മലപ്പുറം
മാനം തെളിഞ്ഞുവന്ന നാളിൽ ദുരിതാശ്വാസക്യാമ്പിൽനിന്ന് കതിർമണ്ഡപത്തിലെത്തി അഞ്ജുവിന്റെ കല്യാണം. മനസ്സുനിറഞ്ഞ് വേങ്ങര ചേറൂർ കാളങ്ങാടൻ വേലായുധന്റെ മകൻ ഷൈജു അഞ്ജുവിന്റെ കഴുത്തിൽ താലിചാർത്തി. വിവാഹദിനം പ്രളയകാലത്ത് വന്നുചേർന്നതിനെ തുടർന്നാണ് നെച്ചിക്കുറ്റി സുന്ദരന്റെ മകൾ അഞ്ജുവിന് ദുരിതാശ്വാസ ക്യാമ്പിൽനിന്നും വിവാഹവേദിയായ മലപ്പുറം തൃപുരാന്തക ക്ഷേത്രത്തിലേക്കെത്തിച്ചേരേണ്ടി വന്നത്.
എംഎസ്പി കമ്യൂണിറ്റി ഹാളിലായിരുന്നു ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. കടലുണ്ടിപ്പുഴ കരകവിഞ്ഞ് നെച്ചിക്കുറ്റി ഭാഗത്ത് വെള്ളംകയറിയതോടെ സുന്ദരന്റേത് ഉൾപ്പെടെയുള്ള 26 കുടുംബങ്ങളെ എംഎസ്പി എൽപി സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. വസ്ത്രങ്ങളും പച്ചക്കറികളും ഉൾപ്പെടെയുള്ളവ വാങ്ങി വീട്ടിലെത്തിച്ച് കല്യാണത്തിനുള്ള ഒരുക്കങ്ങളെല്ലാം ഏതാണ്ട് പൂർത്തിയായപ്പോഴാണ് മഴക്കെടുതി സ്വപ്നങ്ങൾക്കു മേൽ കരിനിഴൽ വീഴ്ത്തിയത്.