25 May Saturday

ട്രാക‌്മാൻമാരെ കുരുതികൊടുത്ത‌് റെയിൽവേ

അഞ‌്ജുനാഥ‌്Updated: Friday Aug 3, 2018


കൊച്ചി
പാളങ്ങളുടെ സുരക്ഷാ പരിശോധന നിർവഹിക്കുന്ന ട്രാക‌്മാൻമാരുടെ ജീവന‌് പുല്ലുവില കൽപ്പിച്ച‌് റെയിൽവേ. ട്രെയിൻ അപകടങ്ങളിൽ മരിക്കുന്ന യാത്രക്കാരിലുമധികം ജീവനക്കാർ ജോലിക്കിടെ കൊല്ലപ്പെടുന്നു എന്ന ഉന്നതതല സുരക്ഷാ സമിതി റിപ്പോർട്ട‌് പൂർണമായും അവഗണിച്ചാണ‌് റെയിൽവേ ട്രാക‌്മാൻമാരെ കുരുതികൊടുക്കുന്നത‌്. ഒരു വർഷത്തിനിടെ തിരുവനന്തപുരം ഡിവിഷനിൽ മാത്രം നാലു പേർക്കാണ‌് ജോലിക്കിടെയുണ്ടായ അപകടത്തിൽ ജീവൻ നഷ‌്ടപ്പെട്ടത‌്. ഇതിൽ അവസാനത്തെയാളാണ‌് വ്യാഴാഴ‌്ച പുലർച്ചെ പിറവം റോഡ‌് റെയിൽവേ സ‌്റ്റേഷനു സമീപമുണ്ടായ അപകടത്തിൽ മരിച്ച രാജസ്ഥാൻ സ്വദേശി വിജയ‌്സിങ‌് മീണ.

അനിൽ കകോദ‌്കറുടെ നേതൃത്വത്തിലുള്ള റെയിൽവേ ഉന്നതതല സുരക്ഷാ അവലോകന സമിതി സമർപ്പിച്ച റിപ്പോർട്ട‌് അനുസരിച്ച‌് 2009‐12 കാലയളവിൽ 1600 ജീവനക്കാരാണ‌് ജോലിക്കിടെ മരിച്ചത‌്. ഇതിൽ അറുന്നൂറിലേറെപ്പേരും ട്രാക‌്മാൻമാരാണ‌്.  ട്രെയിൻ അപകടങ്ങളിൽ മരിക്കുന്ന യാത്രക്കാരിലുമധികം ജീവനക്കാർ ജോലിക്കിടെ കൊല്ലപ്പെടുന്നതായി റിപ്പോർട്ട‌് വിശദമാക്കുന്നു.

റെയിൽവേ ബോർഡ‌് എൻജിനിയറിങ‌് വിഭാഗം മുഖ്യ ഉപദേശകൻ ജെ എസ‌് മുൺഡ്രെ 2015 സെപ‌്തംബർ 15ന‌് നടന്ന അന്താരാഷ‌്ട്ര സുരക്ഷാ സെമിനാറിൽ അവതരിപ്പിച്ച റിപ്പോർട്ടിലും ട്രാക‌്മാൻമാർ അങ്ങേയറ്റം അപകടകരമായ അവസ്ഥയിലാണ‌് ജോലി ചെയ്യുന്നതെന്ന‌് വ്യക‌്തമാക്കിയിരുന്നു. വിദേശരാജ്യങ്ങളിൽ ട്രാക്കുകളുടെ പരിശോധന അത്യന്താധുനിക സംവിധാനങ്ങളുടെ സഹായത്താലാണ‌് നടക്കുന്നത‌്. ജീവനക്കാരെ ഇതിൽ നിന്ന‌് പൂർണമായി ഒഴിവാക്കിയിട്ടുണ്ട‌്. ഇതേ രീതി ഇന്ത്യയിലും നടപ്പാക്കണമെന്ന‌് റിപ്പോർട്ടുകളിൽ നിർദേശിച്ചിരുന്നെങ്കിലും റെയിൽവേ ഇത‌് പൂർണമായും അവഗണിച്ചു.

റെയിൽവേ പാലങ്ങളുടെ വശങ്ങളിൽ സുരക്ഷിതമായി നടന്നു പരിശോധിക്കാൻ സൗകര്യമൊരുക്കേണ്ടതാണ‌്. എന്നാൽ മിക്ക പാലങ്ങളിലും ഇതില്ല. പരിശോധനയ‌്ക്കിടെ ട്രെയിൻ വന്നാൽ അപകടം സുനിശ‌്ചിതം.  കുമ്പളം, അരൂർ എന്നിവിടങ്ങളിൽ പരിശോധനയ‌്ക്കിടെ ട്രെയിൻ വന്നതിനെ തുടർന്ന‌് രക്ഷപ്പെടാനായി കായലിൽ ചാടിയ ട്രാക‌്മാൻമാർക്ക‌് ജീവൻ നഷ‌്ടപ്പെട്ടിരുന്നു. ഒരു വർഷത്തിനിടയ‌്ക്കാണ‌് രണ്ട‌് അപകടങ്ങളും. വളരെ പ്രധാനപ്പെട്ട സുരക്ഷാ പരിശോധനാ വിഭാഗത്തിൽ ആവശ്യത്തിന‌് ജീവനക്കാരെ നിയമിക്കുന്നതിൽ റെയിൽവേയുടെ ഗുരുതരമായ അനാസ്ഥ തുടരുകയാണ‌്. പാലക്കാട‌് ഡിവിഷനിൽ 2700 ജീവനക്കാരാണുള്ളത‌്. ഇതിൽ 320 ലേറെ തസ‌്തികകൾ ഒഴിഞ്ഞുകിടക്കുകയാണ‌്. തിരുവനന്തപുരം ഡിവിഷനിൽ  522 ഒഴിവുകളാണ‌് നികത്താനുള്ളത‌്. ഉള്ളവരെക്കൊണ്ട‌് അധികസമയം ജോലി ചെയ്യിപ്പിക്കുകയാണ‌് ജീവനക്കാരുടെ  കുറവ‌് പരിഹരിക്കാൻ റെയിൽവേ കണ്ടെത്തിയ എളുപ്പവഴി. രാത്രി എട്ടു മുതൽ പുലർച്ചെ നാലുവരെയാണ‌് രാത്രി പട്രോളിങ്ങിനു നിയമിക്കുന്ന ട്രാക‌്മാൻമാരുടെ ജോലി. നേരത്തേ ഇത‌് രണ്ടു പേരാണ‌് ചെയ‌്തിരുന്നത‌്. ജീവനക്കാരുടെ കുറവുമൂലം ഇപ്പോൾ ഒരാളെ മാത്രമാണ‌് പലപ്പോഴും നിയമിക്കുന്നത‌്. രാത്രിയിൽ 16 മുതൽ 18 വരെ കിലോമീറ്റർ നടന്നു വേണം പാളങ്ങൾ പരിശോധിക്കാൻ.  

ആധുനിക ഇലക‌്ട്രോണിക‌് സംവിധാനമായ ‘രക്ഷക‌്’ ഉത്തരേന്ത്യയിൽ ട്രാക‌്മാൻമാർക്ക‌് നൽകിത്തുടങ്ങി. ട്രാക‌്മാൻ നിൽക്കുന്നതിന്റെ ഏഴു കിലോമീറ്റർ ചുറ്റളവിൽ ട്രെയിൻ വന്നാലുടൻ മുന്നറിയിപ്പു തരുന്ന സംവിധാനമാണിത‌്. ദക്ഷിണ റെയിൽവേയിൽ ഇതുവരെ രക്ഷക‌് നൽകിയിട്ടില്ല. കനത്ത മഴയും മഞ്ഞുമുള്ള അവസരങ്ങളിൽ ട്രെയിൻ തൊട്ടടുത്ത‌് എത്തിയാൽ പോലും കാണാൻ പ്രയാസമാണെന്ന‌് ട്രാക‌്മാൻമാർ പറയുന്നു. അങ്ങേയറ്റം അപകടകരമായ നിലയിലാണ‌് ജോലി ചെയ്യേണ്ടി വരുന്നത‌്. ദക്ഷിണ റെയിൽവേ എംപ്ലോയീസ‌് യൂണിയൻ (ഡിആർഇയു) ഇക്കാര്യം പലതവണ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും റെയിൽവേ അധികൃതർ അനാസ്ഥ തുടരുകയാണ‌്.

പ്രധാന വാർത്തകൾ
 Top