25 June Tuesday

പിഎസ‌്‌‌‌‌സിയേയും ചെയർമാനെയും അപകീർത്തിപെടുത്താനുള്ള ശ്രമം അപലപനീയം

സ്വന്തം ലേഖകൻUpdated: Monday May 13, 2019

തിരുവനന്തപുരം > പിഎസ‌്‌‌സിയേയും ചെയർമാനെയും അപകീർത്തിപെടുത്താനും വ്യക്തിഹത്യനടത്താനുമുള്ള ചില കേന്ദ്രങ്ങളുടെ ശ്രമങ്ങളെ തിങ്കളാഴ‌്‌‌ച ചേർന്ന പിഎസ‌്സി യോഗം അപലപിച്ചു. അടിസ്ഥാന രഹിതമായ ആക്ഷേപങ്ങൾ ഉന്നയിച്ച‌് ചില മാധ്യമങ്ങൾ നടത്തുന്ന പ്രചാരണങ്ങൾ നടത്തുകയാണ‌്.

പി.എസ്.സി ചെയർമാൻമാരുടെ ദേശീയ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് ചെയർമാന്റെ  ഭാര്യയുടെ യാത്രാച്ചെലവ് സർക്കാർ വഹിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചത് തെറ്റിദ്ധാരണാജനകമാണ്. വാർഷിക സമ്മേളനങ്ങളിൽ പങ്കെടുക്കുമ്പോൾ എല്ലാ സംസ്ഥാന പി.എസ്.സികളിലെയും ചെയർമാൻമാരുടെയും ഭാര്യമാർ പ്രത്യേകം ക്ഷണിക്കപ്പെടുന്നതാണ് പതിവ്. ജീവിത പങ്കാളി ഇത്തരത്തിൽ ക്ഷണിക്കപ്പെടുന്നതും വാർഷിക സമ്മേളനങ്ങളിൽ മാത്രമാണ്. കേരള പി.എസ്.സി ചെയർമാന്റെ ഭാര്യ അനുഗമിക്കുമ്പോൾ സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങുന്നതിന് കൃത്യമായ ഉത്തരവ് നിലവിലില്ല. അതിനാവശ്യമായ നടപടിക്കായി പി.എസ്.സിയിൽനിന്ന് കത്തയക്കുകയാണ് മാത്രമാണ‌് ചെയ‌്തത‌് 

അടുത്ത ദേശീയ വാർഷിക സമ്മേളനം കേരളത്തിലാണ‌് നടക്കുന്നത്. അതുകൊണ്ട് തന്നെ ഇക്കൊല്ലത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് ഇത് ബാധകമല്ല. കഴിഞ്ഞവർഷങ്ങളിൽ നടന്ന ദേശീയ സമ്മേളനങ്ങളിൽ കേരള പി.എസ്.സി ചെയർമാന്റെ ഭാര്യ അനുഗമിച്ചത് സ്വന്തം ചെലവിൽ ആണ്.    

യാത്രാബത്ത സംബന്ധമായി പി.എസ്.സിയുടെ സാമ്പത്തിക നടപടിക്രമങ്ങൾ കൂടുതൽ ചിട്ടപ്പെടുത്തുന്നതിന് പൊതുഭരണവകുപ്പിലേക്ക് കത്തയച്ചത് അനധികൃതമായ ആനുകൂല്യങ്ങൾക്കാണെന്ന ധ്വനിയാണ് ചില മാധ്യമ റിപ്പോർട്ടുകളിൽ ഉണ്ടായിരുന്നത്. ഇത് അഴിമതിരഹിതവും സുതാര്യവുമായി പ്രവർത്തിക്കുന്ന ഭരണഘടനാ സ്ഥാപനത്തെ അപമാനിക്കുന്നതിന് തുല്യമാണ്.    

യാത്രാച്ചെലവ് സംബന്ധിച്ച ധനവിനിയോഗം ചിട്ടപ്പെടുത്തുന്നതിന് സർക്കാരുമായി  ആശയവിനിമയം നടത്തുന്നതിനുളള അവകാശം പി.എസ്.സിക്കുണ്ട്. കൂടുതൽ സുതാര്യതയ്ക്കും കാര്യക്ഷമതയ്ക്കും ഇത്തരം ആശയവിനിമയങ്ങൾ ആവശ്യമാണ്.  ചെയർമാൻ പുതിയ ഔദ്യോഗിക  വാഹനം വാങ്ങി എന്ന തെറ്റായ വാർത്ത ഒരു ഓൺലൈൻ മാധ്യമത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ വാർത്ത ചെയർമാനെ അപകീർത്തിപ്പെടുത്തി വ്യക്തിഹത്യ നടത്തുന്നതിനുള്ള ബോധപൂർവമായ ശ്രമമാണ‌്. അഴിമതിരഹിതമായ പ്രവർത്തനശൈലിയാണ് പി.എസ്.സിയുടെ മുഖമുദ്ര. അത് നിലനിർത്തുന്നതിന് വേണ്ടിയുളള നടപടികൾ വളച്ചൊടിക്കപ്പെടുന്നത് ഖേദകരമാണെന്ന‌് പിഎസ‌്സി യോഗം ഏകകണ‌്ഠമായി അംഗീകരിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.


പ്രധാന വാർത്തകൾ
 Top