13 November Wednesday

കോണ്‍ഗ്രസ് നേതാക്കളുടെ കള്ളപ്പണക്കേസ്; എഐസിസി ഓഫീസ് കാഷ്യറുടെ വീട്ടില്‍ റെയ്‌ഡ്‌

വെബ് ഡെസ്‌ക്‌Updated: Sunday Oct 13, 2019

കൊച്ചി > ഓൾ ഇന്ത്യാ കോൺഗ്രസ്‌ കമ്മിറ്റിയുടെ (എഐസിസി) ഡൽഹി ആസ്ഥാനത്തെ കാഷ്യറുടെ വീട്ടിൽ ആദായനികുതി വകുപ്പിന്റെ റെയ്‌ഡ്‌. മുൻ കേന്ദ്രമന്ത്രി പി ചിദംബരവും കർണാടകത്തിലെ കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറും ഉൾപ്പെട്ട കള്ളപ്പണക്കേസിൽ തെളിവ്‌ ശേഖരിക്കുന്നതിന്റെ ഭാഗമായാണ്‌ പരിശോധനയെന്നാണ്‌ സൂചന. കോൺഗ്രസ്‌ പാർട്ടി ഫണ്ട് പിരിവിൽ കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്‌.

അമ്പതു വർഷത്തിലധികമായി ഡൽഹി എഐസിസി ആസ്ഥാനത്ത് ഓഫീസിൽ കാഷ്യറായിരുന്ന ഉദയംപേരൂർ കുരീക്കാട് തുടിയൻ വീട്ടിൽ മാത്യു വർഗീസിന്റെ വീട്ടിലാണ് ഡൽഹിയിൽ നിന്നുള്ള ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. വെള്ളിയാഴ്ച ഉച്ചയ്‌ക്കാരംഭിച്ച റെയ്ഡ് ശനിയാഴ്‌ച രാത്രിയും തുടരുകയാണ്. ഇന്ദിരാഗാന്ധിയുടെ കാലംമുതൽ എഐസിസി ഓഫീസിൽ കാഷ്യറായിരുന്ന മാത്യു വർഗീസിന്റെ കൈവശം കോൺഗ്രസ് നേതാക്കളുടെ കള്ളപ്പണത്തെക്കുറിച്ച്‌ കൃത്യമായ രേഖകൾ ഉണ്ടായിരിക്കാമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. നിരവധി രേഖകൾ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ചെന്നാണ് സൂചന.

ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ കൂടുതൽ ദേശീയ നേതാക്കൾക്കെതിരെ കള്ളപ്പണവുമായി ബന്ധപ്പെട്ട് കേസുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും സൂചനയുണ്ട്‌. 83 വയസ്സുള്ള മാത്യു വർഗീസ് ഗുരുതര രോഗാവസ്ഥയിൽ വീട്ടിൽ കിടപ്പിലാണ്. കോൺഗ്രസിന്റെ പ്രമുഖ നേതാക്കന്മാരുമായി അടുത്തബന്ധമുള്ള വ്യക്തിയാണ് മാത്യു വർഗീസ്.


പ്രധാന വാർത്തകൾ
 Top