20 August Tuesday

യൂണി. കോളേജ് സംഭവം: പ്രതികൾ പരീക്ഷ എഴുതിയത് വിവിധ കേന്ദ്രങ്ങളിൽ; ക്രമക്കേട് സാധിക്കില്ലെന്ന് പിഎസ്‌സി ചെയർമാൻ

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2019

തിരുവനന്തപുരം> യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷത്തിലെ പ്രധാന പ്രതികള്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട സംഭവം പിഎസ്‍സി വിജിലന്‍സ്‍ അന്വേഷിക്കുമെന്ന് പിഎസ്‍സി ചെയര്‍മാന്‍ അഡ്വ. എം കെ സക്കീർ. അറസ്റ്റിലായവർ പരീക്ഷ എഴുതിയത് വിവിധ കേന്ദ്രങ്ങളിലാണ്. പിഎസ‌്സി പരീക്ഷയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന തരത്തിൽ നടക്കുന്ന ചർച്ചകൾ തെറ്റാണ്. പ്രതികളായിട്ടുള്ളവർക്കോ മറ്റൊരു അപേക്ഷകർക്കോ പിഎസ‌്സി പരീക്ഷ സംവിധാനത്തിൽ ഇടപെടാൻ സാധിക്കില്ലെന്നും വാർത്ത സമ്മേളനത്തിൽ അഡ്വ. എം കെ സക്കീർ പറഞ്ഞു.

അന്വേഷണ റിപ്പോര്‍ട്ട് വരുന്നത് വരെ മൂന്നുപേര്‍ക്കും അഡ്വൈസ് മെമ്മോ നല്‍കില്ല. പ്രതികൾക്ക് പരീക്ഷാകേന്ദ്രം അനുവദിച്ചതിൽ ക്രമക്കേട് നടന്നിട്ടില്ല. ശിവരഞ്ജിത്ത്‌ എന്നയാളുടെ രജിസ്റ്റർ നമ്പർ 555683ആണ്. അദ്ദേഹം അപേക്ഷിച്ച ജില്ല തിരുവനന്തപുരമാണ്. ആറ്റിങ്ങലിലെ ഗവ. യുപി സ്കൂൾ വഞ്ചിയൂരിലാണ് ഇദ്ദേഹം പരീക്ഷ എഴുതിയത്. ആരോപിക്കപ്പെടുന്ന മറ്റുരണ്ടുപേരും ആ സെന്ററിൽ പരീക്ഷ എഴുതിയിട്ടില്ല. 552871ആണ് രണ്ടാം റാങ്കുകാരനായ പ്രണവ് പി പിയുടെ നമ്പർ. അദ്ദേഹത്തിന്റെ സെന്റർ ശ്രീഗോകുലം പബ്ലിക് സ്കൂളിലാണ്. മൂന്നാമത്തെ വ്യക്തി നസീം 28 റാങ്കുകാരനാണ്. 529103 നമ്പറിൽ പരീക്ഷ എഴുതിയത് ഗവ കോളേജ് ഓഫ് ടീച്ചേർസ് എഡ്യൂക്കേഷൻ തൈക്കാടാണ്.

പിഎസ്‌സിയുടെ വിശ്വാസ്യത ഇതുവരെ നഷ്ടപ്പെട്ടിട്ടില്ല. പരീക്ഷയ്ക്കായി ആരോപിതർ പഠിക്കുന്ന കോളേജിൽ അവർക്കായി പ്രത്യേക സംവിധാനം ഒരുക്കിയെന്ന പ്രചാരണം തെറ്റാണ്. കാസർകോട് നാലാം ബെറ്റാലിയനിൽ തിരുവനന്തപുരംകാർക്കും കൊല്ലംകാർക്കും അടക്കം എല്ലാ ജില്ലക്കാര്‍ക്കും അപേക്ഷിക്കാം. അപേക്ഷിക്കുമ്പോൾ ജില്ലാതല ഓപ്ഷൻസ് കൊടുക്കാൻ എല്ലാ ജില്ലക്കാർക്കും സൗകര്യമുണ്ട്. അതുപ്രകാരം തിരുവനന്തപുരം ജില്ലക്കാർ നാലാം ബെറ്റാലിയനിൽ പരീക്ഷ എഴുതുന്നവരിൽ 2989 പേരാണ്  തിരുവനന്തപുരം ജില്ലയിൽ ഓപ്ഷൻ കൊടുത്തത്. ആരോപിക്കപ്പെട്ട മൂന്നു വ്യക്തികളും അപേക്ഷിച്ചത് തിരുവനന്തപുരം ജില്ലയാണ്. അപേക്ഷിച്ചശേഷം ഒരാൾക്കും അതിനകത്ത് ക്രമക്കേട് നടത്താൻ കഴിയില്ല. ജില്ലയിൽ നാല് സെന്ററുകൾ ഉള്ളത് യൂണിവേഴ്സിറ്റി കോളേജിലാണ്.

സെന്റർ അനുവദിക്കുന്ന കാര്യത്തിലോ മറ്റൊരു കാര്യത്തിലോ തെറ്റായ ഇടപെടൽ നടന്നിട്ടില്ല. അതിനു സാധിക്കുകയുമില്ല. എല്ലാം സെന്ററിലും പരമാവധി ജീവനക്കാർ ഡ്യൂട്ടിക്ക് പോകുന്നുണ്ട്. മൊബൈൽപോലും അകത്ത് അനുവദിക്കുന്നില്ല. അടുത്തിരിക്കുന്നവരുടെ ചോദ്യപേപ്പർ പോലും പലതായിരിക്കുമെന്നും അതുകൊണ്ടുതന്നെ ഒരു ക്രമക്കേടും സാധിക്കില്ലെന്നും പിഎസ്‌സി ചെയർമാൻ അഡ്വ എം കെ സക്കീർ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top