31 October Saturday

പ്രധാന സ്‌റ്റോപ്പുകൾ റദ്ദാക്കിയതായി സന്ദേശം; നിഷേധിക്കാതെ റെയിൽവേ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 9, 2020


കൊച്ചി
ദീർഘദൂര ട്രെയിനുകൾക്ക്‌ ഉൾപ്പെടെ പ്രധാന സ്‌റ്റോപ്പുകൾ റദ്ദാക്കിയതായി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശം നിഷേധിക്കാതെ റെയിൽവേ. രണ്ടുദിവസത്തിനുള്ളിൽ കോവിഡ്‌ നിയന്ത്രണങ്ങൾ പാലിച്ച്‌ ഏതാനും ട്രെയിനുകളുടെ സർവീസ്‌ പുനരാരംഭിക്കാനിരിക്കെയാണ്‌ ഈ സന്ദേശം വ്യാപകമായി പ്രചരിക്കുന്നത്‌. രാജ്യത്തെ മുഴുവൻ ട്രെയിനുകളുടെയും നിലവിലുള്ള സമയക്രമവും റൂട്ടുകളും സ്‌റ്റോപ്പുകളും അപ്പാടെ മാറ്റുന്ന സീറോ ബേസ്‌ഡ്‌ ടൈംടേബിൾ പരിഷ്‌കാരം നടപ്പാക്കാനിരിക്കെ പ്രചരിക്കുന്ന സന്ദേശം വ്യാപക ആശങ്കയ്‌ക്ക്‌ ഇടയാക്കിയിട്ടുണ്ട്‌.

ട്രെയിൻ നമ്പറും പേരും നിർത്തലാക്കുന്ന സ്‌റ്റോപ്പുകളുടെ വിവരവും ഉൾപ്പെടെയാണ്‌ പ്രചരിക്കുന്നത്‌. കേരളത്തിലേക്കോടുന്ന 21 പ്രധാന ദീർഘദൂര ട്രെയിനുകളുടെ ഒന്നുമുതൽ 12 വരെ സ്‌റ്റോപ്പുകൾ റദ്ദാക്കിയതായി സന്ദേശത്തിൽ പറയുന്നു. പ്രധാന തീർഥാടനകേന്ദ്രങ്ങളും വാണിജ്യകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട സ്‌റ്റോപ്പുകളും ഇതിൽപ്പെടുന്നു. കേരള എക്‌സ്‌പ്രസ്‌, നേത്രാവതി, ചെന്നൈ എക്‌സ്‌പ്രസ്‌ തുടങ്ങിയ ട്രെയിനുകളുടെ വർക്കല ശിവഗിരി സ്‌റ്റോപ്പ്‌, നേത്രാവതി, ഭാവ്‌നഗർ ട്രെയിനുകളുടെ ബൈന്ദൂർ മൂകാംബിക റോഡ്‌ സ്‌റ്റോപ്പുകൾ ഇതിലുൾപ്പെടും.

ട്രെയിൻ സർവീസ്‌ കാര്യക്ഷമവും ലാഭകരവുമാക്കാൻ പുതിയ സമയക്രമവും റൂട്ടുകളും നിശ്‌ചയിക്കുന്ന ശാസ്‌ത്രീയ പരിഷ്‌കാരമായാണ്‌ റെയിൽവേ സീറോ ബേസ്‌ഡ്‌ ടൈംടേബിൾ നടപ്പാക്കുമെന്ന്‌ പ്രഖ്യാപിച്ചത്‌. ജൂലൈയിൽ നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം. സീറോ ടൈംടേബിൾ നടപ്പാകുമ്പോൾ നിലവിലുള്ള പരമ്പരാഗത ടൈംടേബിൾ ഇല്ലാതാകും. പകരം അപ്പോഴത്തെ യാത്രാ ആവശ്യവും ട്രെയിനുകളുടെ ലഭ്യതയും പരിഗണിച്ച്‌ പുതിയ സമയക്രമം തയ്യാറാക്കും. നിലവിൽ രാജ്യത്തെ 7300 സ്‌റ്റേഷനുകൾക്ക്‌ ട്രെയിൻ സർവീസിന്റെ പ്രയോജനം കിട്ടുന്നുണ്ടെന്നാണ്‌ കണക്ക്‌. സീറോ ബേസ്‌ഡ്‌ ടൈംടേബിൾ വരുന്നതോടെ ഏറ്റവും ലാഭകരമായ 500 സ്‌റ്റേഷനുകളിലേക്കുമാത്രമായി സർവീസ്‌ ചുരുങ്ങും. യാത്രാ ആവശ്യം കൂടുന്നതനുസരിച്ച്‌ ടൈംടേബിളിൽ ആവശ്യമായ നീക്കുപോക്കുകൾ നടത്തുന്നതായിരുന്നു ഇതുവരെയുള്ള രീതി.

സീറോ ബേസ്‌ഡ്‌ ടൈംടേബിൾ തയ്യാറാക്കാനുള്ള പഠനത്തിന്‌ മുംബൈ ഐഐടിയെയാണ്‌ ചുമതലപ്പെടുത്തിയത്‌. അവർ റെയിൽവേ ബോർഡിന്‌ സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങളാകാം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശത്തിന്റെ അടിസ്ഥാനമെന്നാണ്‌ നിഗമനം. എന്നാൽ, റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബോർഡ്‌ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന്‌ റെയിൽവേ അധികൃതർ പറഞ്ഞു. പുതിയ ടൈംടേബിളിൽ പോരായ്‌മകളുണ്ടെങ്കിൽ പരിഹരിക്കും. 

സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിവരങ്ങളുമായി റെയിൽവേക്ക്‌ ബന്ധമില്ല. സന്ദേശത്തെക്കുറിച്ച്‌ പൊതുജനങ്ങളിൽനിന്ന്‌ ധാരാളം അന്വേഷണങ്ങൾ വരുന്നതായും റെയിൽവേ അധികൃതർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top