Deshabhimani

പാലക്കാട്‌–മംഗളൂരു റെയിൽവേ പാത ; 250 വളവ്‌ നിവർത്താൻ 
തുക വകയിരുത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 19, 2024, 12:55 AM | 0 min read


തിരുവനന്തപുരം  
കേരളത്തിൽ പാളത്തിലെ 250 വളവുകൾ നിവർത്താൻ തുക നീക്കിവച്ച്‌ റെയിൽവേ. പാലക്കാട്‌ ഡിവിഷന്‌ കീഴിലെ വളവുകൾ നേരെയാക്കി 130 കിലോമീറ്റർ വേഗം കൈവരിക്കുകയാണ്‌ പദ്ധതി. ഷൊർണൂർ–- കോഴിക്കോട്‌ സെക്ഷനിൽ 81 ഉം കോഴിക്കോട്‌–- കണ്ണൂർ സെക്‌ഷനിൽ 84 ഉം കണ്ണൂർ–- മംഗളൂരു സെക്‌ഷനിൽ 85 ഉം വളവുകൾ നിവർത്താനാണ്‌ ഉദ്ദേശിക്കുന്നത്‌. ഇതിന്‌ യഥാക്രമം 45.97 ലക്ഷം രൂപയും 48.93 ലക്ഷവും 49.51 ലക്ഷവുമാണ്‌ നീക്കിവച്ചത്‌. ആവശ്യമായതിലും കുറഞ്ഞ തുകയാണിത്‌. 2024 –-25 സാമ്പത്തിക വർഷത്തിൽ വകയിരുത്തിയ തുക കഴിഞ്ഞ ദിവസമാണ്‌ ദക്ഷിണറെയിൽവേ പുറത്തുവിട്ടത്‌. അതേസമയം വിവിധ പദ്ധതികൾക്ക്‌ 3011 കോടി കേരളത്തിന്‌ അനുവദിച്ചെന്ന്‌ റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്‌ പറഞ്ഞിരുന്നു.

രണ്ട് വന്ദേഭാരത്‌ എക്‌സ്‌പ്രസ്‌ സർവീസ്‌ നടത്തുന്ന പാതയിൽ വേണ്ടത്ര വേഗമില്ലെന്ന്‌ ആക്ഷേപമുണ്ട്‌. മറ്റ്‌ ട്രെയിനുകൾ ഇവയ്ക്കായി പിടിച്ചിടുന്ന സാഹചര്യവും പ്രതിഷേധത്തിന്‌ വഴിയൊരുക്കുന്നു. രണ്ടുവർഷത്തിനകം കേരളത്തിലെ റെയിൽവേ 130 കിലോമീറ്റർ വേഗം കൈവരിക്കുമെന്നായിരുന്നു നേരത്തെ റെയിൽവേ അറിച്ചിരുന്നത്‌.

തിരുവനന്തപുരം ഡിവിഷന്‌ കീഴിലുള്ള വളവുകൾ നിവർത്താൻ ഇത്തവണ പദ്ധതിയില്ല. കുമ്പളം–-തുറവൂർ (15.59 കിലോമീറ്റർ), തുറവൂർ–-അമ്പലപ്പുഴ (50 കിലോമീറ്റർ), എറണാകുളം–-കുമ്പളം (7.71 കിലോമീറ്റർ), അമ്പലപ്പുഴ–-ഹരിപ്പാട്‌ (18.53 കിലോമീറ്റർ) എന്നീ സെക്‌ഷനുകളുടെ പാത ഇരട്ടിപ്പിക്കൽ പ്രവൃത്തിക്ക്‌ നാമമാത്ര തുകയാണ്‌ മാറ്റിവച്ചത്‌. ഷൊർണൂർ–-വള്ളത്തോൾ നഗർ സെക്‌ഷനിലെ യാർഡ്‌ അറ്റകുറ്റപ്പണികൾക്കും പാതയ്ക്കുമായി ചെറിയ തോതിൽ തുക കണ്ടിട്ടുണ്ട്‌. അങ്കമാലി –-ശബരിപാതയ്ക്ക്‌ 55 ലക്ഷവും തിരുന്നാവായ–-ഗുരുവായൂർ പാതയ്‌ക്ക്‌ നാമമാത്ര തുകയുമാണ്‌ നീക്കിവച്ചത്‌. ഇതിന്‌ രണ്ടിനും അംഗീകാരവും നൽകിയിട്ടില്ല. ഷൊർണൂർ–-എറണാകുളം മൂന്നാംപാതയ്ക്ക്‌ 40 ലക്ഷം രൂപയും വകയിരുത്തി. ഇതിന്റെ സർവേ പുരോഗമിക്കുകയാണ്‌.
 



deshabhimani section

Related News

View More
0 comments
Sort by

Home