14 November Thursday

പൊതുമേഖലാ വ്യവസായങ്ങൾ കുതിപ്പിൽ

മിൽജിത‌് രവീന്ദ്രൻUpdated: Wednesday Jun 5, 2019

തിരുവനന്തപുരം> വ്യവസായവകുപ്പിന‌് കീഴിലുള്ള 42 പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റുവരവിൽ 522 കോടിയുടെ വർധന. കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കാണിത‌്. മുൻ വർഷം 2920 കോടി രൂപയായിരുന്നത‌് 3442.74 കോടിരൂപയായി. ഒരു വർഷത്തിനുള്ളിൽ 17.89 ശതമാനം വർധനയാണ‌് രേഖപ്പെടുത്തിയിരിക്കുന്നത‌്. 16 കമ്പനി പ്രവർത്തനലാഭം കരസ്ഥമാക്കി. മൊത്തം ലാഭം 8.2 കോടിയായും ഉയർന്നു.

യുഡിഎഫ‌്  സർക്കാരിന്റെ അവസാനവർഷം പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം 131.60 കോടിരൂപയായിരുന്നു. എൽഡിഎഫ‌്  അധികാരത്തിലെത്തി ഒരുവർഷംകൊണ്ട‌് നഷ്ടം 71 കോടിയായി കുറച്ചു. യുഡിഎഫ‌് കാലത്ത‌് എട്ടു സ്ഥാപനം മാത്രമാണ‌് ലാഭത്തിലുണ്ടായിരുന്നത‌്. എൽഡിഎഫ‌് സർക്കാർ വന്നശേഷം 12 സ്ഥാപനങ്ങൾ ലാഭത്തിലായി. 2018–-19ൽ 16 സ്ഥാപനം പ്രവർത്തനലാഭം നേടി.

കെമിക്കൽ വ്യവസായ സ്ഥാപനങ്ങളാണ‌് 2018–-19ൽ ഏറ്റവും കൂടുതൽ വിറ്റുവരവു നേടിയത‌്. 1595 കോടി. മുൻ വർഷം ഇത‌് 1401.89 കോടിയായിരുന്നു. 13.84 ശതമാനം വർധന. ഇലക്ട്രിക്കൽ സ്ഥാപനങ്ങൾ 43.65 ശതമാനവും സെറാമിക‌് വ്യവസായങ്ങൾ 56.08 ശതമാനവും അധികം വിറ്റുവരവു നേടി.

കേരള മിനറൽസ‌് ആൻഡ‌് മെറ്റൽസ‌് ലിമിറ്റഡ‌് (കെഎംഎംഎൽ) ആണ‌് ഏറ്റവും കൂടുതൽ വിറ്റുവരവുണ്ടാക്കിയത‌്. 829.89 കോടി. മുൻ വർഷം ഇത‌് 722.67 കോടിയായിരുന്നു. ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ‌് 256.25 കോടിയും ട്രാവൻകൂർ ടൈറ്റാനിയം 207.62 ഉം കേര‌ള സ‌്റ്റേറ്റ‌് ഇലക്ട്രോണിക‌്സ‌് ഡെവലപ‌്മെന്റ‌് കോർപറേഷൻ 459.5 ഉം ട്രാൻസ‌്ഫോർമേഴ‌്സ‌് ആൻഡ‌് ഇലക്ട്രിക്കൽസ‌്  202.27 ഉം  ഡ്രഗ‌്സ‌് ആൻഡ‌് ഫാർമസ്യുട്ടിക്കൽസ‌് 48.86 കോടിയും വിറ്റുവരവു നേടി.

സംസ്ഥാന സർക്കാരിന്റെ  പിന്തുണയോടെ വ്യവസായ വകുപ്പ‌് നടപ്പാക്കിയ പദ്ധതികളാണ‌് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഈ കുതിപ്പിന‌് വഴിയൊരുക്കിയത‌്. കഴിഞ്ഞ വർഷമുണ്ടായ പ്രളയം വ്യവസായ സ്ഥാപനങ്ങളെ ഗുരുതരമായി ബാധിച്ചിരുന്നു. പല സ്ഥാപനങ്ങളും ദീർഘനാൾ അടച്ചിട്ടു. അസംസ‌്കൃത വസ്തുക്കളും ഉൽപ്പന്നങ്ങളും നശിച്ചു. പ്രളയത്തെത്തുടർന്നുണ്ടായ സാമ്പത്തിക പ്രശ്നങ്ങളും വ്യവസായമേഖലയെ സാരമായി ബാധിച്ചു. ഇതൊക്കെ അതിജീവിച്ചാണ‌് 2018–-19 സാമ്പത്തികവർഷം വ്യവസായ സ്ഥാപനങ്ങൾ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം കൈവരിച്ചത‌്.


പ്രധാന വാർത്തകൾ
 Top