20 October Tuesday

രാഹുല്‍ ഗാന്ധിയെ അക്രമിച്ചതില്‍ ശക്തമായി പ്രതിഷേധിക്കുന്നതായി എംഎ ബേബി; 'അപലപിക്കാനെങ്കിലും കേരളത്തിലെ കോണ്‍ഗ്രസ് തയ്യാറാവണം'

വെബ് ഡെസ്‌ക്‌Updated: Thursday Oct 1, 2020

കൊച്ചി> പാര്‍ലമെന്റിലെ മുഖ്യപ്രതിപക്ഷ കക്ഷിയുടെ നേതാവും കേരളത്തില്‍ നിന്നുള്ള എം പി യുമായ  രാഹുല്‍ ഗാന്ധിയെ ഉത്തര്‍പ്രദേശ് പൊലീസ് കയ്യേറ്റം ചെയ്തതില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന്  സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ഇന്ത്യയിലെ ഫാഷിസ്റ്റിക് ഭരണകൂടം എത്രമാത്രം ജനാധിപത്യവിരുദ്ധമാണെന്നു കാണിക്കുന്നതാണിത്. ഒരു ദളിത് പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന ഹത്രസ് എന്ന സ്ഥലത്ത്, ആ കുട്ടിയുടെ കുടുംബത്തെ കാണാനും ആശ്വസിപ്പിക്കാനും പോയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഡല്‍ഹി അതിര്‍ത്തിക്കു പുറത്തുതന്നെ യു പി പോലീസ് തടയുകയായിരുന്നു.

 ഉത്തര്‍പ്രദേശില്‍ മേല്‍ജാതി മേധാവിത്വം നടത്തുന്ന നായാട്ടിനെ ചോദ്യം ചെയ്യാന്‍ പോലും ആരെയും അനുവദിക്കില്ല എന്ന നിലപാടാണ് സംഘപരിവാര്‍ ശക്തികള്‍ക്കെന്നും ബേബി വിമര്‍ശിച്ചു.എല്ലാ പ്രതിപക്ഷകക്ഷികളും നരേന്ദ്ര മോഡി - യോഗി സര്‍ക്കാരുകളുടെ ഈ ജനാധിപത്യ ധ്വംസനത്തെ ചോദ്യം ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

എന്നാല്‍ നിര്‍ഭാഗ്യകരമെന്നു പറയട്ടെ, കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം മോഡി- യോഗി അമിതാധികാര വാഴ്ചയ്‌ക്കെതിരെ ഒന്നു ശബ്ദം ഉയര്‍ത്താന്‍ പോലും തയ്യാറാവുന്നില്ല. മറിച്ച്, ഇടതുപക്ഷ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തി അധികാരത്തിലേറാനാവുമോ എന്ന ഏക ഉദ്ദേശത്തോടെ ആര്‍ എസ് എസ് ശക്തികളുമായി ഒത്തുതീര്‍പ്പുണ്ടാക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം. കേരളത്തിന്റെ ജനാധിപത്യ- മതേതരത്വ സ്വഭാവം സംരക്ഷിക്കുന്നതിനായി കോണ്‍ഗ്രസ് ഈ ഇടുങ്ങിയ മനസ്ഥിതി ഉപേക്ഷിച്ച് സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ രംഗത്തിറങ്ങണം.

രാഹുല്‍ ഗാന്ധിക്കെതിരെ യു പിയില്‍ ഉണ്ടായ അക്രമത്തെ അപലപിക്കാനെങ്കിലും കേരളത്തിലെ കോണ്‍ഗ്രസ് തയ്യാറാവുമോ എന്ന് ഞാന്‍ ഉറ്റു നോക്കുന്നു. ഇന്ത്യയിലാകെ സംഘപരിപാരം നടത്തി വരുന്ന അമിതാധികാര വാഴ്ചക്കോ അക്രമങ്ങള്‍ക്കോ എതിരെ മിണ്ടാതിരിക്കുക എന്ന നയമാണ് കേരളത്തിലെ കോണ്‍ഗ്രസ് ഇന്നേവരെ സ്വീകരിച്ചത്. സ്വന്തം രാഷ്ട്രീയത്തെ കയ്യൊഴിയുന്ന ആത്മവഞ്ചനയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്ന് മതേതരവാദികളായ കോണ്‍ഗ്രസുകാര്‍ തിരിച്ചറിയണമെന്നും എംഎ ബേബി പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top