15 May Saturday

രാജ്യസഭാ തെരഞ്ഞെടുപ്പ്‌ മെയ്‌ രണ്ടിനകം നടത്തണമെന്ന്‌ ഹൈക്കോടതി

നിയമകാര്യലേഖകന്‍Updated: Monday Apr 12, 2021

കൊച്ചി>   കേരളത്തില്‍ നിന്ന് ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് പുതിയ നിയമസഭ നിലവില്‍ വരുന്ന മെയ് രണ്ടിനുമുമ്പ് നടത്തണമെന്ന് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കി. ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനമെടുത്തതിനു ശേഷം കേന്ദ്ര നിയമമന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മരവിപ്പിച്ചുവെന്ന വാദം അംഗീകരിച്ചാണ് ജസ്റ്റീസ് പി വി  ആശയുടെ ഉത്തരവ്.

കമ്മീഷന്റെ നടപടി നിയമപരമല്ലെന്ന  എസ് ശര്‍മ്മ എംഎല്‍എയുടെയും  നിയമസഭാ സെക്രട്ടറിയുടെയും ഹര്‍ജികള്‍ അനുവദിച്ചാണ് ഹൈക്കോടതിയുടെ സുപ്രധാന നടപടി. തെരഞ്ഞെടുപ്പ് ഉടന്‍ നടത്തുന്നതിന് ആവശ്യമായ തുടര്‍നടപടികള്‍ കമ്മീഷന്‍ കൈക്കൊള്ളണമെന്നും കോടതി നിര്‍ദ്ദേശിച്ചു.  
നിലവിലെ നിയമസഭാംഗങ്ങളില്‍ നിന്നാണ് സ്ഥാനാര്‍ഥികളെ പിന്‍താങ്ങേണ്ടതെന്നു വ്യക്തമാക്കിയ ഹൈക്കോടതി,  തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പുതിയ നിയമസഭാംഗങ്ങള്‍ വോട്ട് ചെയ്യണമെന്ന അവസ്ഥ ഭരണഘടനാപരമല്ലെന്നും നിലവിലുള്ള നിയമസഭാ സാമാജികര്‍ക്ക് വോട്ട് ചെയ്യാനുള്ള അവകാശം തടയാനാവില്ലെന്നും  ഉത്തരവില്‍ പറഞ്ഞു.

ജനാഭിലാഷം പ്രതിഫലിക്കണമെങ്കില്‍ പുതിയ അംഗങ്ങള്‍ വോട്ട് ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാരിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും വാദം കോടതി തള്ളി. തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കാന്‍ കമ്മീഷന് അധികാരമുണ്ടെങ്കിലും പ്രത്യേക കാരണങ്ങളില്ലാതെ തെരഞ്ഞെടുപ്പ് മരവിപ്പിക്കാനോ മാറ്റിവയ്ക്കാനോ അധികാരമില്ല. ക്രമസമാധാന പ്രശ്‌നങ്ങളോ മറ്റോ ഇല്ലാതെ കേന്ദ്രത്തിന്റെ ഇടപെടല്‍ കൊണ്ട് മാത്രം തെരഞ്ഞെടുപ്പ് മരവിപ്പിക്കാനോ മാറ്റി വയ്ക്കാനോ കഴിയില്ല. കമ്മീഷന്‍ പുറപ്പെടുവിച്ച പ്രസിദ്ധീകരണം അനുസരിച്ച് ഏപ്രില്‍ 12 ന് തെരഞ്ഞെടുപ്പ് നടക്കണമായിരുന്നു. കമ്മീഷന്റെ ആദ്യ നിലപാട് തുടര്‍ന്നെങ്കില്‍ നിയമാനുസൃതം തെരഞ്ഞെടുപ്പ് നടക്കമായിരുന്നുവെന്നും കോടതി പറഞ്ഞു.

നിലവിലുള്ള നിയമസഭാ കാലാവധിക്കുള്ളില്‍ തന്നെ തെരഞ്ഞെടുപ്പ് നടത്തുമെന്ന് രേഖാമൂലം കോടതിയെ അറിയിച്ച കമ്മീഷന്‍ പിന്നീട് നിലപാട് മാറ്റിയതായി കോടതി ചൂണ്ടിക്കാട്ടി.രാജ്യസഭാംഗങ്ങളുടെ ഒഴിവ് വരുന്ന തീയതിക്ക് മുന്‍പ് വിജ്ഞാപനം പുറപ്പെടുവിക്കക്കണമെന്ന് മാത്രമേ വ്യവസ്ഥയുള്ളൂവെന്നും തെരഞ്ഞെടുപ്പ് തീയതി എപ്പോള്‍ വേണമെങ്കിലും നിശ്ചയിക്കാന്‍ കമ്മീഷന് അധികാരമുണ്ടെന്നുള്ള വാദം അംഗീകരിക്കാനാവില്ലെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു.  

  നിയമസഭാ സെക്രട്ടറിക്കു വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സി.എസ്.വൈദ്യനാഥന്‍, സീനിയര്‍ ഗവ. പ്ലീഡര്‍ വി.മനു, എസ്.ശര്‍മ്മ എം.എല്‍.എക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ എന്‍.എന്‍.സുഗുണപാലന്‍ എന്നിവര്‍ ഹാജരായി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top