12 September Thursday

എംപിമാരുടെ മുങ്ങൽ ; വെട്ടിലായി കോൺഗ്രസ്‌ , പ്രവർത്തകർക്കും അമർഷം

വെബ് ഡെസ്‌ക്‌Updated: Monday Mar 27, 2023


തിരുവനന്തപുരം
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ചുള്ള പ്രകടനത്തിൽ പങ്കെടുക്കാനും അറസ്റ്റുവരിക്കാനും തയ്യാറാകാതെ ഒളിച്ചോടിയ എംപിമാരുടെ നടപടിയിൽ വെട്ടിലായി സംസ്ഥാന കോൺഗ്രസ്‌ നേതൃത്വം. എൽഡിഎഫ്‌ എംപിമാർ സമരത്തിനിറങ്ങി അറസ്‌റ്റു വരിച്ചിട്ടും കോൺഗ്രസ്‌ എംപിമാർ വിട്ടുനിന്നതിൽ പ്രവർത്തകരിലും പ്രതിഷേധമുണ്ട്‌. കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനടക്കം എട്ടുപേർ മാത്രമാണ്‌ അറസ്റ്റുവരിച്ചത്‌. ബാക്കിയുള്ളവർ മുങ്ങിയത്‌ പരിശോധിക്കുമെന്ന്‌ പറഞ്ഞ്‌ തടിയൂരാനാണ്‌ സുധാകരനടക്കമുള്ളവരുടെ ശ്രമം.

വിഷയം കോൺഗ്രസ്‌ പാർലമെന്ററി പാർടി യോഗം പരിശോധിക്കുമെന്നാണ്‌ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്‌ സുധാകരൻ മറുപടി പറഞ്ഞത്‌. നടപടിയെക്കുറിച്ച്‌ പിന്നീട്‌ ആലോചിക്കാമെന്ന്‌ സുധാകരൻ പറയുമ്പോൾ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനടക്കമുള്ളവർ നിലപാട്‌ വ്യക്തമാക്കിയിട്ടില്ല.

രാഹുലിനെ അയോഗ്യനാക്കിയതിനെതിരായ സമരത്തിൽനിന്ന്‌ പോലും വിട്ടുനിൽക്കുന്ന എംപിമാരുടെ മനഃസ്ഥിതി പരിശോധിക്കണമെന്നാണ്‌ മുതിർന്ന നേതാക്കളുടെ വാദം. നേതാക്കൾക്ക്‌ ബിജെപിയെ ഭയമാണെന്ന ആരോപണം അരയ്‌ക്കിട്ടുറപ്പിക്കുന്നതാണ്‌ എംപിമാരുടെ നടപടിയെന്നും ഒരുവിഭാഗം കുറ്റപ്പെടുത്തുന്നു.

ശശി തരൂരും എം കെ രാഘവനുമടക്കമുള്ള നേതാക്കൾ  വിട്ടുനിന്നത്‌ ആയുധമാക്കാൻ സുധാകരനും സതീശനുമടക്കമുള്ളവർക്ക്‌ താൽപര്യമുണ്ട്‌. മുസ്ലീംലീഗ്‌ എംപിമാരും എൻ കെ പ്രേമചന്ദ്രനും വിട്ടുനിന്നത്‌ യുഡിഎഫിലും ചർച്ചയായിട്ടുണ്ട്‌.

യോജിച്ച പ്രക്ഷോഭം വേണം: ചെന്നിത്തല
രാജ്യത്ത് ഏകാധിപത്യം അടിച്ചേൽപ്പിക്കാനുള്ള ബിജെപി–- ആർഎസ്എസ് നീക്കത്തിനെതിരെ യോജിച്ച പ്രക്ഷോഭം അനിവാര്യമാണെന്ന് രമേശ് ചെന്നിത്തല എംഎൽഎ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇടത്–വലത് മുന്നണി വ്യത്യാസമില്ലാതെ ജനാധിപത്യ–- മതേതരകക്ഷികൾ ഒന്നിച്ചുനിൽക്കണം. ജനങ്ങളുടെ ആത്മാഭിമാനത്തെ ചോദ്യംചെയ്യുന്ന നടപടിയാണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതെ ന്നും ചെന്നിത്തല പറഞ്ഞു.

സിപിഐ എമ്മിനെ പഴിച്ച്‌ വീണ്ടും സതീശൻ
സിപിഐ എമ്മിനെതിരെ വീണ്ടും പ്രസ്‌താവനയുമായി പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ. മോദി സർക്കാരിനെതിരായി രാഹുൽ ഗാന്ധി ഇന്ത്യയിൽ തരംഗമുണ്ടാക്കിയപ്പോൾ അതിന്റെ പങ്കുപറ്റാനാണ്‌ സിപിഐ എമ്മിന്റെ ശ്രമമെന്ന്‌ സതീശൻ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. തൃപ്പൂണിത്തുറയിൽ പൊലീസ് കസ്റ്റഡിയിലെടുത്തയാൾ കുഴഞ്ഞുവീണ്‌ മരിച്ചത്‌ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top