22 March Friday

ചെന്നിത്തലയുടെ നില പരുങ്ങലിൽ

പ്രത്യേക ലേഖകൻUpdated: Saturday Sep 22, 2018


ഗ്രൂപ്പുകളെ ശിഥിലമാക്കി കോൺഗ്രസ‌് പ്രസിഡന്റ‌് രാഹുൽ ഗാന്ധി പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചതോടെ പ്രതിപക്ഷനേതാവ‌് രമേശ‌് ചെന്നിത്തലയുടെ നിലനിൽപ്പ‌ും പരുങ്ങലിൽ. മുല്ലപ്പള്ളി രാമചന്ദ്രനും കെ സുധാകരനും കെ മുരളീധരനും എം ഐ ഷാനവാസുമടക്കം പഴയ ഐ ഗ്രൂപ്പ‌ുകാർ നേതൃത്വത്തിലേക്ക‌് വന്നതോടെ ചെന്നിത്തലയ‌്ക്ക‌് പ്രസക്തിയില്ലാതാകുകയാണ‌്. ഗ്രൂപ്പുകൾ ശിഥിലമാകുന്നത‌് കേരളത്തിലെ കോൺഗ്രസിന്റെ അവസ്ഥ കൂടുതൽ ദയനീയമാക്കുമെന്നാണ‌് പൊതുവിലയിരുത്തൽ.

കേരളത്തിൽ മൂന്ന‌് പതിറ്റാണ്ടിലേറെയായി കോൺഗ്രസ‌് പിടിച്ചുനിൽക്കുന്നത‌് ഗ്രൂപ്പുകളുടെ പിൻബലത്തിലാണ‌്. എ‐ ഐ ഗ്രൂപ്പുകൾ രണ്ട‌് പാർടികളെ പോലെ സംഘടിച്ചുനിന്ന‌് ബലപരീക്ഷണം നടത്തുന്നതുകൊണ്ടാണ‌് അണികൾ ചോരാതിരിക്കുന്നത‌്. ഈ സ്ഥിതി മാറുന്നതോടെ അണികൾ വെറും ആൾക്കൂട്ടമാകും.

ഈ ആൾക്കൂട്ടത്തെ ഗ്രൂപ്പുകൾക്കതീതമായി ഒന്നിച്ച‌് നിർത്തലാണ‌് മുല്ലപ്പള്ളി നേരിടുന്ന വെല്ലുവിളിയും. അതേസമയം ഹൈക്കമാൻഡ‌് പ്രഖ്യാപിച്ച മറ്റ‌് ഭാരവാഹികൾ ഒരു വിഷയത്തിലും മുല്ലപ്പള്ളിയുമായി യോജിക്കുന്നവരല്ല.
ശനിയാഴ‌്ച രാവിലെ 9.30ന‌് മുല്ലപ്പള്ളിയെയും മറ്റ‌് ഭാരവാഹികളെയും രാഹുൽ ഗാന്ധി കാണുന്നുണ്ട‌്. ലോക‌്സഭാ തെരഞ്ഞെടുപ്പ‌് കഴിയുംവരെ യോജിച്ച‌് പോകാനായിരിക്കും നിർദേശം. തെരഞ്ഞെടുപ്പിലെ പ്രകടനം നോക്കിയാകും പുതിയ നേതൃത്വത്തിന്റെ ഭാവി നിശ്ചയിക്കുക.

കൂടിക്കാഴ‌്ചയ‌്ക്ക‌് ശേഷം സ്ഥാനാരോഹണ തീയതി നിശ്ചയിക്കും. കെപിസിസി ഭാരവാഹികൾ തിങ്കളാഴ‌്ച രാവിലെ ചുമതലയേൽക്കുമെന്ന‌് കരുതുന്നു. 27ന‌് യുഡിഎഫ‌് യോഗം നിശ്ചയിട്ടുണ്ട‌്. അന്ന‌് ചുമതലയേൽക്കുമെന്ന‌് നിയുക്ത യുഡിഎഫ‌് കൺവീനർ ബെന്നി ബെഹന്നാൻ ‘ദേശാഭിമാനി’യോട‌് പറഞ്ഞു. ലോക‌്സഭാ തെരഞ്ഞെടുപ്പ‌് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുമെന്ന‌് പ്രചാരണവിഭാഗം അധ്യക്ഷൻ കെ മുരളീധരനും പറഞ്ഞു. ലോക‌്സഭാ തെരഞ്ഞെടുപ്പിനുമുമ്പുതന്നെ മറ്റ‌് ഭാരവാഹികളെ നിശ്ചയിക്കാനും വെള്ളിയാഴ‌്ച ധാരണയാകും. നിലവിൽ അഞ്ച‌് വൈസ‌് പ്രസിഡന്റുമാരും 22 ജനറൽ സെക്രട്ടറിമാരും 36 സെക്രട്ടറിമാരുമടങ്ങുന്ന ജംബോ കമ്മിറ്റിയാണുള്ളത‌്.

ഇത‌് വെട്ടിച്ചുരുക്കണമെന്നാണ‌് പൊതുനിലപാടെങ്കിലും നിലവിലെ സാഹചര്യത്തിൽ പ്രായോഗികമല്ല. സ്ഥാനം നഷ്ടപ്പെടുന്നവരുടെ കലാപം കോൺഗ്രസിനെ വെട്ടിലാക്കും. ഉമ്മൻചാണ്ടിയെ ആന്ധ്രപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാക്കി കേരളത്തിൽനിന്ന‌് മാറ്റി നിർത്തിയതുപോലെ ചെന്നിത്തലയ‌്ക്കും ഏതുനിമിഷവും സ്ഥാന ചലനം സംഭവിച്ചേക്കാമെന്നതാണ‌് പൊതുകാഴ‌്ചപ്പാട‌്.രാഹുലിന്റെ അടുത്തയാളെന്നറിയപ്പെടുന്ന കെപിസിസി വൈസ‌്പ്രസിഡന്റ‌് വി ഡി സതീശന‌് ആ പദവിയിൽ തുടരാൻ താൽപ്പര്യമില്ല. ഈ സാഹചര്യത്തിൽ ചെന്നിത്തലയെ മാറ്റി സതീശനെ പരീക്ഷിച്ചാലും അത്ഭുതപ്പെടാനില്ല. അങ്ങനെയെങ്കിൽ ചെന്നിത്തലയെ  ലോക‌്സഭയിലേക്ക‌് മത്സരിപ്പിച്ചേക്കും. പുതിയ ചേരിതിരിവിൽ ആര‌് ആധിപത്യം നേടുമെന്നതും വലിയ ചർച്ചയാണ‌്. മുരളീധരനും സുധാകരനും ഇക്കാര്യത്തിൽ മത്സരിക്കും. ഐ ഗ്രൂപ്പുകാരെ ലക്ഷ്യമിട്ട‌് സ്വന്തം ഗ്രൂപ്പും ആധിപത്യവുമാകും സുധാകരന്റെ നോട്ടം. രണ്ട‌് ഗ്രൂപ്പുകളിലുംപെട്ടവരെ സംഘടിപ്പിച്ചുള്ള തന്ത്രമാകും മുരളീധരൻ പയറ്റുക.   കേന്ദ്രനേതൃത്വത്തിന്റെ പൂർണ പിന്തുണ ഉണ്ടെങ്കിലും സുധീരനുള്ളത്ര പിന്തുണപോലും മുല്ലപ്പള്ളിക്ക‌് കിട്ടില്ല. ഇതുതന്നെയാകും മുല്ലപ്പള്ളി നേരിടാൻ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top