22 October Tuesday

പിഎസ്‌സി ചോദ്യപേപ്പറുകൾ മലയാളത്തിലാക്കുന്നത്‌ അഭിനന്ദാർഹം: മലയാള ഭാഷാപ്രചാരണ സംഘം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2019

മുംബൈ> കേരളത്തിൽ പി എസ്‌ സി പരീക്ഷകൾക്ക്‌   ഇംഗ്ലീഷിനുപുറമേ മലയാളത്തിലും ചോദ്യക്കടലാസ്സുകൾ തയ്യാറാക്കാനുള്ള തീരുമാനത്തെ  മലയാള ഭാഷാപ്രചാരണ സംഘം, മുംബൈ കേന്ദ്ര നിർവ്വാഹക സമിതി സ്വാഗതം ചെയ്‌തു.

ഏറ്റവും പുതിയ വിഷയങ്ങൾ വരെ മലയാളത്തിൽ ആവിഷ്ക്കരിക്കാനാവശ്യമായ സമ്പ്രദായങ്ങൾ രൂപപ്പെടുത്തുന്നതിന് സർവകലാശാലകളെ ചുമതലപ്പെടുത്താനുമുള്ള തീരുമാനവും  സ്വാഗതാർഹമാണ്. സാങ്കേതികപദങ്ങൾക്കെല്ലാം  സംസ്കൃതഭാഷാവേരുള്ള തർജ്ജമ വേണം എന്ന നിർബന്ധബുദ്ധി ഉപേക്ഷിക്കാൻ വൈജ്ഞാനിക മലയാളിസമൂഹം  തയ്യാറാകണം. മലയാള ഭാഷയുടെ വാക്യഘടനാനിയമങ്ങൾ പാലിച്ച്‌  ഇംഗ്ലീഷുൾപ്പെടെയുള്ള  ഇതരഭാഷകളിൽ നിന്നു സാങ്കേതികപദാവലി സ്വീകരിച്ചാൽ അന്തർദേശീയജ്ഞാനശാഖകളെല്ലാം മലയാളത്തിൽ ആവിഷ്കരിക്കാൻ കഴിയും. 

ഈ കാര്യത്തിൽ മുംബൈയുൾപ്പെടെയുള്ള ഇതര ഇന്ത്യൻ നഗരങ്ങളിലും  വിദേശങ്ങളിലും ജീവിക്കുന്ന  മലയാളികളായ അക്കാദമിക് വിദഗ്ദ്ധർക്കും സഹായിക്കാനാകും. aതിനുള്ള പരിശ്രമങ്ങൾ മലയാളഭാഷാ പ്രചാരണസംഘം  ഏറ്റെടുക്കുമെന്നും സംഘം പ്രസിഡന്റ്‌ റീന സന്തോഷും ജനറൽ സെക്രട്ടറി എം കെ ജീവരാജനും  പ്രസ്‌താവനയിൽ അറിയിച്ചു.

ചോദ്യപേപ്പർ മലയാളത്തിലാക്കുന്നതിനായി സഹനസമരത്തിലൂടെ ഈ വിഷയം ഉയർത്തിക്കൊണ്ടുവന്ന കേരളത്തിലെ മലയാള ഭാഷാപ്രസ്ഥാനത്തേയും സംഘം അഭിനന്ദിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top