18 October Friday

പിഎസ്‌‌സി പരീക്ഷകൾ മലയാളത്തിലെഴുതാൻ അനുവദിക്കണം: പുരോഗമന കലാസാഹിത്യ സംഘം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2019

തിരുവനന്തപുരം >  സർക്കാർ ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കാനുള്ള പരീക്ഷകളിൽ മലയാള ഭാഷാപരിജ്ഞാനം പരിശോധിക്കപ്പെടണമെന്ന് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കേരള അഡ്മിനിസ്ട്രേഷൻ സർവീസിലേക്ക്‌ നടത്തുന്ന പരീക്ഷയിലടക്കം ചോദ്യക്കടലാസുകൾ ഇംഗ്ലീഷിനൊപ്പം മലയാളത്തിലും നൽകണം. കേരളത്തിന്റെ സർക്കാർ സർവീസിൽ മലയാളം അറിയാത്തവർ ആവശ്യമില്ല. ഇക്കാര്യത്തിൽ ആശങ്ക പരിഹരിക്കണമെന്നും പുരോഗമന കലാസാഹിത്യസംഘം പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു.

 ഔദ്യോഗിക ഭാഷ മലയാളമാക്കിയിട്ട് വർഷങ്ങളായി. പക്ഷേ അത് നടപ്പാക്കുന്ന കാര്യത്തിൽ കഴിഞ്ഞ സർക്കാർ അലംഭാവം കാട്ടി. എന്നാൽ ഇപ്പോഴത്തെ ഇടതുപക്ഷ സർക്കാരിന് ഇക്കാര്യത്തിൽ ഉറച്ച നിലപാടും ശരിയായ താൽപ്പര്യവുമുണ്ട്. ഔദ്യോഗികമായ എല്ലാ മേഖലയിലും മലയാളത്തെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമായി നടന്നു വരുന്നു. ഈ സന്ദർഭത്തിൽ സർക്കാരിന്റെ നയത്തിൽ നിന്ന് വ്യത്യസ്തമായി നിൽക്കാൻ പിഎസ്‌സി ശ്രമിക്കരുതെന്ന് പുരോഗമന കലാസാഹിത്യ സംഘം അഭ്യർഥിച്ചു.
 


പ്രധാന വാർത്തകൾ
 Top