11 July Saturday

പിഎസ്‌സി നിയമനത്തിൽ റെക്കോഡ്‌

വെബ് ഡെസ്‌ക്‌Updated: Sunday May 24, 2020

തിരുവനന്തപുരം
എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്നശേഷം നാലു‌വർഷത്തിനിടെ പിഎസ്‌സി വഴി നിയമനം നൽകിയത്‌ 1.35 ലക്ഷത്തോളം പേർക്ക്‌. കഴിഞ്ഞ യുഡിഎഫ്‌ സർക്കാർ നിയമനനിരോധനം ഏർപ്പെടുത്തിയിരുന്ന സ്ഥാനത്ത്‌ എൽഡിഎഫ്‌ 20,000ലേറെ പുതിയ തസ്തിക സൃഷ്ടിച്ചു.
നിരവധി മേഖലകളിൽ അവശ വിഭാഗങ്ങൾക്ക്‌ പ്രത്യേക പരിഗണന നൽകി. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ  മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 200 പേർക്കാണ്‌ തീരദേശസേനയിൽ നിയമനം നൽകിയത്‌.

അഗ്നിരക്ഷാസേനയിൽ ആദ്യമായി 100 ഫയർവുമൺ തസ്തിക സൃഷ്ടിച്ചു. പൊലീസിൽ ആദിവാസി വിഭാഗത്തിൽനിന്നുള്ളവർക്ക്‌ മാത്രമായി പ്രത്യേക ബാച്ച്‌ രൂപീകരിക്കാനും പിണറായി സർക്കാർ നടപടിയെടുത്തു.  ഉദ്യോഗാർഥികളുടെ ചിരകാല സ്വപ്‌നമായ കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ സർവീസ്‌ യാഥാർഥ്യമാക്കിയത്‌ ഈ സർക്കാരിന്റെ ചരിത്രനേട്ടമാണ്‌. ഭരണനിർവഹണത്തിന്റെ രണ്ടാംതട്ടിലേക്ക്‌ വാതിൽതുറക്കുന്ന കെഎഎസ്‌ സാധാരണക്കാരായ ഉദ്യോഗാർഥികൾക്ക്‌ സിവിൽ സർവീസിലേക്ക്‌ അവസരമൊരുക്കുന്നു.

ലോക്ക്‌‌ഡൗണിനുശേഷം ശ്രദ്ധേയമായ പരിഷ്‌കാരങ്ങൾക്കാണ്‌ പിഎസ്‌സി ലക്ഷ്യമിടുന്നത്‌. അമ്പതിലേറെ വിജ്ഞാപനങ്ങൾ പുറത്തിറക്കാനുണ്ട്‌. സമാനയോഗ്യതയുള്ള തസ്തികകളിൽ പൊതു സ്‌ക്രീനിങ്‌ ടെസ്‌റ്റ്‌ നടത്തി  തൊഴിലവസരം വർധിപ്പിക്കാൻ സർക്കാർ ശ്രദ്ധപുലർത്തി. ഐടി പാർക്കുകളിൽ ലക്ഷത്തിലേറെ പേർക്കാണ്‌ ജോലി ലഭ്യമാക്കിയത്‌.


പ്രധാന വാർത്തകൾ
 Top