തിരുവനന്തപുരം > കേരള പിഎസ്സിക്കെതിരെ മുന്‍ ചെയര്മാന് കെ എസ് രാധാകൃഷ്ണന് നടത്തിയ ആക്ഷേപങ്ങള്‍ അസംബന്ധമാണെന്ന് പിഎസ്സി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.പിഎസ്സി പരീക്ഷാ സെന്റര്‍ അനുവദിക്കുന്നത് സംബന്ധിച്ച് അദ്ദേഹം ഉന്നയിച്ച ആക്ഷേപത്തിന് ഒരടിസ്ഥാനവുമില്ല.
അദ്ദേഹം ചെയര്‍മാനായിരുന്ന കാലത്തുള്ള നടപടിക്രമങ്ങള്‍ തന്നെയാണ് ഇപ്പോഴും തുടരുന്നത്. രാധാകൃഷ്ണന്റെ കാലത്ത് എല്ലാ ബറ്റാലിയനിലേക്കുമുളള പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയുടെ തെരഞ്ഞെടുപ്പിലും പരീക്ഷയെഴുതാനുളള ജില്ല, താലൂക്ക് എന്നിവ ഉദ്യോഗാര്‍ഥികള്‍ക്ക് ഓപ്റ്റ് ചെയ്യുന്നതിനുളള സൗകര്യമുണ്ടായിരുന്നു.
2015 ലെ പോലീസ് കോണ്‍സ്റ്റബിള്‍ (കാറ്റഗറി നമ്പര്‍ 12/2015) തെരഞ്ഞെടുപ്പിലും പരീക്ഷയെഴുതുന്നതിന് തിരുവനന്തപുരം ഓപ്റ്റ് ചെയ്തവരും തിരുവനന്തപുരത്ത് പരീക്ഷയെഴുതിയതും ആയിരക്കണക്കിനായിരുന്നു. ഇത് പിഎസ്സി ചെയര്‍മാന്റെയോ അംഗങ്ങളുടെയോ ഉദ്യോഗസ്ഥരുടെയോ അധികാരമുപയോഗിച്ചുളള ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്നതല്ല, കമ്പ്യൂട്ടര്‍ സംവിധാനമാണ് പരീക്ഷാ കേന്ദ്രം അനുവദിച്ചു നല്‍കുന്നത്.
രാധാകൃഷ്ണന്റെ കാലത്തും ഈ നടപടിക്രമം തന്നെയാണ് പിഎസ്സിയില് അനുവര്‍ത്തിച്ചത്. ഈ ക്രമീകരണത്തെ ചട്ടവിരുദ്ധമായിട്ടുളള പരീക്ഷാകേന്ദ്രമാറ്റമായി ചിത്രീകരിക്കുന്ന മുന്‍ ചെയര്‍മാന്റെ പ്രസ്താവന വസ്തുത പരിശോധിക്കാതെയുളളതും പൊതുജനങ്ങളില്‍ അനാവശ്യ സംശയം സൃഷ്ടിക്കുന്നതുമാണ്.
2015 ലും 2018 ലും കേരള പിഎസ് സി ചെയര്മാന്മാര് വ്യത്യസ്ത വ്യക്തികളാണെങ്കിലും കമ്മീഷന് എന്ന സംവിധാനവും അതിന്റെ നടപടി ക്രമങ്ങളും തുടര്‍ച്ചയായ ഒന്നാണെന്നും പിഎസ്സി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.