20 January Wednesday

രാഹുലിനെ പിടിക്കുന്നത‌് നാണക്കേടിൽനിന്ന‌് തലയൂരാന്‍; സ്ഥിരീകരണമാകാതെ സ്ഥാനാർഥിത്വം

കെ ശ്രീകണ‌്ഠൻUpdated: Sunday Mar 24, 2019

തിരുവനന്തപുരം> വയനാട‌് മണ്ഡലത്തിലെ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച‌ നിർദേശം കേരളത്തിലെ കോൺഗ്രസ‌് നേതാക്കൾ സജീവമാക്കിയത‌് നിലവിലെ സ്ഥാനാർഥി ടി സിദ്ദിഖിനെതിരായ പരാതി പ്രവാഹം കാരണം. രാഹുൽ വയനാട്ടിൽ മത്സരിക്കുമോയെന്ന‌് എഐസിസി  സ്ഥിരീകരിച്ചിട്ടില്ല. അതിനുമുമ്പ‌്  ചില നേതാക്കൾ നാടകീയമായി പേര‌് ഉയർത്തിവിട്ടതും വയനാട‌് സീറ്റിന‌ുവേണ്ടി നടന്ന ഗ്രൂപ്പ‌് വടംവലി സൃഷ്ടിച്ച നാണക്കേടിൽനിന്ന‌് തലയൂരാൻ. ഭൂമി തട്ടിപ്പ‌് ഉൾപ്പെടെ നിരവധി ആരോപണങ്ങളിൽപ്പെട്ട സിദ്ദിഖിന‌് വയനാട‌് സീറ്റ‌് നേടിക്കൊടുത്തത‌് ഉമ്മൻചാണ്ടിയുടെ കടുംപിടിത്തമാണ‌്.

സ്ഥാനാർഥിനിർണയ ചർച്ചയിൽ എ, ഐ ഗ്രൂപ്പുകൾ വയനാട‌് സീറ്റിന‌ുവേണ്ടി പിടിവലിയാണ‌് നടത്തിയത‌്. സിദ്ദിഖിന്റെ സ്ഥാനാർഥിത്വത്തിനെതിരെ കോഴിക്കോട‌് ഐ ഗ്രൂപ്പ‌് രഹസ്യയോഗം ചേർന്ന‌് പ്രതിഷേധിച്ചു. കോഴിക്കോട‌്, വടകര, വയനാട‌് എന്നിവിടങ്ങളിൽ പ്രചാരണ രംഗത്ത‌്നിന്ന‌് വിട്ടുനിൽക്കാനും തീരുമാനമെടുത്തു. ഇതിനുപുറമെയാണ‌് സിദ്ദിഖിനെതിരെ എഐസിസിക്ക‌് ഇ മെയിൽ പരാതി പ്രവഹിക്കാൻ തുടങ്ങിയത‌്. ഇതോടെ വയനാട‌്, വടകര സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നത‌് കോൺഗ്രസ‌് നീട്ടിവച്ചു.

സിദ്ദിഖിനെതിരായ പരാതിയിൽ കഴമ്പുണ്ടെന്ന‌് കണ്ടതിനെത്തുടർന്ന‌് സ്ഥാനാർഥി മാറുമെന്ന അഭ്യൂഹവും ശക്തമായി. തെരഞ്ഞെടുപ്പ‌് കൺവൻഷനിൽനിന്ന‌് കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രൻ  വിട്ടുനിൽക്കാനും തീരുമാനിച്ചു. സിദ്ദിഖിനെ മാറ്റിയാൽ അത‌് കനത്ത തിരിച്ചടിയാകുമെന്ന‌് ഉമ്മൻചാണ്ടിക്കറിയാം.

അമേഠിയിൽ സ‌്മൃതി ഇറാനിയിൽനിന്ന‌് കനത്ത വെല്ലുവിളി നേരിടുന്ന രാഹുലിനെ വയനാട്ടിലേക്ക‌് ഇറക്കാനുള്ള നീക്കം അങ്ങനെ ശക്തമായി. രാഹുലിനോട‌് വയനാട്ടിൽ മത്സരിക്കാൻ അഭ്യർഥിച്ചതായി ശനിയാഴ‌്ച രാവിലെ ഉമ്മൻചാണ്ടിയാണ‌് ആദ്യം പുറത്തുവിട്ടത‌്. തുടർന്ന‌്, രമേശ‌് ചെന്നിത്തലയും മുല്ലപ്പള്ളിയും പി കെ കുഞ്ഞാലിക്കുട്ടിയും പരസ‌്പരം മത്സരിച്ച‌് ഇതേആവശ്യം മുന്നോട്ടുവച്ചു. പകൽ രണ്ടിന‌് ഔദ്യോഗിക പ്രഖ്യാപനം വരുമെന്ന‌് പറഞ്ഞെങ്കിലും അതുണ്ടായില്ല.

എഐസിസിക്കുമുന്നിൽ നിർദേശം മാത്രം

പാർലമെന്റിൽ രാഹുലിന്റെ സാന്നിധ്യം ഉറപ്പാക്കാൻ അമേഠിക്ക‌് പുറമെ ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തിൽക്കൂടി മത്സരിക്കണമെന്ന‌ നിർദേശം മാത്രമാണ‌് എഐസിസിയുടെ മുമ്പിലുള്ളത‌്. ഇത‌് മനസ്സിലാക്കിയാണ‌് വയനാടിനായി ഇവിടത്തെ നേതാക്കൾ മുന്നോട്ടുവന്നത‌്. രാഹുൽ വയനാട‌് സ്ഥാനാർഥിയായാൽ നിരവധി ചോദ്യങ്ങൾക്ക‌് കോൺഗ്രസ‌് മറുപടി പറയേണ്ടിവരും.

കേരളത്തിൽ വന്ന‌് ഇടതുപക്ഷത്തെ നേരിടുന്നതിലൂടെ കോൺഗ്രസ‌് രാജ്യത്തിന‌് നൽകുന്ന സന്ദേശം എന്ത‌് എന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആരാഞ്ഞത‌് ഈ സാഹചര്യത്തിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നു. ഉമ്മൻചാണ്ടിക്കും രമേശ‌് ചെന്നിത്തലയ‌്ക്കും താൽക്കാലികമായ നിലനിൽപ്പിന‌ുവേണ്ടിയുള്ള സങ്കുചിത നിലപാടാണ‌്. അവരുടെ വൈകാരിക സമീപനത്തെ വിശാലതാൽപ്പര്യം മുൻനിർത്തി കോൺഗ്രസ‌് നേതൃത്വം കണക്കിലെടുക്കുമോയെന്നതും ഉയർന്നുവരുന്നു.

ആത്മവിശ്വാസം നഷ്‌ടമായതിന്റെ തെളിവ‌്


കോൺഗ്രസിന‌് ആത്മവിശ്വാസം നഷ്ടപ്പെട്ടതിന്റെ തെളിവാണ‌് രാഹുലിന്റെ വയനാട്ടിലെ വരവെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ അഭിപ്രായപ്പെട്ടു. രാഹുൽ ഗാന്ധിയെ ഇടതുപക്ഷം ഭയക്കുന്നില്ലെന്ന‌് കോടിയേരിയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കി. ദക്ഷിണേന്ത്യയിൽ മുന്നേറ്റം മുന്നിൽക്കണ്ടാണ‌് രാഹുൽ ഗാന്ധിയുടെ വരവ‌് എന്ന മാധ്യമങ്ങളുടെ വായ‌്ത്താരിയും ചരിത്രത്തെ നിഷേധിക്കുന്നതാണ‌്.
ഉത്തരേന്ത്യയിൽ പരാജയപ്പെട്ടാൽ കോൺഗ്രസിന‌് കരകയറാൻ കഴിയില്ലെന്നതാണ‌് ചരിത്രം.

1977ലും 99ലും ഇതേ പരീക്ഷണം കോൺഗ്രസ‌് നടത്തിയെങ്കിലും അത‌് തിരിച്ചടിയാണ‌് സമ്മാനിച്ചത‌്. 1977ൽ ഇന്ദിര ഗാന്ധി കർണാടകയിൽ ചിക്കമംഗ്ലൂരവിൽനിന്ന‌് വിജയിച്ചു. പക്ഷേ, കോൺഗ്രസ‌് ഭരണത്തിലെത്തിയില്ല. 99ൽ സോണിയ ഗാന്ധി കർണാടകയിലെ ബല്ലാരിയിൽ മൽസരിച്ചു. വാജ‌്പേയി സർക്കാരാണ‌് അധികാരത്തിലെത്തിയത‌്. ഇത‌ു മറച്ചുവച്ചാണ‌് കേരളത്തിലെ ചില സീറ്റുകളിൽ ലക്ഷ്യംവച്ചുള്ള രാഷ്ട്രീയനാടകം കളിക്ക‌് കളമൊരുക്കുന്നത‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top