14 July Tuesday

ആപ്പ് തയ്യാറാക്കിയതില്‍ അഴിമതിയെന്ന ചെന്നിത്തലയുടെ വാദം നേരത്തെ പൊളിഞ്ഞത്; 50 പൈസ ആപ്പ് നിര്‍മാതാക്കള്‍ക്ക് ലഭിക്കുമെന്നത് നുണ

വെബ് ഡെസ്‌ക്‌Updated: Tuesday May 26, 2020

തിരുവനന്തപുരം> മദ്യവിതരണത്തിനു ആപ്പ് തയ്യാറാക്കിയതിനു പിന്നില്‍ അഴിമതിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാദം നേരത്തെ പൊളിഞ്ഞത്. ആപ്പ് തയ്യാറാക്കിയ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഫയര്‍ കോഡിന് 2,84,203 രൂപയാണ് ആകെ ലഭിക്കുക എന്ന വിവരം നേരത്തെ  പുറത്തുവന്നിരുന്നു.

അന്നു പിന്നോട്ടുപോയ ചെന്നിത്തലയാണ് ബാറുടമകളുമായുള്ള കരാറിന്റെ പകര്‍പ്പുമായി അസംബന്ധ വാദം ഉന്നയിച്ച് വീണ്ടും രംഗത്തെത്തിയത്. മദ്യം വില്‍ക്കുമ്പോള്‍ ടോക്കണൊന്നിന് 50 പൈസ വീതം ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും ബിവറേജസ് കോര്‍പറേഷനു നല്‍കണമെന്ന കരാറാണ് പുതിയതെന്ന പേരില്‍ പ്രതിപക്ഷ നേതാവ് 'പുറത്തുവിട്ടത്'.



ഈ 50 പൈസ ആപ്പ് നിര്‍മാതാക്കള്‍ക്ക് ലഭിക്കുമെന്ന നുണയാണ് അദ്ദേഹം തട്ടിവിട്ടത്. ആപ്പ് തയ്യാറാക്കുന്നതിനു കമ്പനിയുമായുണ്ടാക്കിയ കരാറില്‍ അവര്‍ക്ക് നല്‍കുന്ന തുക വ്യക്തമായി പറഞ്ഞിട്ടുണ്ട്. ആപ്പിന്റെ നിര്‍മാണത്തിനും ഒരു വര്‍ഷം വരെയുള്ള പരിപാലനത്തിനുമായി 2,84,203 രൂപയാണ് കമ്പനിക്കു ലഭിക്കുക. ഒരു വര്‍ഷത്തെ വാറന്‍ഡി തുക ഉള്‍പ്പെടെയാണിത്. ഒരു വര്‍ഷത്തിനു ശേഷം കരാര്‍ നീട്ടിയാല്‍ മാത്രം അടുത്ത ഒരു വര്‍ഷത്തേക്കുള്ള ചാര്‍ജായി രണ്ടു ലക്ഷം രൂപ നല്‍കണം. 

ബാറുടമകള്‍ ആപ്പ് നിര്‍മാതാക്കള്‍ക്ക് ടോക്കണിനു 50 പൈസ വീതം നല്‍കണമെന്നാണ് ചെന്നിത്തലയുടെ വാദം. എന്നാല്‍, ടോക്കണിന് 50 പൈസ വീതം ബാറുടമകള്‍ ബിവറേജസ് കോര്‍പറേഷനാണ് നല്‍കേണ്ടത്. ഈ 50 പൈസ ഉപഭോക്താക്കളില്‍ നിന്നീടാക്കാനും പാടില്ല. ഡാറ്റാ സൂക്ഷിക്കുന്ന ക്ലൗഡിന്റെ മാസവാടക ഏകദേശം 10 ലക്ഷം രൂപയാണ്. ഈ തുക ബിവറേജസ് കോര്‍പറേഷന്‍ സിഡിറ്റിനാണ് നല്‍കുക.

എസ്എംഎസ് ചാര്‍ജായി 15 പൈസ വീതം ടെലികോം കമ്പനികള്‍ക്കും നല്‍കണം. ഈ രണ്ടു ചെലവുകള്‍ക്കുമായാണ് ടോക്കണിനു 50 പൈസ വീതം ബാറുടമകളില്‍നിന്ന് ബിവറേജസ് കോര്‍പറേഷന്‍ ഈടാക്കുന്നത്. സിപിഐ എം അനുഭാവി ജോലി ചെയ്യുന്ന കമ്പനിയെ ആപ്പ് നിര്‍മാണത്തിനായി തെരഞ്ഞെടുത്തു എന്നാണ് പ്രതിപക്ഷ നേതാവിന്റെ മറ്റൊരു വാദം. എന്നാല്‍, എല്ലാ മാനദണ്ഡങ്ങളും പാലിച്ച് ആപ്പ് നിര്‍മാതാക്കളെ തെരഞ്ഞെടുത്തത് സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള സ്റ്റാര്‍ട്ടപ്പ് മിഷനാണ്.

 രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകളില്‍നിന്ന് ഇതിനായി സ്റ്റാര്‍ട്ടപ്പ് മിഷന്‍ താല്‍പ്പര്യപത്രം ക്ഷണിച്ചു. 29 സ്റ്റാര്‍ട്ടപ്പുകളാണ് അപേക്ഷിച്ചത്. അഞ്ചംഗങ്ങളടങ്ങുന്ന വിദഗ്ധ സമിതി സാങ്കേതിക പരിശോധന നടത്തി ഇതില്‍നിന്ന് അഞ്ചു കമ്പനികളുടെ തെരഞ്ഞെടുത്തു. സാങ്കേതിക മേന്മയും കുറഞ്ഞ തുക ക്വാട്ട് ചെയ്തതും കണക്കാക്കി ഇതില്‍നിന്ന് ഫയര്‍ കോഡിനെ തെരഞ്ഞെടുക്കുകയായിരുന്നു.



 


പ്രധാന വാർത്തകൾ
 Top