23 May Thursday

കൊച്ചി മെട്രോയ്ക്കായി കാനറ ബാങ്ക‌് വായ‌്പ: കെ എം മാണിയോട‌് ചോദിക്കണമെന്ന‌് ചെന്നിത്തല

വെബ് ഡെസ്‌ക്‌Updated: Saturday Apr 13, 2019

കൊച്ചി> കൊച്ചി മെട്രോയ‌്ക്ക‌് വേണ്ടി കാനറാ ബാങ്കിൽ നിന്ന‌്  വായ‌്പ എടുത്തതിന്റെ വിശദാംശങ്ങൾ അന്നത്തെ ധനകാര്യമന്ത്രിയോട‌് ചോദിക്കണമെന്ന‌് പ്രതിപക്ഷ നേതാവ‌് രമേശ‌് ചെന്നിത്തല. 10. 8 ശതമാനം പലിശ നിരക്കിൽ യുഡിഎഫ‌് ഭരണകാലത്ത‌് 1300 കോടി വായ‌്പ വാങ്ങിയതിനെപ്പറ്റിയുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോടു പ്രതികരിക്കവെയാണ‌് കഴിഞ്ഞ ദിവസം നിര്യാതനായ കെ എം മാണിയോട‌് കണക്ക‌് ചോദിക്കാൻ ചെന്നിത്തല പറഞ്ഞത‌്.

കാനറാ ബാങ്കിന്റെ അടിസ്ഥാന വായ‌്പാ നിരക്കിനേക്കാൾ  0.6 ശതമാനം അധികപലിശക്കാണ‌് യുഡിഎഫ‌് സർക്കാർ വായ്പയെടുത്തതെന്നും ഇതെന്തുകൊണ്ടാണ‌് സംഭവിച്ചതെന്ന‌് വിശദീകരിക്കാൻ രമേശ് ചെന്നിത്തല തയ്യാറാകണമെന്നും മന്ത്രി ഡോ. ടി എം തോമസ‌് ഐസക‌്  കഴിഞ്ഞ ആവശ്യപ്പെട്ടിരുന്നു. ഇത‌് ശ്രദ്ധയിൽപ്പെടുത്തിയപ്പോഴായിരുന്നു ചെന്നിത്തലയുടെ ഉരുണ്ടുകളി. കനറാ ബാങ്കിൽ നിന്നുള്ള വായ‌്പയ‌്ക്ക‌് ഏഴു വർഷത്തെ മൊറട്ടോറിയം ഉണ്ടെന്നും ഫ‌്ളാറ്റ‌് നിരക്കിലുള്ള പലിശയാണെന്നും പറഞ്ഞ ചെന്നിത്തല സർക്കാർ പൊതുമേഖലാ ബാങ്കിൽ നിലവിലുള്ളതിനേക്കാൾ കൂടിയ പലിശ  നിരക്കിൽ വായ്പ വാങ്ങിയത‌് എന്തിനെന്ന ചോദ്യത്തോട‌് മൗനം പാലിച്ചു.

എറണാകുളം ജില്ലാ ബാങ്കിൽ നിന്ന‌് എസ‌്ബിഐയുടെ അടിസ്ഥാന വായ‌്പാ നിരക്കിനേക്കാൾ കുറഞ്ഞ തുകയ‌്ക്ക‌് മെട്രോയ‌്ക്ക‌് വായ‌്പ ലഭ്യമായത‌് വിശദീകരിച്ചപ്പോഴും മൗനമായിരുന്നു ഉത്തരം. കിഫ‌്ബിയുടെ മസാല ബോണ്ട‌ിനെപ്പറ്റി ജുഡീഷ്യൽ അന്വേഷണം വേണമെന്ന‌് ചെന്നിത്തല ആവശ്യപ്പെട്ടു. ബോണ്ടിനെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കുന്നതിന‌് യുഡിഎഫ‌് എം കെ മുനീർ, വി ഡി സതീശൻ, റോഷി അഗസ‌്റ്റിൻ, അനൂപ‌് ജേക്കബ‌് എന്നീ എംഎൽഎമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ധനതത്വശാസ‌്ത്രത്തിൽ ബിരുദമുള്ള തന്നെ പിഎച്ച‌്ഡിയുള്ള ഡോ. ടി എം തോമസ‌് ഐസക‌് പഠിപ്പിക്കേണ്ടെന്നും രമേശ‌് ചെന്നിത്തല പറഞ്ഞു.  ബിജെപി ശബരിമലയെ രാഷ‌്ട്രീയവൽക്കരിച്ച‌് നേട്ടമുണ്ടാക്കുകയാണ‌്. ഇതിനെയാണ‌്‌ യുഡിഎഫ‌്‌ എതിർക്കുന്നതെന്ന‌് രമേശ‌് ചെന്നിത്തല പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top