11 December Wednesday

ബിരുദ സീറ്റുകൾ ; പ്രചരിപ്പിക്കുന്നത്‌ അപൂർണ കണക്ക്‌ : മന്ത്രി ബിന്ദു

സ്വന്തം ലേഖികUpdated: Wednesday Nov 6, 2024


തിരുവനന്തപുരം
സംസ്ഥാനത്ത്‌ ബിരുദസീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നുവെന്ന പ്രചാരണം വസ്തുതാ വിരുദ്ധമെന്ന്‌ മന്ത്രി ആർ ബിന്ദു. നാല്‌ സർവകലാശാലകളിലെ മാത്രം അഫിലിയേറ്റഡ് കോളേജുകളുടെ കണക്ക് കാണിച്ചാണ് തെറ്റിദ്ധാരണജനകമായ വാർത്ത പ്രചരിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. 

സർക്കാർ കോളേജുകളിൽ 90 ശതമാനത്തിനുമുകളിലും എയ്ഡഡ് കോളേജുകളിൽ 80 ശതമാനത്തിന്‌ (എംജി ഒഴികെ) മുകളിലും വിദ്യാർഥികൾ പ്രവേശനം നേടിയിട്ടുണ്ട്‌. കഴിഞ്ഞവർഷങ്ങളിൽ സ്വാശ്രയ മേഖലയിലാണ് ഭൂരിപക്ഷം കോളേജുകളും കോഴ്സുകളും അനുവദിച്ചത്. ആ മേഖലയിലാണ് കൂടുതൽ സീറ്റുകൾ ഒഴിവുള്ളത്‌. കേരള, സിബിഎസ്‌ഇ, ഐസിഎസ്‌ഇ സിലബസുകളുൾപ്പെടെ ഈവർഷം 3,53,195 പേരാണ് പ്ലസ്ടു വിജയിച്ചത്. ഇതിൽ 2,65,927 വിദ്യാർഥികൾ കേരളത്തിലെ വിവിധ സ്ഥാപനങ്ങളിൽ പ്രവേശനംനേടി. കേരള , കേന്ദ്ര സർവകലാശാല, ഐഐടി, ഐസർ, എൻഐടി  എന്നിവയിലെ കണക്കുകൾ ഉൾപ്പെടുത്താതെയാണിത്‌. ഡിഎൽഎഡ്‌, ജനറൽ നഴ്‌സിങ്‌, ഡിപ്ലോമ ഇൻ നഴ്‌സിങ്‌ കോഴ്സുകളിൽ പ്രവേശനനടപടി തുടരുന്നതിനാൽ കണക്കെടുത്തിട്ടില്ല. ആർട്സ് ആൻഡ് സയൻസ്, മെഡിക്കൽ, പാരാ മെഡിക്കൽ, എൻജിനിയറിങ്‌, നിയമം, കൃഷി, ആരോഗ്യം, വെറ്ററിനറി, ഫിഷറീസ് മേഖലകൾ വിദ്യാർഥികൾ തെരഞ്ഞെടുക്കുന്നുണ്ട്. നിരവധിപേർ എൻട്രൻസ് കോച്ചിങിനും പോകുന്നുണ്ട്. ഇതൊന്നും പറയാതെയാണ്‌ വ്യാജപ്രചാരണമെന്ന്‌ മന്ത്രി വ്യക്തമാക്കി.

കേരള, എം ജി, കലിക്കറ്റ്, കണ്ണൂർ, സാങ്കേതിക സർവകലാശാലയിൽ മാത്രം 2,67,565 സീറ്റുണ്ട്. പോളിടെക്‌നിക്‌, നിയമം, വിദൂര വിദ്യാഭ്യാസം, കുസാറ്റ്, മലയാളം, സംസ്‌കൃതം, ന്യുവാൽസ്‌ എന്നിവചേർന്നാൽ  മൂന്നു ലക്ഷത്തോളം സീറ്റുകൾ വേറെയുമുണ്ട്. ഓരോ വർഷവും പുതിയ പ്രോഗ്രാമുകളും കോഴ്സുകളും വഴി സീറ്റിന്റെ എണ്ണവും കൂടുന്നു. കഴിഞ്ഞ വർഷം എംജി സർവകലാശാലയിൽ സീറ്റ് 61,133 ആയിരുന്നത് ഈ വർഷം 64,007 ആയി. കേരളത്തിൽ മൂന്നുലക്ഷം വിദ്യാർഥികളെങ്കിലും പ്ലസ്ടുവിനുശേഷം വിവിധ ബിരുദ കോഴ്സുകളിൽ പ്രവേശനം നേടുന്നുണ്ട്. കെടിയുവിൽ 3,868 വിദ്യാർഥികൾ ഈവർഷം കൂടുതലായെത്തി. കഴിഞ്ഞവർഷം 32,055 ആയിരുന്ന വിദ്യാർഥികളുടെ എണ്ണം ഇക്കുറി 35,923 ആയി.

ആർട്സ് ആൻഡ് സയൻസ് മേഖലയുടെ സമഗ്ര പരിഷ്കരണം സർക്കാർ ആരംഭിച്ചിട്ടുണ്ട്. അടുത്തഘട്ടം കോഴ്സുകളുടെയും പ്രോഗ്രാമുകളുടെയും സമഗ്രപരിഷ്കരണമാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top