14 November Thursday

രാഹുൽ ഗാന്ധിയുടെ നിലപാട് കോമാളിത്തരം: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Tuesday Apr 9, 2019

കോട്ടയം> കേരളത്തിൽ ഇടതുപക്ഷത്തിനെതിരെ ഒന്നും പറയില്ല എന്ന രാഹുൽ ഗാന്ധിയുടെ നിലപാട്  കോമാളിത്തരമാണെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. അത് അദ്ദേഹത്തിന്റെ  സഹജ സ്വഭാവമാണ‌്. കുമരകത്തും പാമ്പാടിയിലും നടന്ന പൊതുസമ്മേളനങ്ങളിൽ സംസാരിക്കുകയായിരുന്നു കോടിയേരി.
കേരളത്തിൽ ഇടതുപക്ഷത്തിന് അനുകൂലമായ തരംഗം ഉണ്ടെന്ന് മനസിലാക്കിയാണ‌് ബിജെപിയെ പുറത്താക്കണമെങ്കിൽ ഇടതു പക്ഷത്തിന് വോട്ടു ചെയ്യരുതെന്ന എ കെ  ആന്റണിയുടെ പ്രസ‌്താവന.  കർഷകന് 6000 രൂപ നൽകുമെന്ന ബിജെപി പ്രകടനപത്രികയിലെ വാഗ്ദാനം പുതിയ തട്ടിപ്പാണ‌്.

ഇടതു പക്ഷത്തിന് 18 സീറ്റ് കിട്ടിയതുകൊണ്ടാണ് 2004ൽ ബിജെപിയെ പുറത്താക്കാൻ സാധിച്ചത്. കേരളത്തിലെ ഒരു സീറ്റിലും കോൺഗ്രസ് ജയിക്കാതെയും ബിജെപിയെ പുറത്താക്കാൻ കഴിയും എന്നതിന്റെ തെളിവാണത്. അത്തരമൊരു സംസ്ഥാനത്തു വന്ന് ഇങ്ങനെ പറഞ്ഞത് ശരിയാണോ എന്ന് ആലോചിക്കണം. കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായാലേ കേന്ദ്രത്തിൽ സർക്കാർ രുപീകരിക്കാൻ കഴിയൂ എന്നു പറയുന്നത് വസ്തുതകൾക്ക് നിരക്കാത്തതാണ്. കോൺഗ്രസ് ജയിച്ചാലും സർക്കാർ രൂപീകരിക്കാനാകുമെന്ന് എങ്ങനെ വിശ്വസിക്കുമെന്നും അദ്ദേഹം ചോദിച്ചു.

2004ൽ ഒന്നാം യുപിഎ സർക്കാർ രൂപീകരിക്കുമ്പോൾ കോൺസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നില്ല. ബിജെപി ആയിരുന്നു വലിയ കക്ഷി. ഇടതുപക്ഷം നൽകിയ പിന്തുണയിലാണ് അന്ന് മൻമോഹൻ സിങ് പ്രധാനമന്ത്രിയായത്. ഇക്കാര്യം എ കെ ആന്റണി ജനങ്ങളിൽനിന്ന് മറച്ചുവയ്ക്കുകയാണ്. 89 ൽ വി പി സിങ്ങും 1996 ൽ ദേവഗൗഡ പ്രധാനമന്ത്രിയായതും അവിടെ പാർടികൾ ഏറ്റവും വലിയ ഒറ്റകക്ഷി ആയതു കൊണ്ടായിരുന്നില്ല. എന്നാൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ സംസ്ഥാനങ്ങളിൽ ബിജെപിയാണ് സർക്കാർ ഉണ്ടാക്കിയത്. ഗോവയിലും മണിപ്പൂരിലും അരുണാചൽ പ്രദേശിലും ഇതാണ് കണ്ടത്. നിന്ന നില്പിൽ കോൺഗ്രസുകാർ ബിജെപിക്കാരായി മാറുകയാണ്. കോൺഗ്രസ് മുൻ മുഖ്യമന്ത്രിമാരടക്കം ബിജെപിയിൽ ചേർന്നു.  പാർലമെന്റിൽ മോഡിയെ കള്ളനെന്നു വിളിച്ച രാഹുൽഗാന്ധി അതിനു ശേഷം അദ്ദേഹത്തിന് മുത്തം കൊടുത്തത് ലോകം കണ്ടതാണ്. ഇങ്ങനെയുള്ള ഒരാൾക്ക് എന്ത് തരംഗം സൃഷടിക്കാനാകും.

15 ലക്ഷം രൂപ ഓരോരുത്തർക്കം നൽകുമെന്ന് പറഞ്ഞാണ് കഴിഞ്ഞ തവണ ബിജെപി  അധികാരത്തിൽ വന്നത്. ഇപ്പോൾ ഇത് ആറായിരമായി കുറഞ്ഞു. എന്നാൽ എൽഡിഎഫ് സർക്കാർ വർഷം തോറും കർഷകർക്ക് 14, 400 രൂപയാണ് നൽകുന്നത്. പട്ടികജാതി പട്ടികവർഗ ക്ഷേമ പ്രവർത്തനത്തിന്റെ ഏറ്റവും വലിയ നേട്ടമാണ് ആദിവാസി വിഭാഗങ്ങളിൽ നിന്നും സിവിൽ സർവീസ് വിജയിച്ചത്. മുൻ കാലത്ത് നടക്കാത്ത കാര്യങ്ങളടക്കം ചെയ്യുന്നു. അഞ്ചു വർഷത്തെ ബിജെപി ഭരണവും മൂന്നു വർഷത്തെ എൽഡിഎഫ് ഭരണവും മുൻ യുഡിഎഫ് ഭരണവും ജനങ്ങൾ വിലയിരുത്തും. വികസനത്തിന്റെ നേട്ടം സാധാരണക്കാരന് കിട്ടണം. സാമൂഹ്യനീതിയിൽ ആധിഷ്ഠിതമായ സമഗ്രവികസനമാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്. ഇതിനുള്ള അംഗീകാരം കൂടിയായി തെരഞ്ഞെടുപ്പു മാറുമെന്നും അദ്ദേഹം പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top