18 June Tuesday

വയനാട്ടിൽ തട്ടിയുലഞ്ഞ്‌ യുഡിഎഫ‌് ; പ്രചാരണരംഗത്ത‌് മേൽക്കൈ നിലനിർത്തി എൽഡിഎഫ‌്

കെ ശ്രീകണ‌്ഠൻUpdated: Wednesday Mar 27, 2019

തിരുവനന്തപുരം
നാമനിർദേശപത്രികാ സമർപ്പണം തുടങ്ങാൻ ഒരുദിവസംമാത്രം ശേഷിക്കേ ഒറ്റക്കെട്ടായി പ്രചാരണ രംഗത്തിറങ്ങാൻ കഴിയാതെ യുഡിഎഫ‌്. വയനാട‌് സ്ഥാനാർഥിത്വത്തിലെ കുരുക്കും വടകരയിലെ പ്രഖ്യാപനം നീളുന്നതും പി സി ചാക്കോ, കെ വി തോമസ‌് തുടങ്ങിയ മുതിർന്ന നേതാക്കൾ പ്രചാരണത്തിൽനിന്ന‌് വിട്ടുനിൽക്കുന്നതുമാണ‌് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കുന്നത‌്. രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തിൽ നാലുദിവസമായിട്ടും തീരുമാനം വരാത്തത‌് കോൺഗ്രസ‌് നേതാക്കളെ അപഹാസ്യരാക്കി. വടകരയിലെ ഔദ്യോഗിക പ്രഖ്യാപനവും വന്നിട്ടില്ല. എറണാകുളത്ത‌് സീറ്റ‌് നിഷേധിച്ച സിറ്റിങ‌് എംപി കെ വി തോമസ‌്  മുഖം തിരിഞ്ഞുനിൽപ്പാണ‌്. സ്ഥാനാർഥിനിർണയത്തിൽ ഗ്രൂപ്പ‌് വീതംവയ‌്പ്പാണ‌് നടന്നതെന്ന‌് ആരോപിച്ച പി സി ചാക്കോയും കടുത്ത പ്രതിഷേധത്തിലാണ‌്.

അതിനിടെ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചുജയിച്ചാൽ മണ്ഡലം നിലനിർത്തുമോയെന്ന‌് ഉറപ്പുനൽകാനാകില്ലെന്ന‌് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞതും ചർച്ചയായി. അമേഠിയിലും വയനാട്ടിലും ജയിച്ചാൽ ഏത‌ുസീറ്റ‌് രാജിവയ‌്ക്കുമെന്ന‌് രാഹുലാണ‌് തീരുമാനിക്കേണ്ടത‌്–- മുല്ലപ്പള്ളി പറഞ്ഞു. സ്ഥാനാർഥി നിർണയത്തെക്കുറിച്ച‌് പി സി ചാക്കോയുടെ  പരാമർശത്തെപ്പറ്റി പ്രതികരിക്കേണ്ടത‌് എഐസിസി ആണെന്നും മുല്ലപ്പള്ളി തുറന്നടിച്ചു.

സിദ്ദിഖിനെ മാറ്റിയതിനെതിരെ സമ‌സ‌്ത
വയനാട്ടിൽ രാഹുൽ ഗാന്ധിയെ സ്വാഗതംചെയ‌്ത മുസ്ലിംലീഗ‌് നേതൃത്വവും പുലിവാല‌് പിടിച്ച മട്ടിലാണ‌്. ടി സിദ്ദിഖിനെ മാറ്റിയതിനെതിരെ സമ‌സ‌്തയും കോൺഗ്രസ‌് സ്ഥാനാർഥിനിർണയത്തിൽ മുസ്ലിം പ്രാതിനിധ്യം കുറഞ്ഞെന്ന പരാതിയുമായി ഇ കെ സുന്നി വിഭാഗവും  പ്രതിഷേധം ഉയർത്തിയതാണ‌് ലീഗിൽ ആഭ്യന്തര കലഹത്തിന‌് വഴിതെളിച്ചിരിക്കുന്നത‌്. സിദ്ദിഖിനെ മാറ്റിയാൽ മുസ്ലിം വിഭാഗത്തിന‌് സാമുദായികസന്തുലനം വേണമെന്ന‌് ഇകെ സുന്നി വിഭാഗം ആവശ്യമുന്നയിച്ചിട്ടുണ്ട‌്. വയനാട‌് സ്ഥാനാർഥിത്വം സംബന്ധിച്ച‌് ബുധനാഴ‌്ച അനുകൂലതീരുമാനം വന്നാലും ലീഗിലെ ആഭ്യന്തരകലഹം മൂർച്ഛിക്കും.
രാഹുൽ ഗാന്ധി കർണാടകത്തിൽ മൽസരിക്കണമെന്ന ആവശ്യം അവിടത്തെ നേതൃത്വം കടുപ്പിച്ചതോടെ  കോൺഗ്രസ‌് ആശങ്കയിലാണ‌്. വയനാട‌് വേണ്ടെന്ന‌് തീരുമാനിച്ചാൽ ഉമ്മൻചാണ്ടിയും ചെന്നിത്തലയും ഉൾപ്പെടെ അപഹാസ്യരാകും.

മോഡി ഭരണം മിണ്ടാതെ യുഡിഎഫ‌്
പ്രചാരണരംഗത്ത‌് എൽഡിഎഫ‌് വ്യക്തമായ മേൽക്കൈ നിലനിർത്തി മുന്നേറുമ്പോഴും ദേശീയ രാഷ‌്ട്രീയംപോലും ചർച്ചയാക്കാൻ കോൺഗ്രസ‌് കൂട്ടാക്കുന്നില്ല. മോഡി ഭരണം സൃഷ‌്ടിച്ച വിലക്കയറ്റം, തൊഴിലില്ലായ‌്മ, കർഷകരുടെ ആത്മഹത്യ, നോട്ട‌് നിരോധനം തീർത്ത പ്രതിസന്ധി ഇതൊന്നും സംസ്ഥാന കോൺഗ്രസിന‌് തെരഞ്ഞെടുപ്പ‌് വിഷയമേയല്ല. മോഡി ഭരണത്തിലെ ജനവിരുദ്ധതയും വർഗീയതയും രാജ്യരക്ഷ നേരിടുന്ന ഭീഷണിയും ജനങ്ങൾക്ക‌ുമുമ്പിൽ അവതരിപ്പിച്ചാണ‌് എൽഡിഎഫ‌് പ്രചാരണം മുന്നേറുന്നത‌്.

തെരഞ്ഞെടുപ്പ‌് പ്രചാരണത്തിന‌് ആവേശം പകരാൻ ഇടതുപക്ഷ ദേശീയ നേതാക്കളുടെ പ്രചാരണ പരിപാടികൾക്കും അന്തിമരൂപമായിട്ടുണ്ട‌്. സ‌്ക്വാഡ‌് പ്രവർത്തനവും കുടുംബയോഗങ്ങളുമായി തീവ്രമായ പ്രചാരണത്തിലേക്ക‌് എൽഡിഎഫ‌് കടക്കുന്നു.

രാഹുലിന്റെ തീരുമാനം ഇന്ന‌് വന്നേക്കും
എം പ്രശാന്ത‌്
ന്യൂഡൽഹി
കോൺഗ്രസ‌് അധ്യക്ഷൻ രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിൽ എവിടെ മത്സരിക്കുമെന്ന കാര്യത്തിൽ ബുധനാഴ‌്ച തീരുമാനമുണ്ടായേക്കും. രാജസ്ഥാനിൽ പ്രചാരണത്തിരക്കിലായതിനാൽ കോൺഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ‌് സമിതി യോഗമോ നേതൃയോഗമോ ചൊവ്വാഴ‌്ച ചേർന്നില്ല. ബുധനാഴ‌്ച കേന്ദ്ര തെരഞ്ഞെടുപ്പ‌് സമിതിയുണ്ട‌്. അതിനുശേഷം ദക്ഷിണേന്ത്യയിൽ മത്സരിക്കുന്ന സീറ്റിന്റെ കാര്യത്തിൽ പ്രഖ്യാപനമുണ്ടാകുമെന്നാണ‌് സൂചന.  കേരളം, കർണാടകം, തമിഴ‌്നാട‌് സംസ്ഥാനങ്ങളിലെ ഏതെങ്കിലും സുരക്ഷിതമണ്ഡലം തെരഞ്ഞെടുക്കാനാണ‌് രാഹുലിനോട‌് നേതാക്കൾ ആവശ്യപ്പെട്ടിട്ടുള്ളത‌്.

തമിഴ‌്‌നാട്ടിൽ കോൺഗ്രസ‌് മത്സരിക്കുന്ന ഒമ്പത‌് സീറ്റിലും  സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. കർണാടകത്തിൽ 20 സീറ്റിലാണ‌് കോൺഗ്രസ‌് മത്സരിക്കുന്നത‌്. ഇതിൽ ധാർവാഡ‌് ഒഴികെ മറ്റ‌് മണ്ഡലങ്ങളിൽ സ്ഥാനാർഥികളായി. ധാർവാഡ‌് ബിജെപിയുടെ സിറ്റിങ‌് സീറ്റാണ‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top