23 July Tuesday

തെരഞ്ഞെടുപ്പുഫണ്ട് മോഷണം : പരാതിയിൽനിന്ന‌് ഉണ്ണിത്താന്‍ വലിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Friday Jun 21, 2019


സ്വന്തം ലേഖകന്‍
തെരഞ്ഞെടുപ്പുഫണ്ടിൽനിന്ന് എട്ടുലക്ഷം രൂപ മോഷ്ടിച്ചെന്ന പരാതിയിൽ പൊലീസ‌് അന്വേഷണം പുരോഗമിക്കവെ  പരാതി ഉന്നയിച്ച രാജ‌്മോഹൻ ഉണ്ണിത്താൻ എംപി പിന്മാറുന്നു. അന്വേഷണം നേരിടുന്നതിലും മൊഴി നൽകുന്നതിലും ഉണ്ണിത്താൻ കാട്ടുന്ന വിമുഖതയിൽ ദുരൂഹതയുള്ളതായി ആരോപണമുയർന്നു. 

ആരോപണവിധേയനായ കോൺഗ്രസ് കുണ്ടറ ബ്ലോക്ക് മുൻ ജനറൽ സെക്രട്ടറി പൃഥ്വിരാജിൽനിന്ന് കാസർകോട‌് മേൽപ്പറമ്പ് പൊലീസ് രണ്ടാഴ‌്ച മുമ്പാണ് മൊഴിയെടുത്തത്. നുണപരിശോധന ഉൾപ്പെടെ ഏത് അന്വേഷണവും നേരിടാമെന്ന് പൃഥ്വിരാജ‌് മൊഴി നൽകി. എന്നാൽ, മൊഴി നൽകാൻ എത്തുമെന്ന് അറിയിച്ച ഉണ്ണിത്താൻ നിലപാട് മാറ്റിയതായാണ് സൂചന. 

 

ഉണ്ണിത്താൻ തെരഞ്ഞെടുപ്പ് ചെലവിനായി വാങ്ങിയ അഞ്ചുലക്ഷം രൂപ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട്  പൃഥ്വിരാജ് കൊല്ലം റൂറൽ എസ‌്‌പിക്കു നൽകിയ പരാതിയിലും അന്വേഷണം ആരംഭിച്ചു.പണം അപഹരിച്ചെന്ന‌് കാസർകോട‌് ജില്ലാ പൊലീസ് മേധാവിക്കാണ് ഉണ്ണിത്താൻ പരാതി നൽകിയത്. തെരഞ്ഞെടുപ്പ് പ്രചാരണസമയത്ത് കാസർകോട‌് മേൽപ്പറമ്പിലെ വാടകവീട്ടിലാണ് ഉണ്ണിത്താൻ താമസിച്ചത്. കൊല്ലത്തുനിന്നെത്തിയ സഹായികളാണ് ഫണ്ട് കൈകാര്യം ചെയ്തിരുന്നത്. ചെലവഴിച്ച ഫണ്ടിന്റെ കണക്ക‌് ചോദിച്ചപ്പോൾ പൃഥ്വിരാജ് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നായിരുന്നു പരാതി.  ഉണ്ണിത്താൻ കോൺഗ്രസ‌് നേതൃത്വത്തിനു നൽകിയ പരാതിയിൽ പൃഥ്വിരാജിനെ ബ്ലോക്ക് ജനറൽസെക്രട്ടറി സ്ഥാനത്തുനിന്ന് സസ്‌പെൻഡ‌് ചെയ‌്തിരുന്നു.

അതേസമയം,  ഉണ്ണിത്താനും സഹായികളും ഫോണിൽവിളിച്ച് ഭീഷണിപ്പെടുത്തിയതിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമെതിരെ നടപടി ആവശ്യപ്പെട്ട് പൃഥ്വിരാജിന്റെ ഭാര്യ കുണ്ടറ പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം പുരോഗതിയിലാണ‌്. പരാതിക്കാരി പൊലീസിന് മൊഴി നൽകി.


പ്രധാന വാർത്തകൾ
 Top