28 September Thursday

പുത്തൂർ സഹകരണ ബാങ്ക്; കോൺഗ്രസുകാർ തട്ടിയത്‌ 35 കോടി

പ്രത്യേക ലേഖകൻUpdated: Tuesday Sep 19, 2023
തൃശൂർ > കോൺഗ്രസ്‌ ഭരണകാലത്ത്‌ പുത്തൂർ സർവീസ്‌ സഹകരണ ബാങ്കിൽ  നേതാക്കൾ കൊള്ളയടിച്ചത്‌ 35 കോടിയോളം രൂപ. പണം നിക്ഷേപകരുടെ പരാതിയിൽ  ഭരണസമിതിക്കെതിരെ കേസ്‌ എടുക്കുകയുംചെയ്‌തു. യുഡിഎഫ്‌ ഭരണസമിതിയിലെ പലരും വായ്‌പാ ക്രമക്കേടിലൂടെ  ലക്ഷങ്ങൾ തട്ടിയെടുത്തതായി സഹകരണവകുപ്പ്‌ അന്വേഷണത്തിൽ കണ്ടെത്തി.
 
സഹകരണ ബാങ്കിലെ നിക്ഷേപം ക്രമവിരുദ്ധമായി വിനിയോഗിച്ചതിന്‌ നിരവധി പരാതിയും പൊലീസിൽ  കൊടുത്തിരുന്നു. ഇക്കാര്യങ്ങളൊന്നും  മാധ്യമങ്ങൾ അറിഞ്ഞഭാവം നടിച്ചില്ല. നിക്ഷേപം തിരിച്ചുകിട്ടാതെ വിലപിക്കുന്ന പാവങ്ങളുടെ കണ്ണീര്‌ കാണാനും ലൈവ്‌ വാർത്തയാക്കാനും മാധ്യമങ്ങൾക്ക്‌ മടിയായിരുന്നു. ഒരു ചർച്ചനടത്താൻപോലും  മാധ്യമങ്ങൾ തയ്യാറായില്ല. നിക്ഷേപം തിരിച്ചുകിട്ടാത്ത വിഷമത്തിൽ  പലരും ആത്മഹത്യചെയ്‌തു. സഹകരണ വകുപ്പ്‌ നടത്തിയ അന്വേഷണത്തിൽ ഭരണസമിതി അംഗങ്ങളോട്‌ 3.17 കോടി രൂപ തിരിച്ചടയ്‌ക്കാൻ ഉത്തരവിട്ടിരുന്നു. വകുപ്പ്‌ 65 പ്രകാരം രണ്ടു തവണയാണ്‌ അന്വേഷണം നടത്തിയത്‌. ആദ്യ അന്വേഷണത്തിൽ 2.53 കോടിയും രണ്ടാമത്‌ അന്വേഷണത്തിൽ 64 ലക്ഷവും തിരിച്ചടയ്‌ക്കാനാണ്‌ ഭരണസമിതിയോട്‌ ആവശ്യപ്പെട്ടത്‌.
 
കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റുമാരായ സുരേഷ്‌ കാക്കനാട്‌, നന്ദൻ കുന്നത്ത്‌, ടി കെ ശ്രീനിവാസൻ ഉൾപ്പെടെയുള്ളവർക്കാണ്‌ നോട്ടീസ്‌ നൽകിയത്‌. നന്ദൻ കുന്നത്ത്‌ ഇപ്പോൾ ഒല്ലൂക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗവും ടി കെ ശ്രീനിവാസൻ പുത്തൂർ പഞ്ചായത്ത്‌ അംഗവുമാണ്‌. ഇവരെല്ലാം കോൺഗ്രസ്‌ നേതാക്കളായതിനാൽ ഇവിടേക്ക്‌ മാധ്യമങ്ങൾ എത്തിയില്ല. ഇഡിയുടെ അന്വേഷണവും ഉണ്ടായില്ല. തുടർന്നു വന്ന തെരഞ്ഞെടുപ്പിൽ  കോൺഗ്രസുകാർ ഉൾപ്പെടെയുള്ള  നിക്ഷേപകർ  ഒറ്റക്കെട്ടായി  ഭരണസമിതിക്കെതിരെ നിലപാടെടുത്തു.  അവർ കോൺഗ്രസിനെ തറപറ്റിച്ചു.  എൽഡിഎഫ്‌ വിജയിച്ചു.  അധികാരം ഏറ്റെടുത്ത എൽഡിഎഫ്‌ ഭരണസമിതി നാട്ടുകാരിൽനിന്ന്‌ ചെറുനിക്ഷേപം സ്വീകരിക്കുകയും വഞ്ചിതരായ നിക്ഷേപകർക്ക്‌ പണം തിരിച്ചുനൽകാൻ നടപടിയെടുക്കുയുംചെയ്‌തു. ഇതൊന്നും മാധ്യമങ്ങൾ വാർത്തയാക്കിയില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top