27 May Wednesday

പിഎസ്‌സി പരീക്ഷ മലയാളത്തിൽ ; തെളിഞ്ഞത്‌ സർക്കാരിന്റെ ആർജവം

വിജേഷ്‌ ചൂടൽUpdated: Tuesday Sep 17, 2019


പരീക്ഷാചോദ്യം മലയാളത്തിലും  നൽകുന്നതിന്‌ പിഎസ്‌സിയെകൊണ്ട്‌ തീരുമാനമെടുപ്പിക്കാനായത്‌    ഭാഷാനയത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാടിലെ ആർജവം. എല്ലാ പരീക്ഷകളും പൊടുന്നനെ മലയാളത്തിലാക്കുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടാണ്‌ പിഎസ്‌സി  ചൂണ്ടിക്കാട്ടിയത്‌. ഇക്കാര്യങ്ങളടക്കം ചർച്ചചെയ്‌ത മുഖ്യമന്ത്രി പിണറായി വിജയൻ പ്രശ്‌നപരിഹാരത്തിന്‌ വ്യക്തമായ നിർദേശങ്ങൾ നൽകി. പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിച്ചാൽ ഏത്‌ പരീക്ഷയും മലയാളത്തിൽ നടത്താൻ പിഎസ്‌സിക്ക്‌ സന്തോഷമേയുള്ളൂവെന്ന്‌ ചെയർമാൻ അഡ്വ. എം കെ സക്കീർ വ്യക്തമാക്കുകയുംചെയ്‌തു.

പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ആവശ്യം ഉയർത്തി ഐക്യമലയാള പ്രസ്ഥാനം സമരത്തിലേക്ക്‌ നീങ്ങിയപ്പോൾതന്നെ വിഷയത്തിൽ സർക്കാർ ഇടപെട്ടിരുന്നു. അവരുടെ പ്രധാന ആവശ്യം കെഎഎസ്‌ പരീക്ഷ മലയാളത്തിൽ എഴുതാൻ അനുവദിക്കണമെന്നായിരുന്നു. ഡെപ്യൂട്ടി കലക്ടർ തസ്‌തികയിലേക്കുള്ള പരീക്ഷയ്‌ക്കുവരെ ഇംഗ്ലീഷിലാണ്‌ ഉത്തരമെഴുതേണ്ടിയിരുന്നത്‌. ഇതടക്കമുള്ള തസ്‌തികകൾ സംയോജിപ്പിച്ച്‌ നിലവിൽവരുന്ന കെഎഎസിന്റെ അന്തിമപരീക്ഷയ്‌ക്ക്‌ മലയാളത്തിലും ഉത്തരമെഴുതാൻ പിഎസ്‌സി അനുമതി നൽകി. എന്നാൽ, ചോദ്യവും മലയാളത്തിൽ വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന്‌ സംയുക്തസമരസമിതി റിലേ നിരാഹാരം തുടർന്നു. ഈ ഘട്ടത്തിൽ മുഖ്യമന്ത്രി നേരിട്ട്‌ വിഷയത്തിൽ ഇടപെട്ടു. പിഎസ്‌സിയുമായി ഇക്കാര്യം ചർച്ചചെയ്യുമെന്ന്‌ കഴിഞ്ഞ ഏഴിന്‌ ഔദ്യോഗിക ഭാഷാ ഉന്നതതല സമിതി യോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചു.  അതനുസരിച്ച്‌ നടന്ന ചർച്ചയിലാണ്‌ മലയാളത്തിൽ ചോദ്യം ലഭ്യമാക്കാനുള്ള കാര്യത്തിൽ തത്വത്തിൽ ധാരണയായത്‌.

സിലബസ്‌ അനുസരിച്ച്‌ അതത്‌ മേഖലയിലെ വിദഗ്ധർ തയ്യാറാക്കിനൽകുന്ന ചോദ്യങ്ങൾ കവർ പൊട്ടിക്കാതെ നറുക്കിട്ടെടുത്ത്‌ അച്ചടിക്കാൻ അയക്കുന്നതാണ്‌ പിഎസ്‌സിയുടെ രീതി. പരീക്ഷാഹാളിൽ ഇൻവിജിലേറ്റർമാരായ അധ്യാപകരാണ്‌ ഉദ്യോഗാർഥികളുടെ സാന്നിധ്യത്തിൽ ചോദ്യക്കടലാസ്‌ അടങ്ങിയ കവർ പൊട്ടിക്കുക. ബിരുദതലത്തിലുള്ള വിഷയങ്ങൾ സർവകലാശാലയിൽ ഇംഗ്ലീഷിലാണ്‌ പഠിപ്പിക്കുന്നത്‌. പരീക്ഷയും ഇംഗ്ലീഷിലാണ്‌. നിലവിൽ പിഎസ്‌സിക്ക്‌ ചോദ്യങ്ങൾ നൽകുന്ന വിദഗ്‌ധർ ബിരുദനിലവാരത്തിലുള്ള സിലബസിലുള്ള ചോദ്യങ്ങൾ ഇംഗ്ലീഷിലാണ്‌ നൽകുന്നത്‌. ഇത്‌ വിവർത്തനം ചെയ്യാനായി മറ്റൊരാളെ ഏൽപ്പിക്കുന്നത്‌ പരീക്ഷയുടെ രഹസ്യസ്വഭാവം നഷ്ടമാക്കുമെന്ന ആശങ്കയാണ്‌ പിഎസ്‌സി ചൂണ്ടിക്കാട്ടിയത്‌.

കെഎഎസ്‌ ഉൾപ്പെടെയുള്ള സുപ്രധാന പരീക്ഷകൾ ആസന്നമായ സാഹചര്യത്തിൽ തയ്യാറെടുപ്പൊന്നുമില്ലാതെ പൊടുന്നനെ ചോദ്യങ്ങൾ മലയാളീകരിക്കുന്നതിലുള്ള നിസ്സഹായതയും പിഎസ്‌സി പങ്കുവച്ചു.

നേരിട്ട്‌ മലയാളത്തിൽക്കൂടി ചോദ്യങ്ങൾ ലഭ്യമാക്കുന്നതിനെക്കുറിച്ചും സാങ്കേതികവിഷയങ്ങൾക്ക്‌ ഉൾപ്പെടെ മലയാള പരിഭാഷ ഉണ്ടാക്കുന്നതിനെക്കുറിച്ചും മറ്റും ആലോചിക്കേണ്ടതുണ്ട്‌. ഇതടക്കമുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രായോഗിക നിർദേശങ്ങളാണ്‌ മുഖ്യമന്ത്രി നൽകിയത്‌.

മാതൃഭാഷയ്‌ക്കൊപ്പം: മുഖ്യമന്ത്രി
ഏതു ഭാഷ പഠിക്കുന്നതിനും സർക്കാർ എതിരല്ലെന്നും എന്നാൽ മലയാളഭാഷയെ ചവിട്ടിത്താഴ്‌ത്തിക്കൊണ്ടാകരുതെന്ന നിഷ്‌കർഷ  സർക്കാരിനുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വലിയൊരു സാംസ്കാരികചരിത്രം ഉൾക്കൊള്ളുന്ന ഭാഷയാണ് മലയാളം. ആ ഭാഷ മാറ്റിവച്ചുകൊണ്ടാകരുത് ഇതര ഭാഷകളുടെ പഠനമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.  

മലയാള ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിന് ഈ സർക്കാരിന്റെ തുടക്കംമുതൽ നടപടിയെടുത്തിട്ടുണ്ട്. കുട്ടികളുടെ മാതൃഭാഷാപഠനം ഉറപ്പുവരുത്താൻ  മലയാളഭാഷാ പഠന നിയമം പാസാക്കി.  എല്ലാ വകുപ്പുകളിലും സ്ഥാപനങ്ങളിലും ഭരണഭാഷ മലയാളമാണ്. എന്നാൽ,  കേരള സർക്കാർ ഇംഗ്ലീഷിനോ ന്യൂനപക്ഷ ഭാഷകൾക്കോ എതിരല്ല. ഇതര ഭാഷക്കാരുമായുള്ള വിനിമയത്തിലും നിയമപരമായി ഇംഗ്ലീഷ് ഉപയോഗിക്കേണ്ട സാഹചര്യങ്ങളിലും കത്തിടപാടുകൾക്ക് ഇംഗ്ലീഷ് ഉപയോഗിക്കാം.  തമിഴ്, കന്നഡ ന്യൂനപക്ഷഭാഷകൾ ഉപയോഗിക്കേണ്ട സാഹചര്യങ്ങളിൽ അവയും ഉപയോഗിക്കാം. മറ്റു സാഹചര്യങ്ങളിൽ പൂർണമായും മലയാളം ഉപയോഗിച്ചേ മതിയാകൂ –-മുഖ്യമന്ത്രി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top