Deshabhimani

വടക്കൻ കേരളത്തില്‍ മഴ ശക്തിപ്പെടും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി കെ രാജൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 02, 2024, 01:14 PM | 0 min read

തിരുവനന്തപുരം > വടക്കൻ കേരളത്തില്‍ മഴ ശക്തിപ്പെടുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മന്ത്രി കെ രാജൻ. നാല് എന്‍ഡിആര്‍എഫ് ടീമുകള്‍ സജ്ജമാണ്. അതില്‍ രണ്ട് ടീമിനെ ശബരിമലയില്‍ വിന്യസിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞ‌ു. ഐടിവിപിയുടെയും സിആര്‍പിഎഫിന്റെയും ബിഎസ്എഫിന്റെയും ആര്‍മിയുടെയും ടീമുകള്‍ സജ്ജമാണ്. എന്നാല്‍ വിനിയോഗിക്കേണ്ട ആവശ്യം ഇതുവരെ വന്നിട്ടില്ലെന്നും വടക്കന്‍ കേരളത്തില്‍ വിന്യസിക്കാനാണ് ആലോചിച്ചിട്ടുള്ളതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാ ജില്ലാ കളക്ടർമാരുമായി ആശയവിനിമയം നടക്കുന്നുണ്ട്. ഫെന്‍ജാൻ ചുഴലിക്കാറ്റ് കർണാടക - കേരള ഭാഗത്താണ്. തുടര്‍ന്ന് കര്‍ണാടകത്തിന്റെ അതിര്‍ത്തിയില്‍ നിന്ന് മംഗലാപുരത്തിലൂടെ കണ്ണൂര്‍, കാസര്‍കോട് ഉള്‍പ്പെടെ വടക്കന്‍ കേരളത്തിലൂടെ ഇന്ന് (ചൊവ്വ) രാവിലെ അറബിക്കടലിലേക്ക് പോകും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതുകൊണ്ടു തന്നെ മഴയുടെ ശക്തി കുറഞ്ഞുവരികയാണ്. ഞായറാഴ്ച രാത്രി ശക്തമായ മഴയാണ് ലഭിച്ചത്. പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ അതി ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. പത്തനംതിട്ടയിലെ അത്തിക്കയത്ത് 210 എംഎം മഴയാണ് ലഭിച്ചത്. വലിയ റെക്കോര്‍ഡാണ്. തെക്കന്‍മേഖലയില്‍ മഴ ദുര്‍ബലമായിട്ടുണ്ട്. വടക്കന്‍കേരളത്തില്‍ ഇന്ന് രാവിലെ വരെ ശക്തമായ മഴ ലഭിക്കും. അറബിക്കടലിലേക്ക് ഫെന്‍ജാന്‍ ചുഴലിക്കാറ്റ് നീങ്ങിയാലും കടലില്‍ തന്നെ അത് കേന്ദ്രീകരിക്കും. മത്സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകരുതെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. രാത്രി മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.



Tags
deshabhimani section

Related News

0 comments
Sort by

Home