Deshabhimani

ദുരന്തം മുൻകൂട്ടി അറിയാൻ ജനകീയ സംവിധാനം: വീട്ടിലും മഴമാപിനി, ചെലവ് 350 രൂപ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 05, 2024, 09:58 AM | 0 min read

തൃശൂർ > വീട്ടിലിരുന്ന് മഴയെ അളക്കാം. ചെലവ് 350 രൂപ മാത്രം. മഴയുടെ വരവ്, തീവ്രത, ദുരന്തവരവ് എന്നിവ മുൻകൂട്ടി അറിഞ്ഞ്‌ ജനങ്ങളെയും അറിയിക്കാം. കാലാവസ്ഥാ നിരീക്ഷണത്തിലെ ജനകീയപ്രസ്ഥാനമായി "റെയിൻ മൈത്രി’. കേരളത്തിലെ  കാലാവസ്ഥാ ഗവേഷകരും എൻജിനിയർമാരുമടങ്ങുന്ന സംഘമാണ്  മഴയ്ക്ക് കാവലാളാവുന്നത്. കാലാവസ്ഥാ വ്യതിയാനവും ദുരന്തങ്ങളും കേരളത്തേയും ബാധിക്കുന്ന സാഹചര്യത്തിൽ  കേന്ദ്ര - സംസ്ഥാന - സ്വകാര്യ കാലാവസ്ഥാ പ്രവചന സംവിധാനങ്ങളെ മാത്രം ആശ്രയിക്കാതെ പ്രദേശികമായ കാലാവസ്ഥാ നിരീക്ഷണം സാധ്യമാക്കാനുള്ള പുതുവഴിയാണ് ഈ സംവിധാനം.

ഇതിനായി https://rain.maithri.orgന്‌ രൂപം നൽകി. ഓരോ വീട്ടിലും വീഴുന്ന മഴ അളക്കാൻ അടിഭാഗവും മുകൾ ഭാഗവും ഒരേ വലുപ്പമുള്ള വാ തുറന്നിരിക്കുന്ന ഗ്ലാസ് പാത്രത്തിൽ, അളക്കാനുള്ള സ്കെയിൽ ഇൻസുലേഷൻ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച് വയ്ക്കണം. ശേഷം തുറസായ ഭാഗത്ത് മറിയാത്ത വിധം സ്ഥാപിക്കണം.

24 മണിക്കൂർ ചെയ്യുന്ന മഴ വെള്ളം സ്കെയിലിൽ 20 സെന്റിമീറ്റർ (200 എംഎം) വരെ രേഖപ്പെടുത്താം. ഈ വിവരം ടെലഗ്രാം വഴി വെബിലും ഉൾക്കൊള്ളിക്കും. ഓൺലൈൻ ആപ്ലിക്കേഷൻ വഴി ഈ വിവരങ്ങൾ ഏകോപിപ്പിക്കും. ഡാം മേഖലയിൽ മഴ പെയ്താൽ താഴ്ന്ന പ്രദേശത്ത് താമസിക്കുന്നവർക്ക് അതിവേഗം മുന്നറിയിപ്പും നൽകാനാവും.  മഞ്ഞ, ഓറഞ്ച്, ചുവപ്പ്‌ നിറങ്ങൾ വഴി തീവ്രത മനസ്സിലാക്കാം.

വെബ്സെറ്റിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌ 10 മിനിറ്റ് കൂടുമ്പോൾ പുറത്ത് വിടുന്ന റഡാർ ഇമേജ്, ഇൻഫ്ര റെഡ് ഇമേജ് എന്നിവയും അപ് ലോഡ് ചെയ്യും. അതുവഴി മഴമേഘങ്ങളുടെ സഞ്ചാരഗതിയും അറിയാനാവുമെന്ന് റെയിൻ മൈത്രി അംഗവും കാലാവസ്ഥാ ഗവേഷകനുമായ പി വിനോദ് കുമാർ പറഞ്ഞു. വയനാട് ദുരന്തത്തിന് ശേഷമാണ് കൂട്ടായ്മ രൂപീകരിച്ചതെന്നും സംസ്ഥാനത്താകെ നിരവധി പേർ കണ്ണികളായതായും അദ്ദേഹം പറഞ്ഞു. റെയിൻ മൈത്രി കൂട്ടായ്മയിൽ താനും പങ്കാളിയായതായി ഇരിങ്ങാലക്കുട നിപ്മർ എക്സിക്യൂട്ടീവ് ഡയറക്ടർ സി  ചന്ദ്രബാബു പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home