27 February Thursday

മോഡി സ്വയം നിർമിത ബിംബം: രാജ്‌ദീപ്‌ സർദേശായി

വെബ് ഡെസ്‌ക്‌Updated: Sunday Jan 19, 2020

കോഴിക്കോട്‌> പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്വയം നിർമിത ബിംബമാണെന്ന്‌ പ്രമുഖ മാധ്യമ പ്രവർത്തകൻ രാജ്‌ദീപ്‌ സർദേശായി പറഞ്ഞു. സർക്കാർ പരിപാടികൾപോലും സ്വന്തം നേട്ടമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച്‌ ഇമേജുണ്ടാക്കാൻ മോഡി ശ്രമിക്കുന്നു.  പാകിസ്ഥാനെ മുഖ്യശത്രുവായി പ്രചരിപ്പിച്ച്‌ രക്ഷകറോളിൽ സ്വയം അവതരിക്കുകയാണ്‌ മോഡി. ജാർഖണ്ഡിൽ ജിയോ മൊബൈൽ സൗജന്യമായി നൽകി നമോ ആപ്‌ വ്യാപകമായി പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരള സാഹിത്യോത്സവത്തിൽ അഞ്ജന ശങ്കറുമായി നടത്തിയ സംവാദത്തിൽ സംസാരിക്കുകയായിരുന്നു രാജ്‌ദീപ്‌.

മോഡി ഭരണകാലത്ത്‌ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ  കാവിവൽക്കരിക്കപ്പെടുകയാണ്‌.  ഗുജറാത്തിൽ ബിജെപിയുടെ ഓഫീസ്‌ബോയ്‌ പോലും സർവകലാശാലാ വൈസ്‌ ചാൻസലറാകുന്ന അവസ്ഥയാണ്‌. രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്റെ പാർടിയും  സ്വയം മാറാൻ തയ്യാറാവണം. കോൺഗ്രസ്‌ സൃഷ്ടിച്ച ശൂന്യതയിലാണ്‌ ബിജെപി വളർന്നത്‌. എന്നാൽ  മതരാഷ്‌ട്രീയത്തിന്‌ വേരോട്ടമില്ലാത്തതുകൊണ്ടാണ്‌ കേരളത്തിൽ ബിജെപിക്ക്‌ സീറ്റ്‌ ലഭിക്കാത്തത്‌. അവരുടെ പ്രധാന ലക്ഷ്യവും കേരളമാണ്‌. അമിത്‌ഷാ അത്‌ വ്യക്തമാക്കിയതുമാണ്‌.

24 മണിക്കൂറും പ്രവർത്തിക്കുന്ന നേതാവിനെയാണ്‌ ഇന്ത്യ പ്രതീക്ഷിക്കുന്നത്‌. ദൗർഭാഗ്യവശാൽ രാഹുലിന്‌ അത്‌ സാധിക്കുന്നില്ല. ഇന്ത്യയിൽ യുവത പുതിയ നായകനെ തേടുകയാണ്‌. മാധ്യമ ലോകം വൻ ബിസിനസായി വളരുകയാണ്‌. ധ്രുവീകരണം ഈ മേഖലയിലും സംഭവിച്ചു. വാർത്തകൾക്കപ്പുറം അഭിപ്രായ രൂപീകരണത്തിലേക്ക്‌ ജേണലിസ്റ്റുകൾ തിരിയുകയാണെന്നും അദ്ദേഹം പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top