22 September Sunday

ഭീകരർക്ക്‌ സഹായം; റഹീമുമായി ബന്ധമുള്ളവര്‍ നിരീക്ഷണത്തില്‍

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019

തൃശ്ശൂർ > ശ്രീലങ്ക വഴി തമിഴ്‌നാട്ടിലെത്തിയ ഭീകരർക്ക് സഹായങ്ങൾ ചെയ്തുവെന്ന സൂചനയുടെ അടിസ്ഥാനത്തിൽ കൊടുങ്ങല്ലൂർ സ്വദേശിയെ കസ്റ്റഡിയിലെടുത്തതിനെത്തുടർന്ന് തൃശൂർ ജില്ലയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. കൊടുങ്ങല്ലൂർ മാടവന സ്വദേശി അബ്ദുൾഖാദർ റഹീമിനെയാണ് കൊച്ചിയിൽ പൊലീസ് പിടികൂടിയത്. ഇയാളുമായി ബന്ധമുള്ളവരെ  പൊലീസ് നിരീക്ഷിച്ചുവരികയാണ്.

കഴിഞ്ഞദിവസം ഇയാളുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ഒരാഴ്ചയോളമായി  വീട് നിരീക്ഷണത്തിലായിരുന്നു. ആരോഗ്യപ്രവർത്തകരായും മറ്റു പലവിധ സെൻസസ് എന്ന പേരിലും പൊലീസ് വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു.

റഹിമിന്റെ ഒപ്പമുണ്ടായിരുന്ന സുൽത്താൻബത്തേരി സ്വദേശിനിയെ ശനിയാഴ്‌ച രാവിലെ കസ്‌റ്റഡിയിൽ എടുത്തിരുന്നു. പൊലീസ്‌ പിന്തുടരുന്ന വിവരമറിഞ്ഞ്‌ എറണാകുളം സിജെഎം കോടതിയിൽ കീഴടങ്ങാൻ അഭിഭാഷകനൊപ്പമാണ്‌ റഹിം എത്തിയത്‌. സിജെഎം കോടതിയിൽ സിറ്റിങ്‌ ഇല്ലാതിരുന്നതിനാൽ തൊട്ടടുത്ത ജുഡീഷ്യൽ ഫസ്‌റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേട്ട്‌ കോടതിയിൽ കീഴടങ്ങാൻ ശ്രമിച്ചു. കീഴടങ്ങുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ അഭിഭാഷകൻ കോടതിയെ ധരിപ്പിക്കുന്നതിനിടെ പുറത്തുനിൽക്കുകയായിരുന്ന റഹിമിനെ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു.

രണ്ടുദിവസംമുമ്പാണ്‌ സുൽത്താൻബത്തേരി സ്വദേശിനിക്കൊപ്പം ഇയാൾ കൊച്ചിയിലെത്തിയത്‌. ബഹ്‌റൈനിൽ കാർ വർക്‌ഷോപ്പിൽ ജോലിക്കാരനായിരുന്ന റഹിം, 2018ൽ നാട്ടിലെത്തി ആലുവയിലെ വർക്‌ഷോപ്പിൽ ജോലിക്ക്‌ കയറിയതായി കീഴടങ്ങാനുള്ള അപേക്ഷയിൽ പറയുന്നു. കഴിഞ്ഞ ജൂലൈയിൽ ബഹ്‌റൈനിലെ വർക്‌ഷോപ്‌ ഉടമയായ സ്‌പോൺസറുടെ ആവശ്യപ്രകാരം വിസിറ്റിങ്‌ വിസയിൽ അവിടേക്ക്‌ പോയി. ജോലിയിൽ തിരികെ പ്രവേശിക്കുന്നത്‌ സംബന്ധിച്ച വ്യവസ്ഥ ചർച്ചചെയ്യാനാണ്‌ പോയത്‌. പെൺവാണിഭസംഘത്തിന്റെ വലയിലകപ്പെട്ട മുൻ സഹപ്രവർത്തകയെ ബഹ്‌റൈനിൽ കണ്ടു. ബാർ ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്ന ഇവരെ രക്ഷിക്കാൻ ഇടപെട്ടതിന്റെ വൈരാഗ്യത്തിൽ അവിടെ കേസിൽ കുടുക്കാൻ ശ്രമിച്ചതായും ഇതിന്റെ തുടർച്ചയാണ്‌ തീവ്രവാദബന്ധ ആരോപണമെന്നും അപേക്ഷയിൽ പറഞ്ഞു. ഡിജിപിയുടെ ജാഗ്രതാനിർദേശത്തെത്തുടർന്ന് പൊലീസ് പട്രോളിങ് ശക്തമാക്കി. ജില്ലയിൽ തീരദേശമേഖലകളിലുൾപ്പെടെ, തീവ്രവാദസംഘടനകളുടെ സാന്നിധ്യമുള്ള മേഖലകളിൽ  പ്രത്യേകം നിരീക്ഷണമാരംഭിച്ചു.  തമിഴ്നാട് അതിർത്തി പങ്കിടുന്ന അതിരപ്പിള്ളി, മലക്കപ്പാറ മേഖലകളിലും ജാഗ്രത പുലർത്തുന്നുണ്ട്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top