26 January Wednesday

വിജയ്‌ ആരാധന തുണച്ചു; രാമരാജിന്‌ കുടുംബത്തെ തിരിച്ചുകിട്ടി

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021

രാമരാജ് സഹോദരങ്ങൾക്കൊപ്പം

പള്ളുരുത്തി > തമിഴ് താരം വിജയ്‌യെ കാണണമെന്ന് യുട്യൂബ് ചാനലിൽ ആഗ്രഹം പങ്കുവച്ച രാമരാജിന് ലഭിച്ചത് കൈവിട്ടുപോയെന്നു കരുതിയ ഉറ്റവരെ. വർഷങ്ങളായി പള്ളുരുത്തി കൊത്തലങ്കോയിലെ അന്തേവാസിയായ  രാമരാജിന്‌ അപ്രതീക്ഷിതമായാണ്‌ കുടുംബത്തെ തിരിച്ചുകിട്ടിയത്‌.

മാനസികവെല്ലുവിളിയുള്ള അന്തേവാസികളുടെ കഴിവുകൾ പുറംലോകത്തെ അറിയിക്കാൻ കൊത്തലങ്കോയുടെ നടത്തിപ്പുകാരനായ ബിനോയ് പീറ്ററാണ് യുട്യൂബ് ചാനൽ ആരംഭിച്ചത്. കഴിഞ്ഞദിവസം നടന്ന പരിപാടിക്കിടെയാണ് രാമരാജ് തന്റെ ഇഷ്‌ട‌ നടനായ വിജയ്‌യെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്. രാമരാജിന്റെ ആഗ്രഹം വിജയ് ഫാൻസ് അസോസിയേഷൻ ഏറ്റെടുക്കുകയും വീഡിയോയുടെ ലിങ്ക് ഫെയ്‌സ്ബുക് പേജിൽ ഇടുകയും ചെയ്‌തു. വീഡിയോ അതിവേഗം പ്രചരിച്ചതോടെ തമിഴ്‌നാട്ടിലുള്ള സഹോദരങ്ങൾ ഇദ്ദേഹത്തെ കണ്ട്‌ തിരിച്ചറിഞ്ഞു. തുടർന്ന് ബിനോയ് പീറ്ററിന്റെ നമ്പർ കണ്ടെത്തി വിളിച്ചു. വീഡിയോകോളിൽ അമ്മ ചെല്ലമ്മയെയും സഹോദരങ്ങളായ രാമലിംഗം, രമേഷ്, ഭാഗ്യരാജ് എന്നിവരെയും രാമരാജ്‌ തിരിച്ചറിഞ്ഞു.

ഒമ്പതുവർഷംമുമ്പ്‌ വീടുവിട്ടിറങ്ങിയ ഇദ്ദേഹത്തെ എറണാകുളം സൗത്ത്‌ റെയിൽവേ സ്‌റ്റേഷനിൽനിന്നാണ്‌ പള്ളുരുത്തി സെറ്റിൽമെന്റിൽ എത്തിച്ചത്‌. പിന്നീട്‌ കൊത്തലങ്കോയിലേക്ക് മാറ്റി. ഇവിടെ എത്തിയപ്പോഴും അമ്മയെ കാണണമെന്ന് രാമരാജ് പറഞ്ഞിരുന്നതായി കൗൺസിലർ വി എ ശ്രീജിത് പറഞ്ഞു. സഹോദരങ്ങളായ രാമലിംഗവും രമേഷും ശനിയാഴ്‌ച എത്തി. 10-ാംവർഷം കണ്ട സഹോദരങ്ങളെ കെട്ടിപ്പിടിച്ച്‌ കരഞ്ഞ രാമരാജ്‌, അവർക്കൊപ്പം മടങ്ങി. കൊത്തലങ്കോയിലെ അന്തേവാസികളും പ്രവർത്തകരും ജനപ്രതിനിധികളും ചേർന്ന്‌ യാത്രയയപ്പ് നൽകി. നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ വി എ ശ്രീജിത്, ബിനോയ് പീറ്റർ, ഉണ്ണിരാജ് എന്നിവർ പങ്കെടുത്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top