കൊച്ചി> സംഘപരിവാർ സംഘടനകൾ സമൂഹത്തിൽ പരത്തി കൊണ്ടിരിക്കുന്ന അന്യമതവിദ്വേഷ 'വൈറസി'നെ പ്രതിരോധിക്കുന്നതിനു വേണ്ടി വീട്ടുമുറ്റസദസ്സുകൾ നടത്താൻ പുരോഗമന കലാസാഹിത്യസംഘം തീരുമാനിച്ചു. സംഘത്തിന്റെ യൂണിറ്റുകളാണ് സദസ്സുകൾ സംഘടിപ്പിക്കുകയെന്ന് പ്രസിഡൻറ് ഷാജി എൻ കരുൺ, ജനറൽ സെക്രട്ടറി അശോൻെ ചെരുവിൽ എന്നവർ അറിയിച്ചു
സഹസ്രാബ്ദങ്ങൾ പുലർന്നു പോന്നതും സഹിഷ്ണതയിൽ അധിഷ്ടിതവുമായ രാജ്യത്തിന്റെ സാംസ്കാരവും മൂല്യങ്ങളും വൈവിധ്യങ്ങളും സംവാദാത്മകതയും പുതുതലമുറയിലേക്ക് പകരുക എന്നതാണ് സദസ്സുകളുടെ പ്രധാന ഉദ്ദേശ്യം. ദേശീയസമരത്തിലും കേരളീയ നവോത്ഥാനത്തിലും മറ്റു സാമൂഹ്യപോരാട്ടങ്ങളിലും അതിലേറെ നമ്മുടെ ഗ്രാമീണജീവിതത്തിലും അന്തർധാരയായി നിലകൊണ്ട മതനിരപേക്ഷതയെ സദസ്സുകൾ ഉദ്ഘോഷിക്കും.
മതേതരത്വവും സാമൂഹിക ഐക്യവും മുന്നോട്ടു വെക്കുന്ന ഗാനങ്ങൾ, കവിതകൾ, പെയിന്റിംഗുകൾ, ഫോട്ടോകൾ, സിനിമകൾ, ലഘുനാടകങ്ങൾ, കഥകൾ, നോവൽ ഭാഗങ്ങൾ എന്നിവയുടെ അവതരണം ഉണ്ടായിരിക്കും. യൂണിറ്റ് പ്രദേശത്തെ കുട്ടികളുടേയും വീട്ടമ്മമാരുടേയും യുവതീയുവാക്കളുടേയും സാഹിത്യ കലാസൃഷ്ടികളുടെ അവതരണമായിരിക്കും പ്രധാന പരിപാടി.
കേരളീയസമൂഹം ഐക്യപ്പെട്ടു തന്നെ നിൽക്കണം എന്ന് ആഗ്രഹിക്കുന്ന മുഴുവൻപേരും മത രാഷ്ടീയകക്ഷി ഭേദമന്യേ സദസ്സുകളിൽ പങ്കെടുക്കണമെന്നും പ്രസ്‌താവനയിൽ അഭ്യർത്ഥിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..