26 June Wednesday

മൂന്നാറിൻ കുളിരിൽ വരയാടുകളെ തേടി സഞ്ചാരിപ്രവാഹം

പാട്രിക‌് വേഗസ‌്Updated: Saturday May 18, 2019


മൂന്നാർ
പുതിയ അധ്യയന വർഷം ആരംഭിക്കാൻ രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ വിനോദസഞ്ചാര മേഖലയായ മൂന്നാറിലേക്ക് സന്ദർശകരുടെ വരവ് വർധിച്ചു. അന്യസംസ്ഥാനമായ തമിഴ്നാട്ടിൽ നിന്നാണ് ഏറ്റവുമധികം ടൂറിസ്റ്റുകൾ എത്തിച്ചേരുന്നത്. സ്കൂൾ, കോളേജ് വിദ്യാർഥികൾ ഗ്രൂപ്പായാണ് സന്ദർശനത്തിനെത്തുന്നത്.
മൂന്നാറിലെ ഭൂരിഭാഗം ഹോം സ്‌റ്റേകളും റിസോർട്ടുകളും സന്ദർശകരെകൊണ്ട് നിറഞ്ഞു. ഓൺലൈൻ വഴിയും മറ്റും മുൻകൂട്ടി മുറി ബുക്ക്ചെയ്തവർക്ക് മാത്രമാണ് താമസിക്കാൻ മുറികൾ ലഭിക്കുന്നത്. മൂന്നാറിലെ തിരക്ക് മുൻകൂട്ടി അറിയാതെ എത്തുന്നവർ മുറികൾ ലഭിക്കാതെ  വരുന്നതിനെ തുടർന്ന് രാത്രിയിൽ വാഹനങ്ങളിലാണ് കിടന്നുറങ്ങുന്നത്.

ദേശീയോദ്യാനത്തിന്റെ ഭാഗമായ രാജമലയിലാണ് സഞ്ചാരികളുടെ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. വരയാടുകളുടെ ആവാസ കേന്ദ്രമായ ഈ പ്രദേശത്ത് എത്തിപ്പെടുന്നതിന് രാവിലെ മുതൽ സന്ദർശകരുടെ നീണ്ട നിരയാണ്. നയമക്കാട് അഞ്ചാം മൈലിലെത്തുന്ന ടൂറിസ്റ്റുകളെ വനംവകുപ്പിന്റെ വാഹനത്തിലാണ് മലമുകളിലേക്ക് കൊണ്ടുപോകുന്നത്. സന്ദർശനം കഴിഞ്ഞ് മടങ്ങുന്നവരെയും ഇതേ വാഹനത്തിൽ തന്നെയാണ് തിരികെ അഞ്ചാം മൈലിലെത്തിക്കുന്നത്‌.

വരയാടുകളുടെ പ്രജനനത്തിനുശേഷം പുതിയതായി ജനിച്ച വരയാടിൻ കുഞ്ഞുങ്ങൾ കുട്ടികളടക്കമുള്ള വിനോദ സഞ്ചാരികൾക്ക് കൗതുക കാഴ്ചയാണ്.
കുറുമ്പ്കാട്ടി കുട്ടികളുടെ അടുത്തെത്തുന്ന വരയാടിന് കുഞ്ഞുങ്ങളെയും കാണാം. രാജമല കഴിഞ്ഞാൽ പിന്നീട് തിരക്ക് അനുഭവപ്പെടുന്നത് മാട്ടുപ്പെട്ടി, എക്കോ പോയിന്റ്,  കുണ്ടള എന്നിവിടങ്ങളിലാണ്. ഇവിടെയെത്തുന്നവർക്ക് ആനസവാരി, ബോട്ടിങ് എന്നിവ നടത്തുന്നതിനുള്ള സൗകര്യമുണ്ട്. അപൂർവമായി പുൽമേടുകളിലെത്തുന്ന കാട്ടാന സംഘവും സന്ദർശകൾക്ക് വിസ്മയകാഴ്ചയാണ്. 
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top