തിരുവനന്തപുരം
ഗവർണറെ ഉപയോഗിച്ച് കാവിവൽക്കരണം നടപ്പാക്കാമെന്ന് ധരിച്ചാൽ അനുവദിക്കില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. വിദ്യാഭ്യാസ രംഗത്തെ കേരളത്തിന്റെ മുന്നേറ്റം തകർക്കുകയാണ് ആർഎസ്എസിന്റെയും ബിജെപിയുടെയും ലക്ഷ്യം. ആ തന്ത്രം ഇവിടെ നടപ്പാക്കാൻ അവർക്കാകില്ല.
ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി രാജ്ഭവനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ.
ഓർഡിനൻസിൽ ഒപ്പുവയ്ക്കില്ലെന്ന് അത് കൈയിൽ കിട്ടുംമുമ്പാണ് ഗവർണർ പ്രഖ്യാപിച്ചത്. ഭരണഘടനാപരവും നിയമപരവുമായ ഉത്തരവാദിത്വം നിറവേറ്റാൻ ഗവർണർക്ക് ബാധ്യതയുണ്ട്. അത് നിറവേറ്റാതെ സർക്കാരിനെയും കേരളത്തെയും പ്രതിസന്ധിയിലാക്കാൻ ശ്രമിച്ചാൽ ജനം അതനുവദിക്കില്ല.
വൈസ് ചാൻസലർമാരെ നിയമിച്ചത് ഗവർണറാണ്. നടപടിയിൽ പിശകുപറ്റിയെങ്കിൽ അത് തിരുത്തേണ്ടിയിരുന്നതും ഗവർണറാണ്. ആ ഉത്തരവാദിത്വം നിറവേറ്റാതെ സർക്കാരിനു മേൽ പഴിചാരി രക്ഷപ്പെടാനാകില്ല. രാജ്യചരിത്രത്തിലാദ്യമായാണ് ഗവർണർക്കെതിരെ ഇങ്ങനെയൊരു കൂട്ടായ്മ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..