചത്‌.  ഇക്കാര്യം ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നാൽ വാക്‌സിൻ ചലഞ്ച്‌ ആവശ്യമില്ലെന്നാണ്‌ പരസ്യമായി പറഞ്ഞത്‌. വാക്‌സിൻ ചലഞ്ച്‌ പ്രതിപക്ഷം ഏറ്റെടുക്കുമോയെന്ന ചോദ്യത്തിന്‌ ഇല്ലെന്നും അത്‌ മുഖ്യമന്ത്രി നടത്തട്ടെയെന്നും  സിപിഐ എമ്മിന്റെ പരിപാടിയാണ്‌ ചലഞ്ചെന്നും ചെന്നിത്തല പറഞ്ഞു.

മുല്ലപ്പള്ളിയും സമാനമായ നിലപാടാണ്‌ എടുത്തത്‌.  ചലഞ്ചിലൂടെ ധനസമാഹരണം നടത്തുന്നത് അംഗീകരിക്കാനാകില്ലെന്നാണ്‌ അദ്ദേഹത്തിന്റെ വാദം.  പ്രളയസമയത്ത്‌ സാലറി ചലഞ്ചിനെതിരെ സ്വീകരിച്ച  നിലപാടിന്‌ സമാനമാണ്‌ ഇതും. വാക്‌സിൻ ചലഞ്ച്‌  സൗജന്യ വാക്‌സിനുള്ള സഹായം മാത്രമല്ല. വാക്‌സിന്‌ കൊള്ളവില നിശ്‌ചയിച്ച കേന്ദ്രസർക്കാരിനെതിരായ പ്രതിരോധംകൂടിയാണ്‌. അതിനൊപ്പം നിൽക്കേണ്ട പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും വിരുദ്ധ നിലപാട്‌ സ്വീകരിച്ചത്‌ പൊതുസമൂഹത്തിൽ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്‌.

ചെന്നിത്തല പറഞ്ഞത്‌


ചോദ്യം: വാക്‌സിൻ ചലഞ്ച്‌ പ്രതിപക്ഷം ഏറ്റെടുക്കുമോ?  ചെന്നിത്തല: ഇല്ല. അതൊന്നും ഞങ്ങൾ ആലോചിച്ചിട്ടില്ല. അത്‌ അദ്ദേഹം (മുഖ്യമന്ത്രി) ചെയ്‌താൽ മതി. ബജറ്റിൽ പ്രഖ്യാപിച്ചതാണല്ലോ. പിന്നെ എന്തിന്‌ ചലഞ്ച്‌‘?

മുല്ലപ്പള്ളി പറഞ്ഞത്‌

സാലറി ചലഞ്ചിലൂടെ കുപ്രസിദ്ധി നേടിയ മുഖ്യമന്ത്രി ഇപ്പോൾ വാക്‌സിൻ ചലഞ്ചിലൂടെ ധനസമാഹരണം നടത്തുന്നത് അംഗീകരിക്കാനാകില്ല. പ്രളയ നിധിയുമായി ബന്ധപ്പെട്ട് ലോകമാകെ സഞ്ചരിച്ച് കോടികൾ സമാഹരിച്ച മുഖ്യമന്ത്രി ഇതുവരെ പൊതുജനങ്ങൾക്ക് മുന്നിൽ കണക്ക് വയ്ക്കാൻ തയ്യാറായിട്ടില്ല. സുതാര്യത ഇല്ലാത്ത ഫണ്ട് പരിവിന് പേരുകേട്ട സിപിഐ എമ്മിന്റെ മുഖ്യമന്ത്രിയിൽനിന്ന് ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കാനില്ല


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top